വിദ്യാഭ്യാസം കഥകളിലൂടെ

Sunday 26 July 2015 8:57 pm IST

കഥയാദിരഭിരാമാദി- രഭിരാമൗ നൃപാത്മജൗ രമയാമാസ ധര്‍മ്മാത്മാ കൗശികോ മുനിപുംഗവ: സുന്ദരന്മാരായ രാജകുമാരന്മാര്‍ക്കു സുന്ദരങ്ങളായ കഥകള്‍ രസകരമാം വിധം വിശ്വാമിത്രന്‍ പറഞ്ഞുകൊടുത്തു എന്നതാണ് വാല്മീകി രാമായണത്തില്‍ നിന്നുള്ള ഈ ശ്‌ളോകത്തിന്റെ അര്‍ത്ഥം. അതിന് വള്ളത്തോളിന്റെ തര്‍ജ്ജമയുണ്ടെങ്കിലും നമുക്കിവിടെ മറ്റൊരു തര്‍ജ്ജമ ഇങ്ങിനെയാകാം. സുന്ദരമാകും കഥകളാലെത്രയും സുന്ദരന്മാരായ രാജകുമാരരെ സുന്ദരമായി പറഞ്ഞുരസിപ്പിച്ചു വന്ദ്യനാം കൗശിക മാമുനീന്ദ്രന്‍ രാമായണം ബാലകാണ്ഡത്തിലെ ഏറ്റവും മിഴിവുള്ള കഥാപാത്രമായി വാല്മീകി അവതരിപ്പിക്കുന്നത് വിശ്വാമിത്രനെയാണ്. എഴുപത്തിയേഴ് സര്‍ഗ്ഗങ്ങളാണ് ബാലകാണ്ഡത്തിലുള്ളത്.അതില്‍ പതിനെട്ടുമുതല്‍ എഴുപത്തിമൂന്നുവരെയുള്ള അമ്പത്തിയാറു സര്‍ഗ്ഗങ്ങളിലും കഥനയിക്കുന്നവനായും, കഥപറയുന്നവനായും,കഥാനായകനായും നിറഞ്ഞുനില്‍ക്കുകയാണ് വിശ്വാമിത്രന്‍.അതിനാല്‍ ബാലകാണ്ഡത്തെ വിശ്വാമിത്രകാണ്ഡമെന്നുവിശേഷിപ്പിച്ചാലും തെറ്റില്ല. എന്നാല്‍ മലയാളികളായ നാം വായിക്കുന്നത് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തില്‍ അങ്ങനെ തോന്നുകയില്ല. കാരണം, ഭക്തിരസത്തിനാണ് അതില്‍ പ്രാധാന്യം നല്‍കപ്പെട്ടിട്ടുള്ളത്. അതുഅന്നത്തെ സമൂഹത്തിനു നല്‍കിയ ഗുണങ്ങള്‍ ഏറെയാണെന്നു സമ്മതിക്കാം. പക്ഷേ അതിലുമധികമാണ് കഥയറിയാതെ പോയതിലൂടെ നമുക്കുണ്ടായ നഷ്ടങ്ങളെന്നു പറയാതെ വയ്യ.അതിന്നാല്‍ വാല്മീകി രാമായണത്തിലേക്കുകൂടി   നമ്മുടെ ശ്രദ്ധതിരിയേണ്ടതുണ്ട്. അയോദ്ധ്യയില്‍നിന്നു രാമലക്ഷ്മണന്മാരെകൂട്ടി യാത്രതുടങ്ങുന്ന വിശ്വാമിത്രന്‍ അവര്‍ക്കു ആദ്യം നല്‍കുന്നമന്ത്രോപദേശമാണ്-ബലയും അതിബലയും. വനമദ്ധ്യത്തില്‍,സരയൂനദിയുടെ തീരത്തുവച്ചു ഏറ്റവുംരഹസ്യമായും പവിത്രമായും അതുനല്‍കുന്നു. -ഒരു മഹാഗുരു ഉത്തമശിഷ്യര്‍ക്കെന്നപോലെ. അടുത്ത ദിവസം രാവിലെ അവരെ അദ്ദേഹം വിളിച്ചുണര്‍ത്തുന്ന കൗസല്യാ സുപ്രജാ രാമ പൂര്‍വ്വാസന്ധ്യാ പ്രവര്‍ത്തതേ ഉത്തിഷ്ഠ നരശാര്‍ദ്ദൂല കര്‍ത്തവ്യം ദൈവമാഹ്നികം. എന്ന ശ്‌ളോകം ഏറെ പ്രസിദ്ധവുമാണ്. അന്ന് അവര്‍ നടന്നുപോയ വനപ്രദേശത്തെപ്പറ്റി രാമന്‍ ചോദിച്ചപ്പോള്‍മുതല്‍ വിശ്വാമിത്രന്‍ കഥകള്‍ പറയാന്‍ തുടങ്ങി. ശിവന്‍ കാമനെ ദഹിപ്പിച്ച കഥയാണ് വിശ്വാമിത്രന്‍ പറയുന്ന ആദ്യത്തെ കഥ. കാരണം, ആസംഭവം നടന്ന സ്ഥലത്തു കൂടിയായിരുന്നു അവരുടെ യാത്ര.കഥയോടൊപ്പം സ്ഥലചരിത്രം നല്‍കുകയാണ് വിശ്വാമിത്രന്‍.അവിടെ ഒരാശ്രമമുണ്ട്. പേര് കാമാശ്രമം. ശിവഭക്തരായ മഹര്‍ഷിമാര്‍ അവിടെ തപസ്സുചെയ്യുന്നുണ്ട്. അവര്‍ക്കൊപ്പമാണ് അന്നു അവരുടെ താമസം. ഇതും വെറുമൊരു കഥയല്ല. യാദൃച്ഛികവുമല്ല. കാമത്തെ ജയിച്ചുകൊണ്ടാവണം ജീവിതത്തില്‍ മുന്നോട്ടുപോകേണ്ടത് എന്ന സൂചന രാമനു നല്‍കുകയല്ലേ, വിശ്വാമിത്രന്‍? അടുത്ത ദിവസം തോണിയില്‍ നദികടക്കവെ പ്രത്യേകമായ ഒരു ശബ്ദം രാമന്‍ ശ്രവിക്കുന്നു. അതേപ്പറ്റി ചോദിച്ചപ്പോള്‍ വിശ്വാമിത്രന്‍ വീണ്ടും കഥ പറയുകയുണ്ടായി. ഹിമാലയത്തിലെ മാനസസരസില്‍ ഉത്ഭവിച്ചു, അയോദ്ധ്യയെ ചുറ്റി വരുന്ന ബ്രഹ്മപുത്രിയായ സരയൂനദി,ശിവപ്രിയയായ ഗംഗയുമായി കൂടിച്ചേരുന്നഭാഗത്തു നിന്നാണ്  ഈ ശബ്ദം കേള്‍ക്കുന്നത്. രണ്ടു സുന്ദരിമാര്‍ കൂട്ടിമുട്ടിയപ്പോഴുണ്ടാവുന്ന  ആഹ്‌ളാദോല്ലാസ കുശലങ്ങളാണ്  കേള്‍ക്കുന്നതെന്ന്! എത്ര ഭാവാത്മകമായ കവിതയാണിത്! എത്രസൂക്ഷ്മമായ  പ്രകൃതി നിരീക്ഷണഭൂമിശാസ്ത്രപാഠം കൂടിയാണ്. വിശ്വാമിത്രന്‍ കുട്ടികള്‍ക്കു നല്‍കുന്നത്. തോണിയില്‍ മറുകരയിലെത്തിയപ്പോള്‍ നിബിഡവനത്തിലെ വൃക്ഷങ്ങള്‍ പലതിന്റേയും പേരുകള്‍  പറഞ്ഞു രാമന്‍ ചോദിക്കുന്നു.  ഈസ്ഥലം ഏതാണെന്ന്.അപ്പോള്‍ വൃത്രാസുരനെ ദേവേന്ദ്രന്‍  വധിച്ച കഥ പറയുന്നു,വിശ്വാമിത്രന്‍.പിന്നെ താടകയുടെ കഥയായി. നാടു കാടായി മാറിയകഥ. താടകയെ വധിച്ചു ഭയമൊഴിഞ്ഞ കാടിനെ നാടിന്റെ സമൃദ്ധിയിലേക്കു നയിക്കണമെന്നാണ് വിശ്വാമിത്രന്‍ രാമനു നല്‍കുന്ന നിര്‍ദ്ദേശം. താടകാവധം കഴിഞ്ഞു,രാമന്റെ കഴിവു പരീക്ഷിച്ചറിഞ്ഞു, വിശ്വാസവും അഭിമാനവും വന്നപ്പോഴാണ് വിശ്വാമിത്രന്‍ ദിവ്യങ്ങളായ അസ്‌ത്രോ പദേശം നല്‍കുന്നത്.  അന്നു അവിടെ താമസിച്ചു.നാലാംദിവസം സിദ്ധാശ്രമത്തില്‍ എത്തുംമുമ്പു വാമനന്റെ കഥയായി.  വാമനന്‍ ലോകങ്ങളെ അളന്ന സ്ഥലത്താണ് താന്‍ യാഗം നടത്തുന്നതെന്നും വിശ്വാമിത്രന്‍ പറഞ്ഞു. ആറു ദിവസമായിരുന്നുയാഗം. അപ്പോള്‍ കഥകളൊന്നുമില്ല. യാഗരക്ഷ കഴിഞ്ഞു.പതിനൊന്നാം ദിവസം മിഥിലയിലേക്കു പുറപ്പെട്ടു. വീണ്ടും കഥകളുടെ പൂരമായി! വിശ്വാമിത്രന്റെ വംശകഥ, ഉമാമഹേശ്വരന്മാരുടേയും സുബ്രഹ്മണ്യന്റേയും കഥ, രാമന്റെ തന്നെ പൂര്‍വ്വികനായ സഗരന്റെ കഥ, ഭഗീരഥന്‍ കൊടുംതപസ്സിലൂടെ ഗംഗയെ കൊണ്ടുവന്ന കഥ. പാലാഴികടഞ്ഞ കഥ,പിന്നെ അഹല്യയുടെ കഥയും. അഹല്യാമോക്ഷംകഴിഞ്ഞു മിഥിലയിലെത്തിയപ്പോള്‍ അവിടുത്തെ പുരോഹിതശ്രേഷ്ഠനായ ശതാനന്ദന്‍ പതിനഞ്ചു സര്‍ഗ്ഗങ്ങളിലായി വിശ്വാമിത്രന്റെ തപസ്സും സാഹസികതകളും നിറഞ്ഞ കഥകള്‍ പറയുന്നുണ്ട്. സൂക്ഷ്മാവലോകനത്തില്‍,രാമലക്ഷ്മണന്മാര്‍ക്കു സ്വഭാവരൂപീകരണത്തിന് ഉതകുന്നതും,ഭാവിജീവിതത്തിനുപ്രയോജനപ്പെടുന്നതുമായ ഉന്നതവിദ്യഭ്യാസം നല്‍കുകയായിരുന്നു വിശ്വാമിത്രന്‍ എന്ന്  ആര്‍ക്കും മനസ്സിലാകുന്നതാണ്. അതുകൊണ്ടു നമ്മളും എന്തുചെയ്യണമെന്നോ? സുന്ദരമാകും കഥകളാലെത്രയും സുന്ദരീസുന്ദരന്മാരാം കിടാങ്ങളെ നമ്മള്‍ പറഞ്ഞു രസിപ്പിക്കഭാവിയില്‍ ധര്‍മ്മരാജ്യത്തിലെ പൗരരാകാന്‍. (തുടരും) 9388414034

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.