പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Monday 27 July 2015 1:07 pm IST

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ കോളജുകളുടെ അംഗീകാരം ലഭിക്കാന്‍ വൈകുന്നതു ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടു നല്കിയ അടിയന്തരപ്രമേയത്തിന് അവതരണാനുമതി ലഭിക്കാത്തതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പി. ശ്രീരാമകൃഷ്ണനാണ് അടിയന്തരപ്രമേയത്തിനുള്ള നോട്ടീസ് നല്കിയത്. സംസ്ഥാനത്തു സ്വകാര്യ മാനേജുമെന്റുകളുമായി സര്‍ക്കാര്‍ ഒത്തുകളിക്കുന്നു. മെറിറ്റ് സീറ്റ് കാത്തു നില്‍ക്കുന്ന വിദ്യാര്‍ഥികളെ സര്‍ക്കാര്‍ പന്താടുകയാണന്നും ശ്രീരാമകൃഷ്ണന്‍ ആരോപിച്ചു. സര്‍ക്കാരുമായി കരാര്‍ ഒപ്പിടാത്ത സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ അംഗീകാരം റദ്ദാക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ മറുപടിയായി പറഞ്ഞു. ക്രിസ്ത്യന്‍ മാനേജ്‌മെന്റിന്റെ കീഴിലുള്ള നാലു കോളജുകളുമായി സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടിട്ടുണ്ട്. മറ്റു ചില കോളജുകള്‍ക്ക് അംഗീകാരം ലഭിക്കാന്‍ വൈകുന്നതാണു കരാര്‍ ഒപ്പിടാന്‍ വൈകുന്നതിനു കാരണമെന്നും മന്ത്രി പറഞ്ഞു. സുപ്രീം കോടതി അനുവദിച്ച സമയപരിധിക്കുള്ളില്‍ നിന്നുകൊണ്ടു പ്രവേശന നടപടികള്‍ പൂര്‍ത്തായാക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് അടിയന്തരപ്രമേയത്തിനുള്ള അവതരണാനുമതി സ്പീക്കര്‍ നിഷേധിക്കുകയാണുണ്ടായത്. ഇതേത്തുടര്‍ന്നു പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.