ലയനമെന്ന് ഗൗരിയമ്മ; തെറ്റുതിരുത്തി മടങ്ങി വരവെന്ന് സിപിഎം

Sunday 26 July 2015 8:01 pm IST

ആലപ്പുഴ: ജെഎസ്എസ് സിപിഎമ്മില്‍ ലയിക്കുകയല്ല, മറിച്ച് കെ. ആര്‍. ഗൗരിയമ്മ തെറ്റുതിരുത്തി പാര്‍ട്ടിയിലേക്ക് മടങ്ങുകയാണെന്ന് പാര്‍ട്ടി നേതൃത്വം. തന്റെ നേതൃത്വത്തിലുള്ള ജെഎസ്എസ് സിപിഎമ്മില്‍ ലയിക്കുകയാണെന്ന അവകാശവാദത്തിന് വിരുദ്ധമാണ് സിപിഎം നിലപാട്. ഗൗരിയമ്മയുടെ അവകാശവാദം ശരിവെച്ചാല്‍ അവരെ നേരത്തെ പുറത്താക്കിയ നടപടി തെറ്റാണെന്ന് അംഗീകരിക്കുന്നതാകുമെന്ന അഭിപ്രായം സിപിഎമ്മിനുള്ളില്‍ ശക്തം. ഈ സാഹചര്യത്തിലാണ് ഗൗരിയമ്മ തെറ്റുതിരുത്തി പാര്‍ട്ടിയിലേക്ക് മടങ്ങുകയാണെന്ന് നേതൃത്വം അണികളോട് പറയുന്നത്. ഇത് സംബന്ധിച്ച് സിപിഎമ്മില്‍ ആശയക്കുഴപ്പം നിലവിലുണ്ട്. പാര്‍ട്ടിയിലേയ്ക്ക് ക്ഷണിക്കാന്‍ ഗൗരിയമ്മയുമായി ചര്‍ച്ച നടത്തിയ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തന്നതില്‍ പരാജയപ്പെട്ടെന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്. അതിനാലാണ് ജെഎസ്എസ് സിപിഎമ്മില്‍ ലയിക്കുകയാണെന്ന് പ്രചരിക്കാന്‍ കാരണമെന്നും വിമര്‍ശകര്‍ പറയുന്നു. അഴിമതിക്കാരിയെന്നും തന്‍പ്രമാണിത്വമുണ്ടെന്നും ആരോപിച്ചാണ് ഗൗരിയമ്മയെ ഇരുപത് വര്‍ഷങ്ങള്‍ മുന്‍പ് സിപിഎം പുറത്താക്കിയത്. ഇക്കാര്യങ്ങളെല്ലാം താന്‍ തിരുത്തിയതായോ, തനിക്ക് മുന്‍പ് തെറ്റുകള്‍ സമ്മതിച്ചതായോ ഗൗരിയമ്മ ഇതുവരെ പറഞ്ഞിട്ടില്ല. തോട്ടണ്ടിയുടെ തോട് പൊളിയുമ്പോള്‍, സിപിഎമ്മും ഗൗരിയമ്മയും എന്നിങ്ങനെ രണ്ടു പുസ്തകങ്ങളാണ് ഗൗരിയമ്മയെക്കെതിരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ കാലയളവില്‍ ചിന്ത പബ്ലിഷേഴ്‌സ് പുറത്തിറക്കിയത്. തന്നെ സിപിഎം നേതൃത്വം പലതവണ  വിളിച്ചപ്പോള്‍ ജെഎസ്എസിനെ സിപിഎമ്മില്‍ ലയിപ്പിക്കുക മാത്രമാണുണ്ടായതെന്നാണ് ഗൗരിയമ്മ പറയുന്നത്. ഈ സാഹചര്യത്തില്‍ ആഗസ്റ്റ് 19ന് നടക്കുന്നത് ലയന സമ്മേളനമാണോ, അതോ ഗൗരിയമ്മയെയും കൂട്ടരെയും പാര്‍ട്ടിയില്‍ തിരിച്ചെടുക്കുന്ന സമ്മേളനമാണോ നടത്തുന്നതെന്ന് ഇനിയും വ്യക്തമായിട്ടില്ല. ലയന സമ്മേളനമല്ലെങ്കില്‍ ഗൗരിയമ്മയ്ക്ക് അംഗീകരിക്കാനാകില്ല, മറിച്ചാണെങ്കില്‍ സിപിഎം നേതൃത്വം വെട്ടിലാകും. സിപിഎമ്മിന്റെ ചരിത്രത്തില്‍ ഇതുവരെ മറ്റൊരു പാര്‍ട്ടിയെ ലയിപ്പിച്ചിട്ടില്ല. പാര്‍ട്ടി വിട്ടവര്‍ നിരുപാധികം മടങ്ങിവരിക മാത്രമാണുണ്ടായിട്ടുള്ളത്. നേരത്തെ ഗൗരിയമ്മ പലതവണ ആവശ്യപ്പെട്ടിട്ടും ജെഎസ്എസിനെ എല്‍ഡിഎഫിലെ ഘടക കക്ഷിയാക്കാതിരുന്നതുപോലും പാര്‍ട്ടി അണികള്‍ക്കിടയില്‍ അത് തെറ്റായ സന്ദേശം നല്‍കും എന്നു കണ്ടുകൊണ്ടാണ്. പാര്‍ട്ടി അണികള്‍ക്കിടയില്‍ ഗൗരിയമ്മ തെറ്റുതിരുത്തി മടങ്ങി വരികയാണെന്നാണ് നേതൃത്വം പ്രചരിപ്പിക്കുന്നത്. പ്രായാധിക്യമുളള വിപ്ലവനായികയെ പാര്‍ട്ടി വീണ്ടും കബളിപ്പിക്കുകയാണെന്നതാണ് യാഥാര്‍ത്ഥ്യം. ജെഎസ്എസിലെ വിവിധ ഗ്രൂപ്പുകള്‍ സ്വത്തുതര്‍ക്കവുമായി കോടതിയില്‍ സമീപിച്ച സാഹചര്യത്തില്‍ ഇനി കോടതി കയറിയിറങ്ങേണ്ട ഗതികേടിലാകും ഗൗരിയമ്മ. കാലങ്ങളായി പാര്‍ട്ടി പത്രത്തിലൂടെയും പ്രസംഗങ്ങളിലൂടെയും മറ്റും അവഹേളിച്ച സിപിഎം ഇനി സ്‌നേഹിച്ച് അവരെ കൂടുതല്‍ ദുരിതത്താലാക്കുകയാണെന്നതാണ് വാസ്തവം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.