ഹനുമാന്റെ കണ്ടെത്തല്‍

Tuesday 28 July 2015 10:44 pm IST

സങ്കടമോചകനാണ് ഹനുമാന്‍ എന്നു രാമായണം ഉദ്‌ഘോഷിക്കുന്നു. പക്ഷേ, ഹനൂമാനും ഉണ്ടായിട്ടുണ്ട്, പലപല സങ്കടങ്ങള്‍. ഒരിക്കല്‍ ആത്മഹത്യചെയ്യാന്‍ വരെ ഹനുമാന്‍ തീരുമാനിച്ചു! ഏയ് അതുശരിയാവില്ല. മലയാളികള്‍ ആരും അത് സമ്മതിച്ചുതരും എന്നു തോന്നുന്നില്ല, കാരണം എഴുത്തച്ഛന്റെ രാമായണം അവര്‍ വായിച്ചിട്ടുണ്ട്. അതില്‍ എവിടേയും അങ്ങനെയൊരു സംഭവമേയില്ല. ശരിയാണ് എഴുത്തച്ഛന്റെ രാമായണത്തില്‍ ഹനുമാന്‍ ആത്മഹത്യക്കു ശ്രമിക്കുന്നതായി പറയുന്നില്ല. പക്ഷേ, വാല്മീകി രാമായണത്തില്‍ പറയുന്നുണ്ട്.സീതയെ കണ്ടെത്തുക എന്നലക്ഷ്യം സാധിക്കാതെ വന്നപ്പോള്‍ ഉണ്ടായ നിരാശകൊണ്ടായിരുന്നുഅത്. തീയില്‍ ചാടി മരിക്കണോ അതോ വെള്ളത്തില്‍ ചാടി മരിക്കണോ, ഉപവസിച്ചുമരിക്കണോ എന്നുനിശ്ചയമില്ലാതെ ഹനുമാന്‍ കുഴങ്ങി! തിരിച്ചുചെന്നു ശ്രീരാമനോടു താന്‍ സീതയ കണ്ടില്ല എന്നു പറയുകയാണെങ്കില്‍ എന്താവും സ്ഥിതി? അപ്പോള്‍ത്തനെ രാമന്‍ ഹൃദയം പൊട്ടി മരിച്ചുപോകും. അതു താങ്ങാനാവാതെ ലക്ഷ്മണനും, വാക്കു പാലിക്കാന്‍ കഴിയാത്ത ദുഃഖത്തോടെ സുഗ്രീവനും മറ്റു വാനരന്മാരും മരണം വരിക്കും. വിവരം അയോദ്ധയിലെത്തിയാലോ-അമ്മമാരും, പൗരമുഖ്യന്മാരുമെല്ലാം ചേര്‍ന്നുള്ള കൂട്ട ആത്മഹത്യയാവും നടക്കുക. താന്‍ അങ്ങോട്ടു തിരിച്ചു ചെന്നില്ലെങ്കിലും ഇതൊക്കെയാണ് സംഭവിക്കാന്‍ പോകുന്നത്. അതൊന്നും കാണാനോ, കേള്‍ക്കാനോ താന്‍ നില്‍ക്കുന്നില്ല. മരിക്കുകയാണ് ഉത്തമം! സീതയെ അന്വേഷിച്ചു സമുദ്രം താണ്ടി ഇവിടെ എത്താന്‍ തനിക്കുകഴിഞ്ഞു.പക്ഷേ, എന്നേ അന്വേഷിച്ചു വരാന്‍ സാഹസികത്വമുള്ളവര്‍ ആരും സുഗ്രീവസൈന്യത്തില്‍ ഇല്ല.ഇനി എന്തു വേണമെന്നു അവര്‍ തീരുമാനിക്കട്ടേ. താന്‍ പരാജിതനാണ്. ആത്മഹത്യമാത്രമേ തനിക്കഭയമുള്ളൂ എന്ന ചിന്ത ഹനുമാനെ ഉലയ്ക്കുകയുണ്ടായി. പക്ഷേ, വീണ്ടുവിചാരമുള്ളവനാണ് ഹനുമാന്‍; ബുദ്ധിമാനും മനോനിയന്ത്രമുള്ളവനുമാണ്. അതിനാല്‍ അദ്ദേഹം ഒരുനിമിഷം കണ്ണടച്ചു ധ്യാനിച്ചു. അപ്പോള്‍വലിയ ഒരു ഉള്‍വെളിച്ചം ഹനുമാനില്‍ ഉണ്ടായി.അതിന്റെ പ്രകാശരശ്മികള്‍ ഒരു ശ്ലോകമായി ഇങ്ങനെ പുറത്തുവന്നു. വിനേശേ ബഹവോ ദോഷ ജീവന്‍ ഭദ്രാണി പശ്യതു തസ്മാദ് പ്രാണാന്‍ ധരിഷ്യാമി ധ്രുവോ ജീവതി സംഗമ ആത്മഹത്യചെയ്യുന്നതു ശരിയല്ല. ജീവിച്ചിരുന്നാല്‍ മാത്രമേ നന്മകാണാന്‍ പറ്റുകയുള്ളൂ.ഞാന്‍ ജീവിച്ചിരിക്കുകതന്നെചെയ്യും. എന്നാണ് ഈശ്ലോകത്തിന്റെ അര്‍ത്ഥം. വീണ്ടുവിചാരത്തിന്റെ സദ്ഫലം സൂചിപ്പിക്കുന്ന ഈകഥാസന്ദര്‍ഭവും ശ്ലോകവും ഇന്നത്തെ സമൂഹത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. ആത്മഹത്യയുടെ കാര്യത്തില്‍ വിചിത്രമായ വാര്‍ത്തകള്‍ നിരന്തരം വന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത്, ആത്മ ബലത്തിന്റെ മൃതസഞ്ജീവനി നമുക്ക് സമ്മാനിക്കുകയാണ് ഹനൂമാന്‍ ഈശ്ലോകത്തിലൂടെ. നിരാശ, പരാജയം, കഷ്ടനഷ്ടങ്ങള്‍, സംശയം, അപവാദം, അപമാനം എന്നിങ്ങനെ പലതും വരുമ്പോള്‍ ഇന്നത്തെ മനുഷ്യന്‍ ആദ്യം ചിന്തിക്കുന്നത് ആത്മഹത്യയെപറ്റിയാണ്. അതിനാരേയും കുറ്റം പറയുകവയ്യ. അതിശക്തനും പരമഭക്തനുമായ ഹനുമാന്‍ പോലും അങ്ങനെ ചിന്തിച്ചല്ലോ? പക്ഷേ, രണ്ടാമതൊരു ചിന്തയ്ക്കു, മനോനിയന്ത്രണത്തോടെയുള്ള ഒരു പ്രര്‍ത്ഥനയ്ക്കു ഹനുമാന്‍ ഒരുങ്ങിയതു പോലെ ആരും തയ്യാറാവുന്നില്ല എന്നിടത്താണ് കുഴപ്പം. പുനര്‍ വിചാരത്തിലൂടെ, പുതിയ തീരുമാനത്തിലൂടെ, ഹനുമാന്‍ തന്റെ ലക്ഷ്യം സാധിക്കുന്നു. സീതയെ കണ്ടെത്തിയതിന്റെ ആഹഌദം വേണ്ടപ്പെട്ടവരുമായി പങ്കിടുകയും ചെയ്യുന്നു. ഇതൊരു മഹത്തായ ജീവിത പാഠമാണ്. ഇത്തരത്തിലുള്ള അനേകം കഥാസന്ദര്‍ഭങ്ങള്‍ നമ്മുടെ പുരാണേതിഹാസങ്ങളില്‍ സുലഭമായുണ്ട്. അവകണ്ടെത്തുകയും മറ്റുള്ളവര്‍ക്ക്, വിശേഷിച്ചും കുട്ടികള്‍ക്ക് പകര്‍ന്നുകൊടുക്കുകയും വേണം. അതിനാല്‍, നേരത്തേ ഉദ്ധരിച്ച സംസ്‌കൃത ശ്ലോകത്തിന്റെ ലളിതമായ മലയാള സംഗ്രഹം കൂടി ഇതോടൊപ്പം നല്‍കിക്കൊള്ളട്ടേ. ആത്മഹത്യ മഹാപാപം ജീവിച്ചാല്‍ കണ്ടിടാം ശുഭം അതിനാല്‍ നിലനിര്‍ത്തും ഞാന്‍ ജീവിതം മംഗളോന്മുഖം. (തുടരും)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.