റബ്ബര്‍ സംഭരണം: തെരഞ്ഞെടുപ്പു മുന്നില്‍കണ്ടുള്ള താത്കാലിക സംവിധാനം

Wednesday 29 July 2015 8:04 pm IST

കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ റബ്ബര്‍ സംഭരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള താത്കാലിക സംവിധാനമാണെന്ന് ആക്ഷേപം ഉയരുന്നു. റബ്ബര്‍ സംഭരണത്തിനായി കേവലം മൂന്നൂറുകോടി രൂപ  നീക്കിവച്ചത് സംസ്ഥാനത്തെ ആഭ്യന്തര റബ്ബര്‍ ഉത്പാദനവുമായി തട്ടിച്ചുനോക്കിയാല്‍ തീരെ കുറഞ്ഞ തുകയാണെന്ന് കര്‍ഷകരും രാഷ്ട്രീയ സംഘടനകളും ആക്ഷേപമുന്നയിക്കുന്നു. നിലവിലെ സ്ഥിതിയനുസരിച്ച് ഏതാണ്ട് രണ്ടുമാസത്തേക്കുള്ള റബ്ബര്‍ സംഭരിക്കാനേ സര്‍ക്കാര്‍ നീക്കിവച്ച പണം തികയുകയുള്ളൂവെന്നാണ് പ്രധാന ആക്ഷേപം. റബ്ബര്‍ കര്‍ഷകരുടെ രജിസ്‌ട്രേഷന്‍ സംബന്ധിച്ചും ആക്ഷേപങ്ങള്‍ നിരവധിയാണ്. റബ്ബര്‍ കര്‍ഷകരില്‍ ഏറെപ്പേര്‍ക്കും രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നില്ലെന്നതാണ് ഒരാക്ഷേപം. റബ്ബര്‍പാലിന് സബ്‌സിഡി ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. സര്‍ക്കാരിന്റെ റബ്ബര്‍സംഭരണത്തിന്റെ  പേരിലുള്ള കര്‍ഷക വഞ്ചനയ്‌ക്കെതിരെ യൂത്ത്ഫ്രണ്ട് സെക്യുലര്‍ പ്രക്ഷോഭം നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. റബ്ബര്‍ സംഭരണത്തിന്റെ മറവില്‍ റബ്ബര്‍ കമ്പനികളും ധനകാര്യ വകുപ്പും തമ്മിലുള്ള അവിഹിത ഇടപാടുകളെപ്പറ്റി അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കേവലം ഒരുലക്ഷം ടണ്‍ റബ്ബറാണ് സംഭരിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നത്. ഇന്നത്തെ വിലയനുസരിച്ച് 28 രൂപ നിരക്കില്‍ സബ്‌സിഡി നല്‍കിയാല്‍ രണ്ടു മാസംകൊണ്ടുതന്നെ സബ്‌സിഡി തുകയായ 300കോടി ചിലവഴിക്കും. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി സബ്‌സിഡി നല്‍കാന്‍ തുടങ്ങുമ്പോഴേക്കും സപ്തംബര്‍ മാസം പകുതിയിലേറെ കഴിഞ്ഞിരിക്കും.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു മുന്നില്‍കണ്ടാണ് സര്‍ക്കാര്‍ നീക്കം. തെരഞ്ഞെടുപ്പു കഴിയുമ്പോള്‍ റബ്ബറിനുള്ള സബ്‌സിഡിയും നിലയ്ക്കുമെന്നും യൂത്ത് ഫ്രണ്ട് സെക്യൂലര്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ബോബന്‍ ടി. തെക്കേല്‍, ജനറല്‍ സെക്രട്ടറി അഡ്വ. ഷോണ്‍ ജോര്‍ജ് എന്നിവര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.