മുക്തി മാര്‍ഗ്ഗോപദേശം

Tuesday 28 July 2015 10:38 pm IST

ജീവിതത്തിന്റെ പ്രശാന്തതയും ചിട്ടയായ ദിനചര്യയും ലോകത്തിന്റെ നിഗൂഢ സത്യം അറിയാനുള്ള ആഗ്രഹം തന്റെ മനസ്സില്‍ മുളപൊട്ടി. മോക്ഷമാര്‍ഗ്ഗം അറിയാനുള്ള ആദ്യപടികള്‍ ജ്ഞാനം, വിജ്ഞാനം, ഭക്തി എന്നിവയുടെ ലക്ഷണങ്ങള്‍ മനസ്സിലാക്കുക എന്നതാണ്. അതുകൊണ്ടാണ് താന്‍ ഒരു ദിവസം രാമന്‍ തനിയെ ഇരിക്കുന്ന സമയം നോക്കി അദ്ദേഹത്തോട് തന്റെ ആഗ്രഹം ഇപ്രകാരം അറിയിച്ചു. മഹാ പ്രഭോ എന്റെ അജ്ഞാനം നീങ്ങുന്നവിധത്തില്‍ എനിക്ക് മുക്തി മാര്‍ഗ്ഗത്തെപ്പറ്റി ഉപദേശിച്ചു തന്നാലും. ജ്ഞാനവിജ്ഞാന ഭക്തിവൈരാഗ്യങ്ങളുടെ ലക്ഷണങ്ങള്‍ എന്റെ മനോശങ്കകള്‍ നീക്കി എനിക്ക് ആനന്ദമൂണ്ടാകുന്നവിധത്തില്‍ ഉപദേശിച്ചു തരണം. തന്റെ അപേക്ഷ ശ്രവിച്ച രാമന്‍ വര്‍ദ്ധിച്ച സന്തോഷത്തോടെ പറയാന്‍ തുടങ്ങി. ലക്ഷ്മണാ, നിന്റെ വികല്പങ്ങളെ തീര്‍ക്കുന്നവിധത്തിലുള്ള ഗൂഢസത്യത്തെ ഞാന്‍ നിനക്ക് വെളിപ്പെടുത്തിത്തരാം. ആദ്യമായി മായ സ്വരൂപത്തേയും പിന്നീട് ആത്മജ്ഞാനത്തെക്കുറിച്ചും അതിനുശേഷം ഐഹികമായ ജ്ഞാനത്തെക്കുറിച്ചും പറയാം. ഇവ ബുദ്ധിഗ്രാഹ്യമാണ്. ആത്മാവിനെയാണ് അറിയേണ്ടത്. അതറിഞ്ഞുകഴിഞ്ഞാല്‍ മായയുമായി ബന്ധപ്പെട്ടിരിക്കുന്ന ഭയം തനിയെ നീങ്ങിക്കൊള്ളും. ദേഹവും ദേഹത്തോട് ബന്ധപ്പെട്ട വസ്തുക്കളും ആത്മാവല്ല. ആത്മാവല്ലാത്തതിനെ ആത്മാവാണെന്ന് തോന്നിപ്പിക്കുന്നതിനെയാണ് മായ എന്ന് പറയുന്നത്. മായ മൂലം ശരീര സംബന്ധമായ സംസാരം ഉണ്ടാകുന്നു. മായയ്ക്ക് വിക്ഷേപം, ആവരണം എന്നിങ്ങനെ രണ്ട് രൂപങ്ങളുണ്ട്. ഒന്നിനെ മറ്റൊന്നായി തോന്നിക്കുന്നത് വിക്ഷേപവും. ഉള്ളതിനെ മറയ്ക്കുന്നത് ആവരണവുമാണ്. ഇന്ദ്രിയങ്ങളാല്‍ അനുഭവിച്ചറിയുന്ന ലോകം യാഥാര്‍ഥ്യമാണെന്ന തോന്നലാണ് വിക്ഷേപം. അത് അവിദ്യാരൂപത്തില്‍ സര്‍വത്തിലും വ്യാപിച്ചിരിക്കുന്നു. മനസ്സ് ശരീരം മുതലായവയില്‍ അഭിമാനത്തോടുകൂടിയ അന്തഃകരണവൃത്തി, ആസക്തി മുതലായ ദോഷങ്ങള്‍ക്ക് കാരണമായിത്തീരുന്നു. മായ മൂലമാണ് പരമാത്മാവില്‍ വിശ്വം കല്പിതമാകുന്നത്, കയര്‍സര്‍പ്പമെന്ന് കരുതുന്നതുപോലെ മനുഷ്യന്‍ കാണുന്നതും. ശ്രവിക്കുന്നതും സ്മരിക്കുന്നതുമെല്ലാം സ്വപ്‌നതുല്യം യാഥാര്‍ത്ഥ്യമല്ലാത്തതാണ്. ജ്ഞാന സ്വരൂപമാകെ വലയംചെയ്തു നില്‍ക്കുന്ന ജ്ഞാന രൂപിണിയായ വിദ്യയാകട്ടെ ആനന്ദ പ്രാപ്തിക്കു കാരണമായിത്തീരുന്നു. ജന്മസംസാരബന്ധങ്ങളുടെ വേര് ശരീരമാണ്. ശരീരം മുലമാണ് പുത്രകളത്രാദി ബന്ധങ്ങള്‍ ഉണ്ടാകുന്നത്. പഞ്ചഭൂതാത്മകമാണ് ദേഹം. അഞ്ച് ജ്ഞാനേന്ദ്രിയങ്ങളും അഞ്ച് കര്‍മ്മേന്ദ്രിയങ്ങളും, അഹങ്കാരം, ബുദ്ധി, മനസ്സ്, മൂലപ്രകൃതി എന്നിവയൊക്കെയും ഒന്നിച്ചിരിക്കുന്നതാണ് ദേഹം അഥവ ക്ഷേത്രം എന്ന് പറയുന്നത്. എന്നാല്‍ ജീവന്‍ എന്നു പറയുന്നത് ഈ ലക്ഷണങ്ങളൊന്നുമില്ലാത്തതാണ്. അത് പരമാത്മാവാണ്. ജീവാത്മാവും പരമാത്മാവും ഒന്നുതന്നെയാണ്. ഇത് രണ്ടായിക്കാണുന്നവര്‍ അജ്ഞാനികളാണ്. ദേഹാഭിമാനം, ഡംഭം, ഹിംസ, കാമം, ക്രോധം മുതലായവ ത്യജിച്ച് സന്താഷത്തോടെ സദാകാലവും അന്യരുടെ ആക്ഷേപഹാസ്യാദികളെ സഹിച്ച് സമബുദ്ധി പാലിക്കുക. മനസ്സ്, വാക്ക്, ദേഹം ഇവയുടെ സംയമത്തോടെ വിഷയങ്ങളില്‍ ആശയില്ലാതെ ഭക്തിയോടും ചിത്തദേഹവിശുദ്ധിയോടും ഗുരുസേവ ചെയ്തും, സല്‍ക്കര്‍മ്മങ്ങളനുഷ്ടിച്ചും, സത്യത്തെ ആശ്രയിച്ച് ജനന മരണങ്ങളെക്കുറിച്ച് ചിന്തിച്ച് അഹങ്കാരംവെടിഞ്ഞ് ആനന്ദ സ്വരൂപനായി വര്‍ത്തിക്കുക. പുത്രദാരാദികളില്‍ അമിതമായ സ്‌നേഹവാത്സല്യങ്ങള്‍ പ്രകടിപ്പിക്കാതെ ഇഷ്ടാനിഷ്ടങ്ങളില്‍ സമഭാവനയോടെ വിജനവും, ശുദ്ധവുമായ, സ്ഥലത്ത് ഏകാന്തതയില്‍ വസിക്കുക. വികല്പങ്ങളെ വെടിഞ്ഞ് ഏകാഗ്രചിത്തനായി പരമാത്മജ്ഞാനം നേടാന്‍ പരിശ്രമിച്ചാലല്ലാതെ ജ്ഞാനസിദ്ധി കൈവരുന്നതല്ല. ദേഹപ്രാണ ബുദ്ധ്യഹങ്കാരാദികള്‍ക്കതീതമായ നിത്യ ശുദ്ധമായ ചിദാത്മാവാകുന്നു ഞാന്‍ എന്ന ബോധം എപ്പോള്‍ ഉദിക്കുന്നുവോ അതാണ് ജ്ഞാനം. പരമാത്മാവ് സര്‍വത്വാന്തര്‍ഗതനും അപരിച്ഛേദ്യനുമാണ്. ബുദ്ധിക്കതീതമായ ജ്ഞാനത്തിലൂടെ മാത്രമേ ജഗദീശ്വരനെ പ്രാപിക്കുവാന്‍ കഴിയുകയുള്ളൂ. ആചാര്യന്മാരുടെ ഉപദേശങ്ങള്‍ വഴിയും ശാസ്ത്രപഠനത്തിലൂടെയും ലഭ്യമാകുന്ന ജീവാത്മാ പരമാത്മാക്കളുടെ ഐക്യജ്ഞാനം കൈവരുമ്പോള്‍ അവിദ്യ കാര്യകാരണങ്ങളോടൊപ്പം പരമാത്മാവില്‍ ലയിക്കുന്നു. അതാണ് മുക്തി. (തുടരും)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.