കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

Thursday 30 July 2015 12:37 pm IST

കുലാലംപൂര്‍: കാണാതായ മലേഷ്യന്‍ വിമാനം എംഎച്ച് 370ന്റെ ഭാഗങ്ങള്‍ കണ്ടെത്തി. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ലാ റീയൂണിയന്‍ ദ്വീപിന് സമീപമാണ് വിമാനത്തിന്റെ ചിറകിനവോട് സാമ്യമുള്ള ഭാഗങ്ങള്‍ കണ്ടെത്തിയത്. ഇത് കാണാതായ മലേഷ്യന്‍ വിമാനത്തിന്‍റേതാണെന്ന് ഏറെക്കുറെ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. ഇതുസംബന്ധിച്ച് പരിശോധന നടക്കുകയാണെന്ന് റീയൂണിയന്‍ ദ്വീപിലെ ഫ്രഞ്ച് വ്യോമസേനാംഗം അറിയിച്ചു. വിശദമായ പരിശോധനയ്ക്ക് ശേഷമായിരിക്കും വിവരം ഔദ്യോഗികമായി സ്ഥിരീകരിക്കുക. വിശദമായ പരിശോധനകള്‍ക്കായി മലേഷ്യന്‍ സര്‍ക്കാര്‍ ഒരു സംഘത്തെ അയച്ചിട്ടുണ്ട്. ബോയിങ് 777ല്‍ കാണപ്പെടുന്ന ഫ്‌ലാപ്പെറോണ്‍ എന്ന ഉപകരണം അവശിഷ്ടങ്ങളില്‍ കണ്ടെത്തിയതായി ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകും. ഇതാണ് ഇവ കാണാതായ വിമാനത്തിന്റേതാണെന്നു സ്ഥിരീകരിക്കാന്‍ കാരണം. ഇവ ഐഎച്ച് 370ന്റേതാണെന്ന് ഉറപ്പിച്ചാല്‍ വിമാനം കാണാതായതിനു ശേഷം ലഭിക്കുന്ന ആദ്യ തെളിവാണിത്. 2014 മാര്‍ച്ചിലാണ് ബീജിങിലേക്ക് പോകുന്നതിനിടെ വിമാനം അപ്രത്യക്ഷമായത്. പല രാജ്യങ്ങള്‍ ഒന്നിച്ച് തെരച്ചില്‍ നടത്തിയിട്ടും വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്താന്‍ കഴിഞ്ഞില്ല. കുലാലംപൂരില്‍ നിന്ന് 239 യാത്രക്കാരുമായാണ് വിമാനം പുറപ്പെട്ടത്. സഞ്ചാരപാതയില്‍നിന്നു വഴിമാറിയ വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളില്‍ തകര്‍ന്നുവീഴാനുള്ള സാധ്യതയാണ് ഏറ്റവും അധികം വിലയിരുത്തപ്പെട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.