സന്നിധാനത്ത്‌ ഭക്ഷണം കിട്ടാതെ ഭക്തര്‍ വലയുന്നു

Sunday 20 November 2011 4:38 pm IST

ശബരിമല: അന്യസംസ്ഥാനങ്ങളില്‍നിന്നടക്കം ശബരിമല തീര്‍ത്ഥാടനത്തിനെത്തുന്ന ഭക്തസഹസ്രങ്ങള്‍ക്ക്‌ അന്നം ലഭിക്കാതെ മലയിറങ്ങേണ്ടിവരുന്നെന്ന്‌ പരാതി. സന്നിധാനത്ത്‌ പത്തോളം ഹോട്ടലുകളുണ്ടെങ്കിലും ഇവ എവിടെയാണെന്നറിയാതെയും ഭക്തര്‍ വലയുന്നു. മുന്‍കാലങ്ങളെ അപേക്ഷിച്ച്‌ ശബരിമലയിലെ ഹോട്ടലുകളെല്ലാം ഒരേസ്ഥലത്തേക്ക്‌ മാറ്റിയതോടെയാണ്‌ ഭക്ഷണംകിട്ടുന്നതെവിടെയെന്നറിയാതെ ഭക്തര്‍ ബുദ്ധിമുട്ടുന്നത്‌. പുതിയ പരിഷ്ക്കാരം ദേവസ്വം ബോര്‍ഡ്‌ നടപ്പാക്കിയെങ്കിലും ഹോട്ടലുകള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്കുള്ള സൂചക ബോര്‍ഡുകള്‍ സ്ഥാപിക്കാത്തത്‌ അന്യസംസ്ഥാനക്കാരായ ഭക്തരെ ഏറെ വലയ്ക്കുന്നു.
ഹോട്ടലുകളുടെ എണ്ണംകുറയ്ക്കുകയും പലയിടങ്ങളിലായി സ്ഥിതിചെയ്തിരുന്നവ ഒരേസ്ഥലത്തേക്ക്‌ മാറ്റുകയും ചെയ്തെങ്കിലും ഇതുമൂലം ഭക്തര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‌ ദേവസ്വം ബോര്‍ഡ്‌ തയ്യാറായില്ലെന്നും ഭക്തര്‍ക്കാക്ഷേപമുണ്ട്‌. അന്നാദാനപ്രഭുവായ അയ്യപ്പസ്വാമിയുടെ സന്നിധിയിലെത്തിയിട്ടും അന്നം കഴിക്കാതെ മടങ്ങേണ്ടിവരുന്നത്‌ ഏറെ മനോവിഷമമുണ്ടാക്കുന്നുണ്ടെന്നും ഭക്തര്‍ പറയുന്നു.
സന്നിധാനത്ത്‌ ഭക്തസംഘങ്ങള്‍ അന്നദാനം നടത്തുന്നതിന്‌ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയതോടെ മുന്‍കാലങ്ങളിലേപ്പോലെ അന്നദാന സംഘങ്ങളുടെ സേവനവും ഭക്തര്‍ക്ക്‌ ലഭിക്കുന്നില്ല. ശബരിമല അയ്യപ്പസേവാസമാജവും അഖിലഭാരത അയ്യപ്പസേവാസംഘവും ശ്രീഭൂതനാഥന്‍ ട്രസ്റ്റുമാണ്‌ സന്നിധാനത്തിപ്പോള്‍ ഭക്തര്‍ക്ക്‌ സൗജന്യമായി അന്നദാനം നടത്തുന്നത്‌. ദേവസ്വം ബോര്‍ഡും അന്നദാനം നടത്തുന്നുണ്ട്‌, എന്നാല്‍ ഇത്‌ വളരെ പരിമിതമാണെന്നപരാതിയുമുണ്ട്‌. അന്നദാന സംഘങ്ങള്‍ക്ക്‌ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയപ്പോള്‍ അതിനനുസൃതമായി ദേവസ്വം ബോര്‍ഡ്‌ കൂടുതല്‍ ഭക്തര്‍ക്ക്‌ സൗജന്യമായി ഭക്ഷണ വിതരണം ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുമില്ല. ഹോട്ടലുകള്‍ പുതുതായിമാറ്റി സ്ഥാപിച്ച സ്ഥലത്തേക്ക്‌ മലകയറി തളര്‍ന്നെത്തുന്ന ഭക്തര്‍ക്ക്‌ എത്തിച്ചേരുന്നതിനും ബുദ്ധിമുട്ടുണ്ടെന്ന്‌ പറയപ്പെടുന്നു.
തീര്‍ത്ഥാടകര്‍ക്ക്‌ അന്നദാനം നടത്തുന്നതിന്‌ ഭക്തസംഘടനകള്‍ ശേഖരിച്ചെത്തിച്ച പച്ചക്കറികള്‍ സൂക്ഷിക്കാന്‍ ആവശ്യമായ സ്ഥല സൗകര്യം ഇല്ലാത്തതിനെത്തുടര്‍ന്ന്‌ കേടായി പോയതായും ആക്ഷേപമുണ്ട്‌. അയ്യപ്പസേവാസംഘം, ശബരിമല അയ്യപ്പസേവാസമാജം തുടങ്ങിയ ഭക്തസംഘടനകള്‍ ശേഖരിച്ച പച്ചക്കറികളാണ്‌ ഇത്തരത്തില്‍ ഉപയോഗശൂന്യമായിപ്പോയത്‌. ഇവര്‍ക്ക്‌ അന്നദാനം നടത്തുന്നതിന്‌ ദേവസ്വം ബോര്‍ഡ്‌ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും പച്ചക്കറിയടക്കമുള്ള സാധനസാമഗ്രികള്‍ സൂക്ഷിക്കുന്നതിന്‌ ആവശ്യമായ സ്ഥല സൗകര്യം നല്‍കിയിട്ടില്ല.
അയ്യപ്പസേവാസമാജം, അയ്യപ്പസേവാസംഘം, തുടങ്ങിയ സന്നദ്ധ സംഘടനകള്‍ പ്രതിദിനം ഇരുപതിനായിരത്തിലധികം ഭക്തര്‍ക്ക്‌ അന്നദാനം നല്‍കുന്നുണ്ട്‌. എന്നാല്‍ ദേവസ്വം ബോര്‍ഡാകട്ടെ രണ്ടായിരത്തി അഞ്ഞൂറില്‍പരംം ആളുകള്‍ക്ക്‌ മാത്രമേ അന്നദാനം നല്‍കുന്നുള്ളൂ എന്നാണ്‌ അറിയുന്നത്‌. അയ്യപ്പസേവാസംഘത്തിന്റെ നിലവിലുണ്ടായിരുന്ന അന്നദാന മണ്ഡപം ഒഴിപ്പിച്ചതോടെ നാമമാത്രമായ ആളുകളെ മാത്രമേ ഒരേ സമയം അന്നദാനത്തിനിരുത്തുവാന്‍ സാധിക്കുന്നൊള്ളൂ. എന്നുമാത്രമല്ല കാലപ്പഴക്കംകൊണ്ട്‌ താഴെ വീഴാറായ പഴയ ഷെഡ്ഡാണ്‌ പകരം നല്‍കിയിരിക്കുന്നത്‌. അയ്യപ്പസേവാസമാജത്തിന്‌ നല്‍കിയിരിക്കുന്ന മുറികളും അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുന്നതാണ്‌.
നിരവധി ഭക്തസംഘടനകള്‍ ഭഗവത്‌ സന്നിധിയില്‍ അന്നദാനം നടത്തുവാന്‍ തയ്യാറായി വരുന്നുണ്ടെങ്കിലും ഒരു ലക്ഷം രൂപാ സംഭാവനയും അരലക്ഷം രൂപാ വാടകയും ദേവസ്വം ബോര്‍ഡിന്‌ നല്‍കണമെന്ന വ്യവസ്ഥയെതുടര്‍ന്ന്‌ പിന്തിരിയുകയാണെന്നും ഭക്തര്‍ പറയുന്നു. തീര്‍ത്ഥാടക തിരക്ക്‌ വരും ദിവസങ്ങളില്‍ ഇനിയും വര്‍ദ്ധിക്കാനാണിട. തീര്‍ത്ഥാടക പ്രവാഹം കൂടുമ്പോഴൊക്കെ ഹോട്ടലുകളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരം കുറയുന്നതായും ഭക്തര്‍ പറയുന്നു. ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക്‌ മുഴുവന്‍ സൗജന്യമായി ഭക്ഷണം നല്‍കാന്‍ തയ്യാറുള്ള നിരവധി ഭക്തജനസംഘങ്ങളും ഭക്തരും തയ്യാറായി മുന്നോട്ടുവരുന്നതിനിടെയാണ്‌ നിയന്ത്രണങ്ങളും വ്യവസ്ഥകളും ഏര്‍പ്പെടുത്തി ഇവരെ പിന്തിരിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ്‌ ശ്രമിക്കുന്നതെന്നും ഭക്തര്‍ ചൂണ്ടിക്കാണിക്കുന്നു. സന്നിധാനത്തെത്തുന്ന ഭക്തര്‍ക്ക്‌ സൗജന്യമായി അന്നദാനം നടത്തുന്നതിനുള്ള സ്ഥല സൗകര്യം ബോര്‍ഡ്‌ ഏര്‍പ്പെടുത്തികൊടുത്ത്‌ കൂടുതല്‍ ആളുകളെ അന്നദാനത്തിനായി ശബരിമലയില്‍ എത്തിക്കുകയാണ്‌ വേണ്ടതെന്നും ഭക്തര്‍ക്ക്‌ അഭിപ്രായമുണ്ട്‌.
സുഭാഷ്‌ വാഴൂര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.