വണ്ടിപ്പെരിയാര്‍ (ഇടുക്കി): ഹൈന്ദവ ജനതയെ അടിച്ചമര്‍ത്താനുള്ള ശ്രമം വിലപ്പോകില്ലെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി ഹരിദാസ് പറഞ്ഞു.വണ്ടിപ്പെരിയാറില്‍ ഹിന്ദുഐക്യവേദി സംഘടിപ്പിച്ച പദയാത്രയ്ക്ക് നേരെ സിപിഎം, പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ പ്രതിഷേധിക്കാന്‍ ചേര്‍ന്ന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയില്‍ വിറളിപൂണ്ട ചിലരാണ് ഹിന്ദുവിനെതിരെ അക്രമം അഴിച്ചുവിടാന്‍ ശ്രമിക്കുന്നത്. സമാധാനപരമായി ഹിന്ദുഐക്യവേദി നടത്തിയ പദയാത്ര അലങ്കോലപ്പെടുത്തി സാമുദായിക ലഹളയുണ്ടാക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനത്തിനെതിരെയാണ് ഹിന്ദുഐക്യവേദി സംസ്ഥാനത്തെമ്പാടും പദയാത്രകള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
ഉമ്മന്‍ ചാണ്ടിക്കെതിരെ നടത്തിയ പദയാത്രയെ ആക്രമിച്ചതെന്തിനാണെന്ന് ഇരുപാര്‍ട്ടികളുടേയും നേതാക്കള്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വണ്ടിപ്പെരിയാര്‍ ടൗണില്‍ വന്‍ പ്രകടനം നടത്തിയതിന് ശേഷമാണ് പൊതുയോഗം ആരംഭിച്ചത്.ഹിന്ദുഐക്യവേദി ജില്ലാ പ്രസിഡന്റ് എസ്. പത്മഭൂഷണ്‍,സംസ്ഥാന കമ്മറ്റിയംഗം സ്വാമി ദേവചൈതന്യ, ജില്ലാ സംഘടന സെക്രട്ടറി കെ.പി സജീവന്, സംഘ്പരിവാര്‍ നേതാക്കളായ എസ്.റ്റി.വി മോഹന്‍ദാസ്, പി.വി ബിജു,എം.കെ ദിവാകരന്, പ്രസാദ് വണ്ണപ്പുറം, സിബി വര്‍ഗീസ്, ബി.വിജയന്, പി.കെ രാജു, എന്നിവര്‍ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: