സ്വാശ്രയ എംബിബിഎസ്: ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക് സര്‍ക്കാരിന്റെ സൗജന്യം

Monday 27 July 2015 11:49 pm IST

കോഴിക്കോട്: സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ എംബിബിഎസ് പ്രവേശനത്തിന് സര്‍ക്കാരിന് ഇരട്ടത്താപ്പ്. കേരള ക്രിസ്ത്യന്‍ പ്രൊഫഷണല്‍ കോളജ് മാനേജ്‌മെന്റ് ഫെഡറേഷന് വഴിവിട്ട് ഇളവുകള്‍ നല്‍കി ധാരണയിലെത്തുകയും, മറ്റ് സ്വകാര്യ മെഡിക്കല്‍ കോളജുകളോട് മറ്റൊരു നിലപാടുമാണ് സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. ക്രൈസ്തവ മാനേജ്‌മെന്റിന് കീഴിലുള്ള അമല ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, പുഷ്പഗിരി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, കോലഞ്ചേരി ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍ കോളജ്, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജുകളിലാണ് എന്‍ആര്‍ഐ ക്വാട്ട ഒഴിച്ചുള്ള എല്ലാ സീറ്റുകളിലും നാലു ലക്ഷം രൂപ ഫീസ് ഈടാക്കാന്‍ അനുവാദം നല്‍കിയിരിക്കുന്നത്. അതേ സമയം മറ്റുകോളജുകള്‍ക്ക് ഈ സൗകര്യം അനുവദിക്കുന്നില്ല. 50 ശതമാനം വിദ്യാര്‍ത്ഥികളോട് സര്‍ക്കാര്‍ ഫീസായ 1.5 ലക്ഷം രൂപ ഈടാക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ എംബിബിഎസ് പ്രവേശനത്തിന് ഫീസ് ഏകീകരിക്കണമെന്നാണ് ക്രിസ്ത്യന്‍ ഇതര മാനേജ്‌മെന്റുകളുടെ നിലപാട്. എന്നാല്‍ സര്‍ക്കാരുമായി ധാരണയിലെത്തിയ നാല് ക്രിസ്ത്യന്‍ മാനേജ്‌മെന്റ് മെഡിക്കല്‍ കോളജുകള്‍ ഒഴിച്ച് മറ്റുള്ളവക്കെതിരെ നടപടി എടുക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ ഭീഷണി. എന്‍ആര്‍ ഐ സീറ്റില്‍ വാര്‍ഷിക ഫീസ് 11 ലക്ഷവും 50 ശതമാനം മെറിറ്റ് സീറ്റില്‍ ദാരിദ്ര്യ രേഖക്ക് താഴെയുള്ള കുട്ടികള്‍ക്ക് 25000 രൂപയും ശേഷിക്കുന്നവര്‍ക്ക് 1.50 ലക്ഷവുമായിരുന്നു ഫീസ്. ഉയര്‍ന്ന റാങ്കോടെ മെറിറ്റ് ക്വാട്ടയില്‍ പ്രവേശന പരീക്ഷ വഴി അര്‍ഹത നേടുന്നവരും ഇനി മുതല്‍ ക്രിസ്ത്യന്‍ സ്ഥാപനങ്ങളില്‍ നാലു ലക്ഷം രൂപ വാര്‍ഷിക ഫീസ് നല്‍കണം. ഇതേ ഫീസ് ഘടന മറ്റു സ്ഥാപനങ്ങള്‍ക്കും നല്‍കണമെന്നാണ് ആവശ്യം ഉയരുന്നത്. എന്നാല്‍ ഇതംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. ഇതിനെതുടര്‍ന്നാണ് ക്രിസ്ത്യന്‍ മാനേജ്‌മെന്റ് ഒഴിച്ചുള്ള സ്ഥാപനങ്ങള്‍ സര്‍ക്കാരുമായി ധാരണ എത്താതെ പിരിഞ്ഞത്. എന്നാല്‍ ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ സര്‍ക്കാരുമായി ഒത്തുതീര്‍പ്പിലെത്തി യെന്നും മറ്റു സ്ഥാപനങ്ങള്‍ക്കെതിരെ നടപടി എടുക്കുമെന്നാണ് ആരോഗ്യ വകുപ്പ് പ്രചരിപ്പിക്കുന്നത്. എന്നാല്‍ അത്തരം നടപടികളെ എതിര്‍ക്കുമെന്നും സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് അനുവദിക്കില്ലെന്നും നിയമപരമായി നേരിടുമെന്നും കേരള പ്രൈവറ്റ് മെഡിക്കല്‍ കോളജ് മാനേജ്‌മെന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.