മുഹമ്മ ബോട്ട് ദുരന്തത്തിന് നാളെ പതിമൂന്നാണ്ട്; പ്രഖ്യാപനങ്ങള്‍ ജലരേഖയായി

Saturday 25 July 2015 11:10 pm IST

മുഹമ്മ(ആലപ്പുഴ): കുമരകം-മുഹമ്മ ബോട്ട് ദുരന്തത്തിന് നാളെ 13 വയസ്സ്. ഒരു പിഞ്ചു കുട്ടി ഉള്‍പ്പെടെ 29 പേരുടെ ദാരുണ മരണത്തിനിടയാക്കിയ ദുരന്തം 2002 ജൂലൈ 27ന് രാവിലെ 6.40 ആണ് നടന്നത്. 1982ല്‍ ലേലം ചെയ്ത് വില്‍ക്കാന്‍ വെച്ചിട്ടും ആരും വാങ്ങാതിരുന്ന ജലഗതാഗത വകുപ്പിന്റെ എ-53 എന്ന യാത്രാബോട്ടാണ് നിരപരാധികളുടെ ജീവന്‍ അപഹിച്ചത്. 104 പേര്‍ക്ക് കയറാവുന്ന യാത്രാബോട്ടില്‍ മുന്നൂറിലധികം യാത്രക്കാര്‍ കയറിയിരുന്നു. ശിപായിപ്പണി സ്വപ്‌നം കണ്ട് ബോട്ടില്‍ കയറിയവരുള്‍പ്പെടേയുള്ളവരാണ് കുമരകം ജെട്ടിയിലെത്തുന്നതിന് അല്‍പ്പം മുമ്പ് അപകടത്തല്‍ പൊലിഞ്ഞത്. വെള്ളക്കേടുണ്ടായിരുന്ന എ-53 ബോട്ട് മണല്‍ തിട്ടയിലിടിച്ച് വെള്ളംകയറി ചരിഞ്ഞ് വേമ്പനാട്ട് കായലിന്റെ ആഴങ്ങളിലേയ്ക്ക് താഴുകയായിരുന്നു. ദുരന്തം കശക്കി എറിഞ്ഞവരുടെ വേര്‍പാടിന്റെ ദുഖം 13 വര്‍ഷം കഴിഞ്ഞിട്ടും അവസാനിച്ചിട്ടില്ല. വേമ്പനാട്ട് കായലിലെ ഏറ്റവും ദൈര്‍ഘ്യമേറിയ മുഹമ്മ-കുമരകം ഫെറിയില്‍ കാലാഹരണപ്പെട്ട ബോട്ട് ഓടിക്കാന്‍ താല്‍പ്പര്യം കാണിച്ച ജീവനക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ അധികാരികള്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല.അപകടത്തെ കുറിച്ച് അന്വേഷണം നടത്തിയ ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ കണ്ടെത്തല്‍ പൂര്‍ണമായും സര്‍ക്കാര്‍ അംഗീകരിച്ചില്ല. മരിച്ചവരുടെ ആശ്രിതര്‍ക്ക് 91 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിച്ചെങ്കിലും ഓരോരുത്തര്‍ക്കും 1.5 ലക്ഷം വീതം നല്‍കി സര്‍ക്കാര്‍ കൈകഴുകി. കമ്മീഷന്‍ നിര്‍ദേശിച്ച മുഴുവന്‍ തുകയും നഷ്ടപരിഹാരമായി കിട്ടണമെന്നാവശ്യപ്പെട്ട് മരിച്ചവരുടെ ബന്ധുക്കള്‍ കോടതി കയറിയിറങ്ങിയിട്ടും അനുകൂല വിധി ഉണ്ടായില്ല. ദുരന്തവാര്‍ത്തയറിഞ്ഞ് മന്ത്രിമാര്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തി നിരവധി വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചെങ്കിലും പലതും നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. മുഹമ്മ ജെട്ടിയില്‍ ടിക്കറ്റ് കൗണ്ടര്‍,യാത്രക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവയൊക്കെ ജലരേഖയായി. ദുരന്ത സ്മാരകമായി മുഹമ്മ ജെട്ടിയില്‍ പണികഴിയിപ്പിച്ച കെട്ടിടം ഇപ്പോഴും അനാഥാവസ്ഥയിലാണ്. കോടികള്‍ മുടക്കി നിര്‍മിച്ച ബഹുനില മന്ദിരമുണ്ടായിട്ടും സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസിന്റെ പ്രവര്‍ത്തനം വാടക കെട്ടിടത്തിലാണ് നടക്കുന്നത്. 4000 രൂപ വാടക നല്‍കുന്ന കെട്ടിടമാകട്ടെ ചോര്‍ന്നൊലിക്കുന്ന സ്ഥിതിയിലുമാണ്. 50 ലേറെ ജീവനക്കാര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ടെങ്കിലും അവര്‍ക്ക് പ്രാഥമിക കൃത്യനിര്‍വഹണത്തിനുള്ള സൗകര്യവും അപര്യാപ്തമാണ്. ജലഗതാഗത വകുപ്പിന്റെ പ്രധാന സര്‍വീസായ മുഹമ്മ-കുമരകം ഫെറിയോട് അധികൃതര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.