സഫാരി ആനകളെ രജിസ്റ്റര്‍ ചെയ്യാന്‍ മടിച്ച് വനംവകുപ്പ്

Sunday 26 July 2015 7:52 pm IST

തൊടുപുഴ : സഫാരിയ്ക്കായി ഉപയോഗിക്കുന്ന ആനകളെ രജിസ്റ്റര്‍ ചെയ്യാന്‍ മടിച്ച് കേരള വനംവകുപ്പ് അധികൃതര്‍. ആനകളെ ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവാണ് വനംവകുപ്പ് കാറ്റില്‍ പറത്തുന്നത്. ആനവേട്ടയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണിത്. വന്യജീവി നിയമപ്രകാരം ആനപിടുത്തവും വില്‍പ്പനയും നിരോധിച്ചിട്ടുള്ളിടത്താണ് ഈ വിരോധാഭാസം. ഇടുക്കി ജില്ലയില്‍ അടിമാലി, മൂന്നാര്‍, തേക്കടി എന്നിവിടങ്ങളില്‍ ആന സഫാരിയ്ക്കായി 40ലധികം ആനകളെ ഉപയോഗിക്കുമ്പോഴും ഒന്നിനുപോലും രജിസ്‌ട്രേഷന്‍ ഇല്ല. 6 മാസം മുമ്പ് അടിമാലിയില്‍ ആനയുടെ ആക്രമണത്തില്‍ സഞ്ചാരി കൊല്ലപ്പെട്ടിരുന്നു. കേരളത്തില്‍ എത്തുന്ന പുതിയ ആനകളെക്കുറിച്ച് യാതൊരുവിധ വിവരങ്ങളും സര്‍ക്കാരിനില്ല എന്ന് സംസ്ഥാന മൃഗക്ഷേമ ബോര്‍ഡ് അംഗം എം.എന്‍. ജയചന്ദ്രന്‍ ആരോപിക്കുന്നു. നിയമപ്രകാരം ആഫ്രിക്കപോലുള്ള ഇതരരാജ്യങ്ങളില്‍ ആനക്കൊമ്പുകള്‍ കത്തിച്ചുകളയുമ്പോള്‍ ഭാരതത്തില്‍ ഇത് നടപ്പായിട്ടില്ല. കത്തിച്ചുകളയാന്‍ നിയമ ഉണ്ടെങ്കിലും കേരള സര്‍ക്കാര്‍ ലക്ഷങ്ങള്‍ മുടക്കി കൊമ്പുകള്‍ സൂക്ഷിക്കുകയാണ്.  ഇവ കത്തിച്ചുകളയുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറയുന്നു. നിയമവിരുദ്ധ ആന സഫാരിയെ നിയന്ത്രിക്കാന്‍ തയ്യാറാകാതെ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ഇത് പ്രോത്സാഹിപ്പിക്കുന്ന വനം വകുപ്പ് നിലപാടുകള്‍ അവസാനിപ്പിക്കണമെന്നും ജയചന്ദ്രന്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.