യാക്കോബായ സഭയുടെ പള്ളികളും ഇടവകാംഗങ്ങളും മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അവിഭാജ്യഘടകം: കോടതി

Monday 27 July 2015 10:27 pm IST

കൊച്ചി: യാക്കോബായ സഭയുടെ 2002 ലെ ഭരണഘടനക്കും അസോസിയേഷനും നിയമസാധുതയില്ലെന്നും, സഭയുടെ 1000 പള്ളികളും ഇടവകാംഗങ്ങളും 1934 ലെ ഭരണഘടന പ്രകാരം മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അവിഭാജ്യഘടകമാണെന്നും പെരുമ്പാവൂര്‍ സബ്ബ് കോടതി വിധി. 2002 ലെ ഭരണഘടന പ്രകാരം നിലവില്‍ വന്ന യാക്കോബായ സഭ ജനാധിപത്യപരമായി തെരഞ്ഞെടുപ്പ് നടത്താറില്ലെന്നും ബജറ്റോ കണക്കോ തയാറാക്കാറില്ലെന്നും കാണിച്ച് അല്‍മായ ഫോറം  വര്‍ക്കിംഗ് പ്രസിഡണ്ട് പോള്‍ വര്‍ഗീസ് സമര്‍പ്പിച്ച കേസിലാണ് സബ്ബ് കോടതി ജഡ്ജി സി.കെ ബൈജുവിന്റെ  വിധി. യാക്കോബായ സഭ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ, അല്‍മായ ട്രസ്റ്റി തമ്പു ജോര്‍ജ്ജ് തുകലന്‍, സഭാ സെക്രട്ടറി ജോര്‍ജ്ജ് മാത്യു തെക്കേത്തലക്കല്‍ എന്നിവരെ സഭാ പൊതുഭരണത്തില്‍ നിന്ന് നീക്കുന്നതിന് ഇവരെ എതിര്‍കക്ഷികളാക്കി 2002 മുതലുള്ള വരവ് ചെലവ് കണക്കുകള്‍ ഹാജരാക്കുന്നതിനും ഭാരവാഹി തെരഞ്ഞെടുപ്പ് നടത്തിക്കിട്ടുന്നതിനും നല്‍കിയ ഹര്‍ജിയിലാണ് ഈ വിധി. വാദി ഉന്നയിച്ച കാര്യങ്ങള്‍ ശരിയാണെന്ന് കണ്ടെത്തിയ കോടതി എതിര്‍കക്ഷികളുടെ വാദങ്ങള്‍ തള്ളി. 2002 ലെ ഭരണഘടന പ്രകാരമാണ് യാക്കോബായ സഭ ഭരിക്കപ്പെടുന്നതെന്ന് ഇരുകക്ഷികളും വാദിച്ചെങ്കിലും ഹാജരാക്കിയിട്ടുള്ള തെളിവുകള്‍ പ്രകാരം സഭക്ക് കീഴിലുള്ള ഇടവക പള്ളികള്‍ മുഴുവന്‍ 1934 ലെ ഭരണഘടനപ്രകാരം ഭരിക്കപ്പെടുന്ന മലങ്കരസഭയുടെ ഭാഗമാണെന്ന് വിധിയില്‍ പറയുന്നു. സഭാ കേസില്‍ 1995 ല്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിപ്രകാരം  2002 ലെ ഭരണഘടനക്ക് നിയമസാധുതയില്ലെന്ന് വിധിയില്‍ പറയുന്നു. മണ്ണത്തൂര്‍ സെന്റ് ജോര്‍ജ് യാക്കോബായ പള്ളി കേസില്‍ ഇടവക പള്ളികള്‍ മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയുടെ ഭാഗമാണെന്ന ഹൈക്കോടതി വിധിയും സബ്ബ് കോടതി പരാമര്‍ശിച്ചു. 2002 ലെ ഭരണഘടന പ്രകാരം കേസിലെ ആവശ്യങ്ങള്‍ അനുവദിച്ചാല്‍ മേല്‍ക്കോടതി വിധികളുടെ ലംഘനമാണ് ഉണ്ടാവുകയെന്നും കോടതി വിലയിരുത്തി. ഭരണഘടനക്ക് നിയമസാധുത ഉണ്ടെന്ന് സ്ഥാപിക്കാന്‍ യാക്കോബായ സഭക്ക് കഴിയാത്ത സാഹചര്യത്തില്‍ സഭാതര്‍ക്കം രൂക്ഷമായേക്കും. ഔദ്യോഗിക അംഗീകാരമില്ലാത്ത സഭക്ക് സഭാതര്‍ക്കത്തില്‍ പങ്ക് കൊള്ളാന്‍ അവകാശമില്ലെന്നാണ് വിധി ചൂണ്ടിക്കാണിക്കുന്നത്. 2002 ലെ ഭരണഘടനക്ക് നിയമസാധുതയില്ലെന്ന വസ്തുത ഇപ്പോള്‍ നേതൃത്വത്തിലുള്ളവര്‍ക്ക് സ്വത്ത് തിരിമറിചെയ്യാനും, തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കാനും സ്വാതന്ത്ര്യം നല്‍കുമെന്നും ഇത് ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് ഇടനല്‍കുമെന്നും അതുകൊണ്ട് നിയമസാധുത നേടിയെടുക്കാന്‍ ശ്രമിക്കുമെന്നും അല്‍മായ ഫോറം രക്ഷാധികാരി തുകലന്‍ മാത്തച്ചന്‍, വര്‍ക്കിംഗ് പ്രസിഡണ്ട് പോള്‍ വര്‍ഗീസ്, ലീഗല്‍ അഡൈ്വസര്‍ സാബു തൊഴുപ്പാടന്‍, മലബാര്‍ മേഖല പ്രസിഡണ്ട് എ.ബി ചെറിയാന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.