തൂക്കുമരങ്ങള്‍ നിങ്ങള്‍ക്ക്

Wednesday 29 July 2015 10:15 pm IST

പക്ഷികള്‍ക്ക് പറന്നുവന്നിരിക്കാനുള്ളതിനാല്‍ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ കോമ്പൗണ്ടിന്റെ മതിലുകളില്‍ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിപ്പോലും കുപ്പിച്ചില്ലുകള്‍ പതിപ്പിക്കുന്നത് വിലക്കിയ ഹൃദയാലുവായിരുന്നു ഡോ. എ.പി.ജെ. അബ്ദുള്‍കലാം. എന്നാല്‍ രാജ്യസുരക്ഷക്ക് ഭീഷണിയായ ഭീകരവാദത്തെ കര്‍ക്കശമായി നേരിടണമെന്നു പറയാന്‍ ഈ ഹൃദയാലുത്വം അബ്ദുള്‍കലാമിന് തടസ്സമായില്ല. 209 പേരുടെ മരണത്തിനിടയാക്കിയ 2006 ജൂലായ് 11 ലെ മുംബൈ ബോംബ്‌സ്‌ഫോടന പരമ്പരയില്‍ മാരകമായി പരിക്കേറ്റ് കഴിയുന്നവരെ കിംഗ് എഡ്വേര്‍ഡ് മെമ്മോറിയല്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചപ്പോഴത്തെ വേദന പങ്കുവെച്ചുകൊണ്ട് ''പൈശാചിക മനസ്സുകള്‍ ഒന്നിക്കുമ്പോള്‍ സുമനസ്സുകള്‍ക്ക് ഒത്തൊരുമിച്ച് നേരിടാന്‍ കഴിയണം'' എന്നാണ് ആ വര്‍ഷത്തെ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ രാഷ്ട്രപതിയായിരുന്ന കലാം പറഞ്ഞത്. 257 പേരുടെ മരണത്തിനും ആയിരത്തിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയാക്കിയ 1993 ലെ മുംബൈ ബോംബ്‌സ്‌ഫോടന പരമ്പരക്കേസിലെ പ്രതികളില്‍ ഒരാളായ യാക്കൂബ് മേമന്റെ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടവര്‍ മറന്നുപോകുന്നത് ഭീകരപ്രവര്‍ത്തനം പൈശാചിക മനസ്സുകളുടെ സൃഷ്ടിയാണെന്നും ഭാരതത്തിനെതിരായ മാരകസ്വഭാവമുള്ള പരോക്ഷ യുദ്ധമാണ് അതെന്നുമുള്ള കലാമിന്റെ വാക്കുകളാണ്. യാക്കൂബ് മേമന്റെ വധശിക്ഷ റദ്ദാക്കണമെന്ന് വാദിക്കുന്നവരും അതിനുവേണ്ടി പ്രചാരവേല നടത്തിയ മാധ്യമങ്ങളും നീതിബോധത്തെ കലുഷിതമാക്കാനും നിയമവാഴ്ച അസാധ്യമാക്കാനും ആഭ്യന്തരസുരക്ഷയെ അപകടപ്പെടുത്താനുമാണ് ശ്രമിച്ചത്. ആരാണ് ഈ യാക്കൂബ് മേമനെന്നും എന്താണ് അയാള്‍ ചെയ്ത കുറ്റമെന്നതും തമസ്‌ക്കരിച്ചുകൊണ്ടാണ് ഭീകരവാദത്തിന്റെ ദല്ലാളുകളെപ്പോലെ ചിലര്‍ രംഗപ്രവേശം ചെയ്തത്. കുറ്റപത്രത്തിലും വിചാരണവേളയിലും കുറ്റകൃത്യത്തില്‍ യാക്കൂബ് മേമന്റെ പങ്കാളിത്തം വ്യക്തമാക്കുന്ന തെളിവുകള്‍ ധാരാളമായിരുന്നു. മുഖ്യഗൂഢാലോചനക്കാരനായ ടൈഗര്‍ മേമന്‍ (യാക്കൂബ് മേമന്റെ സഹോദരന്‍), ദാവൂദ് ഇബ്രാഹിം,സഹോദരന്‍ അനീസ് ഇബ്രാഹിം എന്നിവര്‍ചേര്‍ന്ന് യാക്കൂബ് മേമനെപ്പോലുള്ള വിശ്വസ്തരെ 1992 ഡിസംബറിനും 1993 ജനുവരിക്കുമിടയില്‍ ദുബായിയിലേക്ക് വിളിച്ചുവരുത്തിയാണ് ബോംബ്‌സ്‌ഫോടനപരമ്പരക്കുള്ള ഗൂഢാലോചന നടത്തിയത്.ഗൂഢാലോചന പ്രാവര്‍ത്തികമാക്കാന്‍ യാക്കൂബ് മുഖ്യപങ്ക് വഹിക്കുക മാത്രമല്ല ഇതിനായി തന്റെ ബന്ധമുപയോഗിച്ച് 29.90 ലക്ഷം രൂപ ശേഖരിച്ചുനല്‍കുകയും ചെയ്തു. ബോംബുകള്‍ സ്ഥാപിക്കാന്‍ സ്വന്തം വാഹനങ്ങള്‍തന്നെയാണ് മേമന്‍ കുടുംബം ഉപയോഗിച്ചത്. മറ്റ് പ്രതികള്‍ക്ക് ആയുധവും സ്‌ഫോടകവസ്തുക്കളും എത്തിച്ചതും യാക്കൂബ് മേമനായിരുന്നു. കേസില്‍ മാപ്പുസാക്ഷിയായി മാറിയ മുഹമ്മദ് ഉസ്മാന്‍ ജാന്‍ ഖാന്‍ നല്‍കിയ മൊഴിയാണ് യാക്കൂബിന്റെ വിധി നിര്‍ണയിച്ചത്. ആയുധങ്ങള്‍ ഉപയോഗിക്കാനും ആര്‍ഡിഎക്‌സുകൊണ്ട് സ്‌ഫോടനം നടത്താനും പാക്കിസ്ഥാനില്‍നിന്ന് പത്തുദിവസത്തെ പരിശീലനം ലഭിച്ച ഖാന്‍, യാക്കൂബ് ഉള്‍പ്പെടെ എല്ലാവരും ആസൂത്രണത്തിലും ഗൂഢാലോചനയിലും പരിശീലനത്തിലും ആര്‍ഡിഎക്‌സ് എത്തിക്കുന്നതിലും സ്ഥാപിക്കുന്നതിലും പങ്കാളികളാണെന്ന് മൊഴിനല്‍കുകയായിരുന്നു. ടൈഗര്‍ മേമന്റെ നിര്‍ദ്ദേശപ്രകാരം ദുബായിയില്‍നിന്ന് പാക്കിസ്ഥാനില്‍പോയി ഭീകരപ്രവര്‍ത്തനത്തില്‍ പരിശീലനം നേടി ദുബായിയില്‍ തിരിച്ചെത്തിയശേഷം അവിടെനിന്ന് മുംബൈയിലെത്തിയ തന്നെയും മറ്റുള്ളവരെയും സാഹര്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചത് യാക്കൂബ് മേമനായിരുന്നുവെന്നാണ് ഉസ്മാന്‍ ഖാന്‍ മൊഴിനല്‍കിയത്.ഉസ്മാന്‍ ഖാന്‍ 'വിശ്വസിക്കാവുന്ന സാക്ഷി'യാണെന്ന് സുപ്രീംകോടതി പറയുകയും ചെയ്തു. ബോംബുസ്‌ഫോടനങ്ങള്‍ നടന്ന 1993 മാര്‍ച്ച് 12 ന് ഒരു ദിവസംമുമ്പ് മുംബൈ വിട്ട യാക്കൂബ് മേമന് പ്രത്യാഘാതങ്ങളെക്കുറിച്ച് വ്യക്തമായ ബോധമുണ്ടായിരുന്നു.1994 ല്‍ നേപ്പാളിലെ കാഠ്മണ്ഡുവില്‍നിന്ന് കുടുംബസമേതം ദല്‍ഹിയിലെത്തിയ യാക്കൂബിനെ സിബിഐ അറസ്റ്റുചെയ്യുകയായിരുന്നു. വിചാരണക്കിടെ കോടതിയിലെത്തി യാക്കൂബിനുവേണ്ടി സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ച ബന്ധു ഉസ്മാന്‍മേമനെ ജഡ്ജ് ജെ.എന്‍. പട്ടേല്‍ വിലക്കുകയുണ്ടായി. യഥാര്‍ത്ഥത്തില്‍ യാക്കൂബ് നിരപരാധിയായിരുന്നെങ്കില്‍ സാക്ഷികളെ സ്വാധീനിക്കേണ്ട ആവശ്യമില്ലായിരുന്നു. 15 വര്‍ഷം നീണ്ട വിചാരണക്കൊടുവില്‍ 2007 ലാണ് ടാഡ കോടതി യാക്കൂബ് മേമന് വധശിക്ഷ വിധിച്ചത്. ഈ വിധി സുപ്രീംകോടതി ശരിവെച്ചതുള്‍പ്പെടെ പുനഃപരിശോധനാ ഹര്‍ജിയും ദയാഹര്‍ജികളും ഉള്‍പ്പെടെ നിയമപരമായ എല്ലാ ആനുകൂല്യങ്ങളും അവസരങ്ങളും മേമന് നല്‍കുകയുണ്ടായി. ഇത്രയും നടപടികള്‍ക്കുശേഷമാണ് മേമന്റെ വധശിക്ഷ നടപ്പാക്കാനുള്ള വാറണ്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ഇതിനുശേഷമാണ് തിരുത്തല്‍ ഹര്‍ജിയുമായി യാക്കൂബ് മേമന്‍ സുപ്രീംകോടതിയെ സമീപിച്ചത്. പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചിന്റെ പരിശോധനയിലിരിക്കെ വധശിക്ഷക്കുള്ള വാറണ്ട് പുറപ്പെടുവിച്ചു എന്ന സാങ്കേതികമായ കാരണം പറഞ്ഞായിരുന്നു ഇത്. ഈ ഹര്‍ജി പരിഗണിച്ച രണ്ടംഗ ബെഞ്ച് ഭിന്നാഭിപ്രായം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് മൂന്നംഗ ബെഞ്ച് വാദം കേള്‍ക്കുകയായിരുന്നു. ഈ ബെഞ്ചും മേമന്റെ ആവശ്യം നിരസിച്ചു. ഭാരതപൗരനെന്ന നിലയ്ക്ക് നിയമപരമായ ഒരവകാശവും യാക്കൂബ് മേമന് നിഷേധിച്ചില്ലെന്ന് ചുരുക്കം. മേമന്റെ വധശിക്ഷ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് വിവിധകോണുകളില്‍നിന്ന് ഉയര്‍ന്ന മുറവിളികളില്‍ പുതുമയില്ല. മുംബൈ ആക്രമണക്കേസിലെ പ്രതിയും പാക്കിസ്ഥാന്‍കാരനുമായ അജ്മല്‍ കസബിനെ 2012 ല്‍ തൂക്കിലേറ്റിയപ്പോഴും പാര്‍ലമെന്റാക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിനെ 2013 ല്‍ തൂക്കിലേറ്റിയപ്പോഴും സമാനമായ മുറവിളികള്‍ ഉയരുകയുണ്ടായി. യാക്കൂബ് മേമന്റെ കാര്യത്തില്‍ കൂടുതല്‍ വിചിത്രമായ വാദഗതികളാണ് ഉയര്‍ന്നത്. ഒരു ന്യായാധിപന്‍തന്നെ പ്രതിയുടെ അഭിഭാഷകനെപ്പോലെ നിരുത്തരവാദപരമായി പ്രസംഗിച്ച് അന്തരീക്ഷം വഷളാക്കുകയും നീതിപീഠത്തിന്റെ വിശ്വാസ്യതക്ക് മങ്ങലേല്‍പ്പിക്കുകയും സാധാരണ ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുകയുമുണ്ടായി. പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് ശരിയായല്ല പരിഗണിച്ചതെന്ന വാദം പ്രതിയുടെ അഭിഭാഷകന്‍പോലും ഉന്നയിച്ചതല്ല. നീതിപീഠത്തിന്റെ വിശ്വാസ്യത ഉയര്‍ത്തിപ്പിടിക്കാന്‍ ബാധ്യസ്ഥനായ ഒരു ന്യായാധിപനാണ് അങ്ങേയറ്റം നിരുത്തരവാദപരമായി ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. യാക്കൂബ് മേമന്‍ വധശിക്ഷ അര്‍ഹിക്കുന്ന കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും തൂക്കിലേറ്റാതിരുന്നാല്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നുമാണ് മേമനുവേണ്ടി വാദിച്ചവര്‍ പറഞ്ഞത്. വിദ്യാസമ്പന്നനായ യാക്കൂബ് സിബിഐക്ക് കീഴടങ്ങുകയായിരുന്നുവെന്നൊരു കഥയും ഇതിനായി പ്രചരിപ്പിച്ചു. കേസിലെ മുഖ്യപ്രതികളായ ദാവൂദ് ഇബ്രാഹിം, അനീസ് ഇബ്രാഹിം, ടൈഗര്‍ മേമന്‍ മുതലായവര്‍ രക്ഷപ്പെട്ടിരിക്കെ യാക്കൂബ് മേമനെ മാത്രം എന്തിന് ശിക്ഷിക്കണം എന്നാണ് ചിലര്‍ ചോദിച്ചത്. യാക്കൂബ് മേമനെ തൂക്കിലേറ്റിയതുകൊണ്ട് ഭീകരവാദം അവസാനിക്കുമോ എന്ന് ചോദിച്ചവര്‍ തൂക്കിലേറ്റാതിരുന്നാല്‍ അങ്ങനെ സംഭവിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറഞ്ഞില്ല. സദ്ദാം ഹുസൈനെ തൂക്കിലേറ്റാതിരുന്നെങ്കില്‍, ബിന്‍ ലാദനെ വധിച്ചില്ലായിരുന്നുവെങ്കില്‍ ആഗോള ഇസ്ലാമിക ഭീകരവാദം ആവിയായിപ്പോകുമായിരുന്നോ? 1993 ലെ മുംബൈ വര്‍ഗീയകലാപത്തിനോടുള്ള പ്രതികാരമായാണ് ബോംബുസ്‌ഫോടന പരമ്പര നടത്തിയതെന്നായിരുന്നു ദാവൂദിനെപ്പോലുള്ളവരുടെ നിലപാട്. ഈ കലാപത്തില്‍ പങ്കെടുത്തവരൊന്നും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും അതുകൊണ്ട് മേമനെയും ശിക്ഷിക്കാന്‍ പാടില്ലെന്നും ചിലര്‍ വാദിച്ചു.നീതിപീഠത്തിനുമുന്നില്‍ മേമന്‍ എന്ന വ്യക്തിയില്ല, കുറ്റവാളിയേയുള്ളൂ. കുറ്റം ചെയ്തതായി തെളിഞ്ഞ ഒരു വ്യക്തി ശിക്ഷിക്കപ്പെട്ടില്ലെങ്കില്‍ സാമൂഹ്യസുരക്ഷ എന്നൊന്ന് ഉണ്ടാവില്ല.പരിഷ്‌കൃതസമൂഹംപോലും സാധ്യമാവില്ല. വര്‍ഗീയകലാപങ്ങൡ പങ്കെടുക്കുന്നവരെല്ലാം ശിക്ഷിക്കപ്പെടുന്ന അവസ്ഥ ഭാരതത്തിലെന്നല്ല, ലോകത്ത് ഒരിടത്തുമില്ല. അത് നിയമത്തിന്റെ ബലഹീനതയായോ ഭരണകൂടത്തിന്റെ പക്ഷപാതിത്വമായോ ചിത്രീകരിക്കാനുമാവില്ല. പാക്കിസ്ഥാന്റെ കാര്യത്തില്‍ ഭാരതം പുലര്‍ത്തുന്ന സംയമനം ഒരിക്കലും ആ രാജ്യത്തിന്റെ ശത്രുതാ മനോഭാവത്തിന് യാതൊരു മാറ്റവും വരുത്തുന്നില്ല. ഇതുപോലെ പാക് പിന്തുണയുള്ള ഭീകരവാദികളോട് മൃദുസമീപനം സ്വീകരിക്കുന്നത് ഗുണഫലം കൊണ്ടുവരില്ല. മാത്രമല്ല ഭാരതത്തിന് അത് തിരിച്ചടിയാവുകയും ചെയ്യും.സുരക്ഷിതപാതയൊരുക്കി രക്ഷപ്പെടുത്തുന്ന ഭീകരര്‍ കൂടുതല്‍ കരുത്താര്‍ജിച്ച് വീണ്ടും ഭാരതത്തിനെതിരെ ആക്രമണം നടത്തിയിട്ടുള്ളതാണ് അനുഭവം.ദാവൂദ് ഇബ്രാഹിമും മറ്റുമായിചേര്‍ന്ന് യാക്കൂബ് മേമന്‍ നടത്തിയത് ഭീകരാക്രമണംതന്നെയാണ്.ഇത് തെളിയിക്കപ്പെടുകയും ചെയ്തു.ഇത്തരമൊരാളെ ഏതെങ്കിലും കാരണത്താല്‍ വെറുതെവിടുന്നത് ഭീകരവാദത്തോടുള്ള മൃദുസമീപനമായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. ലോകത്ത് ഭീകരാക്രമണങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഇരയായ രാജ്യമാണ് ഭാരതം.ഭീകരവാദത്തിനെതിരായ ആഗോളപോരാട്ടത്തില്‍ ഭാരതവും പങ്കാളിയാണ്.യാക്കൂബ് മേമനെ വിട്ടയക്കുന്നത് ഈ പോരാട്ടത്തെ ദുര്‍ബ്ബലമാക്കും.മുംബൈ ബോംബ്‌സ്‌ഫോടനത്തെത്തുടര്‍ന്ന് ഭാരതത്തില്‍നിന്ന് കടന്നുകളഞ്ഞ ദാവൂദ് ഇബ്രാഹിം, അനീസ് ഇബ്രാഹിം, ടൈഗര്‍ മേമന്‍ എന്നിവര്‍ പാക്കിസ്ഥാനിലും സൗദി അറേബ്യയിലുമായി കഴിയുകയാണെന്നാണ് വിവരം. ഇവരടക്കം 50 ഭീകരരെ കൈമാറണമെന്ന ഭാരതത്തിന്റെ ആവശ്യം പാക്കിസ്ഥാന്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ സെയ്ദ് സലാഹുദ്ദീന്‍, ജയ്‌ഷെ മുഹമ്മദ് എന്ന സംഘടനയുടെ തലവന്‍ മസൂദ് അഷര്‍, ഹര്‍ക്കത്തുള്‍ജിഹാദി ഇസ്ലാമി നേതാവ് ഇല്യാസ് കശ്മീരി, ലഷ്‌കറെ തോയ്ബ കമാന്‍ഡര്‍ സാജിദ് മിര്‍, 26/11 ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ഐഎസ്‌ഐ ഉദ്യോഗസ്ഥനുമായ മേജര്‍ ഇഖ്ബാല്‍, ജമാ അത്ത് ഉദ് ദവ മേധാവി ഹഫീസ് മുഹമ്മദ് സെയ്ദ്, ദാവൂദിന്റെ കൂട്ടാൡയും മുംബൈ ബോംബ്‌സ്‌ഫോടനക്കേസിലെ പ്രതി ഛോട്ടാ ഷക്കീല്‍, ലഷ്‌കറെ തോയ്ബ സ്ഥാപകന്‍ സഖിയൂര്‍ റഹ്മാന്‍ ലഖ്‌വി എന്നിവര്‍ ഇവരില്‍പ്പെടുന്നു. ഇവരെ വിട്ടുകിട്ടാന്‍ ഭാരതം അന്താരാഷ്ട്ര വേദികളില്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിവരികയുമാണ്. ഈ നിരയില്‍പ്പെടുന്ന ഒരാളാണ് യാക്കൂബ് മേമനും. ഇയാള്‍ക്ക് കോടതി വിധിച്ച ശിക്ഷ ഒഴിവാക്കിയാല്‍ കൊടുംഭീകരരെ വിട്ടുകിട്ടണമെന്ന ഭാരതത്തിന്റെ ആവശ്യത്തിന്റെ സാധുത ചോദ്യംചെയ്യപ്പെടാം. ഭീകരവാദത്തിന് മതമില്ലെന്ന് പറഞ്ഞുനടക്കുന്നവരുടെ തനിനിറവും യാക്കൂബ് മേമനുവേണ്ടി വാദിച്ചതിലൂടെ വ്യക്തമായിരിക്കുകയാണ്.പലരാജ്യങ്ങളും നിര്‍ത്തലാക്കിയ വധശിക്ഷക്ക് എതിരായതുകൊണ്ടാണ് മേമനുവേണ്ടി വാദിക്കുന്നതെന്ന അവകാശവാദമുന്നയിച്ചവരുടെയും ദുഷ്ടലാക്ക് മേമന്റെ മതത്തില്‍തന്നെയാണ്.മുസ്ലിങ്ങളെല്ലാം വര്‍ഗീയവാദികളും മതമൗലികവാദികളും അല്ലെന്ന് വാദിച്ചുകൊണ്ടുതന്നെ ഭീകരവാദത്തോട് അനുഭാവം പുലര്‍ത്തുന്ന മുസ്ലിം വോട്ടുബാങ്കിന്റെ പങ്കുപറ്റുകയാണ് ഇവരുടെ ഉദ്ദേശ്യം. മേമന്റെ മതമാണ് അയാള്‍ക്കും തൂക്കുകയറിനുമിടയില്‍ നിലയുറപ്പിക്കാന്‍ ചിലരെ പ്രേരിപ്പിച്ചത്. അജ്മല്‍ കസബിന്റെ കാര്യത്തിലും അഫ്‌സല്‍ ഗുരുവിന്റെ കാര്യത്തിലും സംഭവിച്ചത് ഇതുതന്നെയാണ്. നിയമനടപടികള്‍ സുതാര്യമാക്കോനോ നിഷേധിക്കപ്പെടുന്ന നീതി നേടിക്കൊടുക്കുവാനോ ഒന്നുമല്ല, നീതിപീഠത്തിന്റെ വിശ്വാസ്യത കെടുത്താനും ഭരണസംവിധാനത്തെ ശിഥിലീകരിക്കാനും ഭീകരവാദികളുടെ മതവും ഉപയോഗിക്കുകയാണ്.രാജ്യത്തോടുള്ള ഈ പ്രഛന്നയുദ്ധം വിജയിക്കില്ലെന്ന് ഉറപ്പുവരുത്തേണ്ടത് ഭരണകൂടത്തിന്റെ മാത്രമല്ല, ഓരോ പൗരന്മാരുടെയും ഉത്തരവാദിത്വമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.