കസ്തൂരി രംഗന്‍: അന്തിമവിജ്ഞാപം സപ്തംബര്‍ ഒമ്പതിന്

Wednesday 29 July 2015 6:51 pm IST

തിരുവനന്തപുരം: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്മേലുള്ള കേന്ദ്രസര്‍ക്കാരിന്റെ അന്തിമവിജ്ഞാപനം സപ്തംബര്‍ ഒമ്പതിനു പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു. ഇതുസംബന്ധിച്ച് കേന്ദ്രം ആവശ്യപ്പെട്ട റിപ്പോര്‍ട്ട് ഇന്നു സമര്‍പ്പിക്കും. തുടര്‍ന്ന് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ട പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ പത്തുശതമാനം മേഖലകള്‍ കേന്ദ്രത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പരിശോധിക്കും. അന്തിമവിജ്ഞാപനത്തോടെ ഇപ്പോള്‍ നിലനില്‍ക്കുന്ന ആശങ്കകള്‍ മാറുമെന്നും അദ്ദേഹം പറഞ്ഞു. താമസം, ജീവനോപാധി, കൃഷി, തോട്ടങ്ങള്‍ എന്നിവയ്ക്കായുള്ള സ്ഥലങ്ങള്‍ മുഴുവന്‍കസ്തൂരി രംഗന്റെ പരിധിയില്‍ നിന്നു ഒഴിവാക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. പുതിയ മാപ്പ് പ്രകാരം പാലക്കാട് ജില്ലയിലെ കിഴക്കന്‍ചേരി വില്ലേജിലെ 0.036 ഹെക്ടര്‍ ഭൂമി കൂടി ഒഴിവാക്കിയാണ് 9839.3 ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതിലോല മേഖലയുടെ മാപ്പ് കേന്ദ്രത്തിനു സമര്‍പ്പിക്കുന്നത്. പുതിയ മാപ്പ് തയ്യാറാക്കിയപ്പോള്‍ കിഴക്കന്‍ചേരിയില്‍ മാത്രമാണ് പരാതിയുണ്ടായിരുന്നത്. അതിനാലാണ് അവിടം ഒഴിവാക്കിയത്. തണ്ടപ്പേരു രജിസ്റ്ററില്‍ വനഭൂമിക്കും വാസഭൂമിക്കും ഒരേ സര്‍വെ നമ്പര്‍ വന്ന പ്രശ്‌നം നിലവിലുണ്ട്. വനഭൂമി മുഴുവന്‍ ഒഴിവാക്കുന്നു എന്ന നിര്‍ദേശം വനം വകുപ്പു  കൂടി അംഗീകരിച്ചിട്ടുള്ളതിനാല്‍ ഇത് ദോഷകരമായി ബാധിക്കില്ല. കേന്ദ്രത്തിനു നല്‍കുന്ന ഭൂമിയുടെ സര്‍വെനമ്പര്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതിനാല്‍ ആശയക്കുഴപ്പം ഉണ്ടാകാനിടയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നിലവിലുള്ള പരിസ്ഥിതിലോല പ്രദേശങ്ങളില്‍ 85 വില്ലേജുകളില്‍ മാത്രമാണ് റീസര്‍വേ നടന്നിട്ടുള്ളത്. ഇതില്‍ 45 വില്ലേജുകളില്‍ റീസര്‍വേ പൂര്‍ത്തിയായി കഴിഞ്ഞെന്നും മന്ത്രി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.