ആലപ്പുഴയില്‍ കടകളില്‍ മോഷണം; ശ്രീലങ്കക്കാര്‍ പിടിയില്‍

Wednesday 29 July 2015 1:54 am IST

ആലപ്പുഴ: നഗരത്തിലെ മൊബൈല്‍ ഷോപ്പിലും ലോട്ടറിക്കടയിലും മോഷണം നടത്തിയ കേസില്‍ ശ്രീലങ്കന്‍ സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. സംഘത്തിലെ മൂന്നാമനായ ബംഗാള്‍ സ്വദേശി ഒളിവിലാണ്. ബംഗാളികളെന്ന പേരില്‍ ബംഗഌദേശ് സ്വദേശികളും, തമിഴ്‌നാട്ടുകാരെന്ന വ്യാജേന ശ്രീലങ്കന്‍ സ്വദേശികളും കേരളത്തില്‍ തങ്ങുന്നുവെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇതോടെ വെളിച്ചത്തായത്. ശ്രീലങ്കയിലെ ജാഫ്‌ന സ്വദേശികളായ സുരേഷ്(24), ഇളങ്കോ അയ്യര്‍(28)എന്നിവരാണ് അറസ്റ്റിലായത്. പ്രതികളില്‍ നിന്നും നാല് ലക്ഷത്തോളം രൂപ വിലവരുന്ന മൊബൈല്‍ ഫോണുകളും 30,000 രൂപയും പിടികൂടി. ആലപ്പുഴ ഡിവൈഎസ്പി കെ. ലാല്‍ജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തൃശൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്. സുരേഷും ബംഗാള്‍ സ്വദേശിയും ചേര്‍ന്ന് മോഷണം നടത്തിയ മുതല്‍  ഇളങ്കോ അയ്യരാണ് വാങ്ങുന്നത്. മോഷ്ടിച്ച രണ്ടര ലക്ഷം രൂപയില്‍  1,75000 രൂപയും രണ്ട് മൊബൈലും ബംഗാള്‍ സ്വദേശി എടുത്ത ശേഷം ബാക്കി രൂപയും മൊബൈല്‍ ഫോണുകളും സുരേഷിന് നല്‍കുകയായിരുന്നു. കേരളത്തിലും പ്രത്യേകിച്ച് ആലപ്പുഴ ജില്ലയിലും അന്യനാട്ടുകാര്‍ പങ്കാളികളായ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ പത്തിനാണ് തകഴിയില്‍ ഷാപ്പു ജീവനക്കാരനെ ആസാം സ്വദേശി കൊലപ്പെടുത്തിയത്. അന്യസംസ്ഥാന തൊഴിലാളികളെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന് പോലീസ് തന്നെ സമ്മതിക്കുന്നു. ശ്രീലങ്കക്കാരും ബംഗഌദേശികളും ഇവിടെ സൈ്വരവിഹാരം നടത്തിയിട്ടും യാതൊരു വിവരവും ലഭിക്കാത്തത് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ 19നാണ് ആലപ്പുഴ വൈഎംസിഎ ജങ്ഷന് സമീപമുള്ള മൊബൈല്‍ ഗാലറി, ജില്ലാക്കോടതി പാലത്തിന് വടക്കുവശമുള്ള ജയകുമാര്‍ ലക്കി സെന്റര്‍ എന്നിവിടങ്ങളില്‍ മോഷണം നടന്നത്. മണ്ണഞ്ചേരി പൊന്നാട് സ്വദേശി ഷിഹാബിന്റെ ഉടമസ്ഥയിലുള്ള മൊബൈല്‍ ഗാലറിയില്‍ നിന്നും സ്മാര്‍ട്ട് ഫോണുകളും, മറ്റ് അനുബന്ധ ഉപകരണങ്ങളും, ജയകുമാറിന്റെ ഉടമസ്ഥതയിലുള്ള ലോട്ടറികടയില്‍ നിന്നും മൂന്ന് ലക്ഷത്തോളം രൂപയുമാണ് ഇവര്‍ മോഷ്ടിച്ചത്. ലോട്ടറിക്കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുള്ള ഹാര്‍ഡ് ഡിസ്‌കും അനുബന്ധ ഉപകരണങ്ങളും മോഷ്ടാക്കള്‍ നശിപ്പിച്ചതിനാല്‍ അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ഇവരെ സംബന്ധിച്ച യാതൊരു വിവരവും ലഭ്യമായിരുന്നില്ല. മോഷണം നടത്തിയ കടയുടെ സമീപത്ത് ഇവരെ കണ്ടയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലും പ്രതികള്‍ സിനിമക്ക് കയറിയ ആലപ്പുഴയിലെ തീയറ്ററിലെ സെക്യൂരിറ്റിയുമായുണ്ടായ തര്‍ക്കവും പ്രതികളെ കണ്ടെത്താന്‍ സഹായകമായെന്ന് ജില്ലാ പോലീസ് മേധാവി വി. സുരേഷ് കുമാര്‍ പറഞ്ഞു. സൈബര്‍ സെല്ലിന്റെയും, ജില്ലാ പൊലീസ് മേധാവിയുടെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ സപ്പോര്‍ട്ട് ടീമിന്റെയും അന്വേഷണവും പ്രതികളിലേക്ക് വേഗം എത്താന്‍ സാധിച്ചു. ശ്രീലങ്കയിലെ ആഭ്യന്തര കലാപ കാലത്ത് അവിടെ നിന്നും പലായനം ചെയ്ത് തമിഴ്‌നാട് രാമേശ്വരം വഴി ഭാരതത്തിന്റെ പലയിടങ്ങളിലും തങ്ങുകയും പിന്നീട് തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ എത്തിയ ഇളങ്കോയും സുരേഷും അവിടെ കഴിഞ്ഞുവരവേ മൂന്ന് വര്‍ഷം മുമ്പാണ് മുങ്ങിയത്. അന്യസംസ്ഥാന തൊഴിലാളി എന്ന വ്യാജേന കേരളത്തിലും, തമിഴ്‌നാട്ടിലുമായി പലയിടങ്ങളിലും ജോലി ചെയ്യുകയും രാത്രികാലങ്ങളില്‍ മോഷണം നടത്തുകയുമായിരുന്നു രീതി. പ്രതികളുടെ അന്തര്‍സംസ്ഥാന ബന്ധങ്ങളെ പറ്റി അന്വേഷിക്കുന്നതിനും കേരള പോലീസ്, തമിഴ്‌നാട് ക്യൂ ബ്രാഞ്ചിന്റെ സഹായം തേടിയിട്ടുണ്ട്. പിടിയിലായ സുരേഷിനെതിരെ വിസ കാലവധി കഴിഞ്ഞതിനും, കളവ് സാധനങ്ങള്‍ കൈവശം വച്ചതിനും കേസുണ്ട്. ഇളങ്കോ അയ്യര്‍ അടിപിടികേസില്‍ ജയിലില്‍ കഴിഞ്ഞ സമയത്താണ് സുരേഷിനെ പരിചയപ്പെടുന്നത്. നാഗര്‍കോവില്‍ ഭാഗത്ത് നിന്ന് ഒരു കംപ്യൂട്ടര്‍ ടാബ്‌ലറ്റും, ആറ്റിങ്ങല്‍ ഭാഗത്ത് നിന്ന് മൂന്ന് മൊബൈല്‍ ഫോണുകളും മോഷ്ടിച്ചിട്ടുള്ളതായി സുരേഷ് പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. പ്രതികളെ പിടികൂടിയ സംഘത്തില്‍ ആലപ്പുഴ നോര്‍ത്ത് സിഐ: വി. ബാബു, എസ്.ഐ അപ്പുക്കുട്ടന്‍, സീനിയര്‍ സിപിഒ മാരായ നെവിന്‍, സുരേഷ്‌കൃഷ്ണ, മോഹന്‍കുമാര്‍, മുജീബ്, പോലീസ് കണ്‍ട്രോള്‍ റൂം സിപിഒ ടോണി കെ.എഫ് എന്നിവരുമുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.