കണക്കില്‍ കുരുന്നുകള്‍ വിസ്മയമായി

Monday 27 July 2015 10:29 pm IST

കൊച്ചി: കമ്പ്യൂട്ടറും കാല്‍ക്കുലേറ്ററും നിഷ്പ്രഭമായി. കുരുന്നുകളുടെ മനക്കണക്കിനു മുന്നില്‍ അവ തോറ്റു തുന്നംപാടി. കാല്‍ക്കുലേറ്ററിന്റെ പ്രാചീന രൂപമായ അബാക്കസിലൂടെ വിരലുകളോടിച്ച് കുഞ്ഞുങ്ങള്‍ കൂട്ടലും കിഴിക്കലും ഗുണിക്കലും നടത്തി. സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഫലം കണ്ടെത്തി. ബ്രെയ്ന്‍ ഒ ബ്രെയ്ന്‍ കിഡ്‌സ് അക്കാദമി സംഘടിപ്പിച്ച 54-ാമത് സംസ്ഥാനതല അബാക്കസ് ഫെസ്റ്റിവലിലാണ് അഞ്ച് വയസുമുതലുള്ള കുഞ്ഞുങ്ങള്‍ വിസ്മയം തീര്‍ത്തത്. യുഎഇയില്‍ നിന്നുള്‍പ്പെടെ 1000 കുട്ടികള്‍ മാറ്റുരച്ച മത്സരങ്ങള്‍ ബ്രെയ്ന്‍ ഒ ബ്രെയ്ന്‍ എംഡി ആനന്ദ് സുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്തു. മാനേജര്‍ വി.എല്‍.സാജന്‍, ബിസിനസ് മാനേജര്‍ ജയപ്രതാപ്, റീജിയണല്‍ കോ-ഓര്‍ഡിനേറ്റര്‍ സിജി സന്തോഷ് എന്നിവര്‍ ആശംസപ്രസംഗങ്ങള്‍ നടത്തി. കുട്ടികളുടെ ഏകാഗ്രത, ആത്മവിശ്വാസം, ബുദ്ധിശക്തി, വേഗത, കൃത്യത, അച്ചടക്കം എന്നിവയാണ് മത്സരങ്ങളില്‍ പ്രധാനമായും വിലയിരുത്തിയത്. മൂന്ന് മിനിറ്റുകള്‍ക്കുള്ളില്‍ എഴുപത്തിയഞ്ച് കണക്കുകള്‍ കൂട്ടിയും കിഴിച്ചും ഗുണിച്ചുമാണ് കുട്ടികള്‍ മത്സരശേഷി പ്രകടിപ്പിച്ചത്. ഒന്നും രണ്ടും വിഭാഗങ്ങളില്‍ അബാക്കസ് ഉപയോഗിച്ചാണ് അവര്‍ കണക്കുകള്‍ ചെയ്തത്. മറ്റുവിഭാഗങ്ങളില്‍ മനസിലും. വിവിധ സെന്ററുകളില്‍ നിന്നുള്ള ഇരുപത് കുട്ടികള്‍ നടത്തിയ ലൈവ് ഡെമോ പ്രേക്ഷകരെ വിസ്മയിപ്പിച്ചു. ഷാര്‍ജയില്‍ നിന്നെത്തിയ റാഥിബ സുല്‍ത്താന എന്ന പെണ്‍കുട്ടിയുടെ മള്‍ട്ടി ടാസ്‌കിംഗ് പാടവം ശ്രദ്ധേയമായി. അഞ്ച് അദ്ധ്യാപകര്‍ ഒരേ സമയം പറഞ്ഞുകൊടുത്ത കണക്കുകള്‍ക്ക് പാട്ടുപാടിക്കൊണ്ടാണ് സുല്‍ത്താന കൃത്യമായ ഉത്തരം നല്‍കിയത്. അദ്ധ്യാപകര്‍ പറഞ്ഞുകൊടുത്ത ഇംഗ്ലീഷ് അക്ഷരമാലയിലെ അക്ഷരങ്ങള്‍ക്ക് തത്തുല്യമായ അക്കങ്ങള്‍ കണ്ടെത്തി കൃത്യമായ ഫലം പറഞ്ഞവരും മത്സരാര്‍ത്ഥികളില്‍ ഉണ്ടായിരുന്നു. ചേര്‍ത്തല സെന്ററിലെ മിലന്‍ സ്‌കറിയ മള്‍ട്ടി ടാസ്‌കിംഗ് ഡെമോയില്‍ ഫുട്‌ബോള്‍ ട്രിബിളിംഗിലൂടെയാണ് ഇരട്ട അക്കത്തില്‍ മികവ് തെളിയിച്ചത്. നന്ദന ജി.നായര്‍, ഗോപീകൃഷ്ണ, മാധവ്, ജയകൃഷ്ണന്‍, ബാലനാരായണന്‍ (ചേര്‍ത്തല സെന്റര്‍), പി.അര്‍ജുന്‍ (ശാസ്താംകോട്ട), ശിവഗംഗ, നയന (തലയോലപ്പറമ്പ്), സ്‌നേഹ സുനില്‍, ആര്‍.എസ്.അഭിഷേക്, ദേവിക, ഐഷ, മറിയ (കരുനാഗപ്പിള്ളി സെന്റര്‍) എന്നിവരും മള്‍ട്ടി ടാസ്‌കിംഗില്‍ മികവ് തെളിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.