നടന വൈഭവത്തില്‍ രാമായണ കഥ

Saturday 25 July 2015 4:06 pm IST

രായണശീലുകള്‍ നടനവിസ്മയമായി അരങ്ങത്ത്. അധ്യാത്മരാമായണം, വാത്മീകി രാമായണം എന്നിവയെ ഉപജീവിച്ച് രാമായണകാവ്യത്തിലെ പ്രധാന കഥാസന്ദര്‍ഭങ്ങള്‍ കോര്‍ത്തിണക്കി ഭരതാഞ്ജലി പെര്‍ഫോര്‍മിംഗ് ആര്‍ട്‌സ് സെന്ററാണ് സമ്പൂര്‍ണ്ണ രാമായണ നൃത്തസംഗീത നാടകാവിഷ്‌കാരമായി അരങ്ങിലെത്തിക്കുന്നത്. മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി തുടങ്ങിയ നാട്യസമ്പ്രദായങ്ങളിലൂടെയാണ് രാമായണകഥ രംഗത്ത് അനാവൃതമാകുന്നത്. രണ്ടര മണിക്കൂര്‍കൊണ്ട് ഇതിഹാസകാവ്യത്തെ രംഗത്തെത്തിക്കുമ്പോഴുണ്ടാകുന്ന പരിമിതികള്‍ മുഴുവന്‍ അതിജീവിച്ചാണ് ഈ നടനവിസ്മയം കാണികളെ ഹഠാദാകര്‍ഷിക്കുന്നത്. രസഭംഗമില്ലാതെ കണ്ടിരിക്കാനും രാമായണകഥ മനസിലാക്കാനും ഈ ആവിഷ്‌കരണം കാണികള്‍ക്ക് അവസരമൊരുക്കുന്നു. അമ്പതില്‍പ്പരം കലാകാരന്മാരാണ് നൃത്താവിഷ്‌കാരത്തിലുള്ളത്. അവതരണത്തിലെ സൂക്ഷ്മ ശ്രദ്ധ, നടനരീതികളിലെ അനുഭവ പരിചയം, സംഗീത-നൃത്ത-ദൃശ്യരീതികളുടെ സ്വാഭാവികമായ സമന്വയം എന്നിവ കൊണ്ട് ഈ അവതരണം ഏറെ ശ്രദ്ധപിടിച്ചുപറ്റിക്കഴിഞ്ഞു. ഭരതാഞ്ജലി മധുസൂദനനാണ് ഈ കലാശില്പത്തിന്റെ ആവിഷ്‌കരണവും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. കലാമണ്ഡലം പ്രേംകുമാര്‍, കലാമണ്ഡലം വനജ തുടങ്ങിയ കലാകാരന്മാരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. ഹര്‍ഷന്റെ രംഗപടം കഥാസന്ദര്‍ഭങ്ങള്‍ക്കനുയോജ്യമായി ഈ കാവ്യശില്‍പത്തിന്റെ മനോഹാരിത വര്‍ധിപ്പിക്കുന്നുണ്ട്. ആര്‍ട്ടിസ്റ്റ് വിഷ്ണു നമ്പൂതിരിയുടെ ചമയവും ദീപ്‌ന അരവിന്ദിന്റെ സംഗീതവും ഈ നടനശില്പത്തിന്റെ ആകര്‍ഷണീയത കൂട്ടുന്നു. രാമായണമാസക്കാലത്ത് ക്ഷേത്രസങ്കേതങ്ങളിലും അനുബന്ധ പരിപാടികളിലും ഉള്‍ക്കൊള്ളിക്കാവുന്ന കാവ്യശില്‍പമാണിത്. കോഴിക്കോട്ട് രാമായണസ്വാദ്ധ്യായ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന രാമായണമഹോത്സവത്തില്‍ നിറഞ്ഞ സദസില്‍ അരങ്ങേറിയ ഈ കാവ്യശില്പം കാണികളുടെ  പ്രശംസ പിടിച്ചുപറ്റുകയുണ്ടായി. അവതരണത്തിനുശേഷം ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, ഭരതാഞ്ജലി മധുസൂദനന് പുരസ്‌കാരം നല്‍കി ആദരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.