ഭീകരാക്രമണകേസിലെ മൂന്നാമത്തെ വധശിക്ഷ

Thursday 30 July 2015 8:28 pm IST

ന്യൂദല്‍ഹി: യാക്കൂബ് മേമനെ തൂക്കിലേറ്റിയതോടെ അത് ഭീകരാക്രമണകേസുകളിലെ പ്രതികള്‍ക്ക് നടപ്പാകുന്ന മൂന്നാമത്തെ വധശിക്ഷയായി.  മുംബൈ ഭീകരാക്രമണകേസിലെ പ്രതി അജ്മല്‍ കസബിനും പാര്‍ലമെന്റ് ആക്രമണകേസിലെ പ്രതി അഫ്‌സല്‍ ഗുരുവിനുമാണ് ഭീകരാക്രമണകേസുകളില്‍  മുമ്പ് വധശിക്ഷ ലഭിച്ചത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ യാക്കൂബ് അബ്ദുള്‍ റസാഖ്് മേമന്‍ എന്ന് യാക്കൂബ് മേമന്‍ സഹോദരനും മുംബൈ സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരനുമായ ടൈഗര്‍ മേമന്റെ ഇടപാടുകളില്‍ പങ്കാളിയാണെന്ന് കോടതി കണ്ടെത്തി. ക്രിമിനല്‍ ഗൂഢാലോചന,രാജ്യദ്രോഹ പ്രവര്‍ത്തനത്തിന് സഹായം നല്‍കി, ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും അനധികൃതമായി കൈവശം വച്ചു എന്നീ കുറ്റങ്ങളാണ് മേമന് മേല്‍ ചുമത്തിയത്..കാഠ്മണ്ഡുവിമാനത്താവളത്തില്‍ വച്ച് നേപ്പാള്‍ പോലീസാണ് മേമനെ അറസ്റ്റ് ചെയ്ത് ഭാരതത്തിന് കൈമാറിയത്. മുംബൈ നഗരത്തില്‍ ബോംബുകള്‍ വയ്‌ക്കേണ്ട സ്ഥലങ്ങള്‍ തീരുമാനിച്ചതും അതിന് പരിശീലനം നല്‍കിയതും മേമനാണെന്നാണ്  അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. 2007 ജൂലൈ 27 നാണ് മുംബൈ ടാഡ കോടതി യാക്കൂബ് മേമന് വധശിക്ഷ വിധിച്ചത്. 2013 മാര്‍ച്ച് 21 ന് സുപ്രീംകോടതി ശിക്ഷ ശരിവച്ചു. 2014 ഏപ്രില്‍ 14 ന് രാഷ്ട്രപതി ദയാഹര്‍ജി തള്ളി. ജൂലൈ 21 ന് തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി. 1993 മാര്‍ച്ച് 12ന് മുംബൈയിലെ 13 ഇടങ്ങളിലായി നടന്ന സ്‌ഫോടനപരമ്പരകളില്‍ 257പേര്‍ കൊല്ലപ്പെട്ടിരുന്നു. മുംബൈ മഹാനഗരം നടുങ്ങിവിറച്ച 700ലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. യാക്കൂബ് മേമന്റെ സഹോദരനും ദാവൂദ് ഇബ്രാഹിമിന്റെ അനുയായിയുമായ ടൈഗര്‍മേമന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു സ്‌ഫോടനം ആസൂത്രണം ചെയ്യപ്പെട്ടത്. ദാവൂദ്, ടൈഗര്‍ മേമന്‍ ഉള്‍പ്പെടെയുള്ള സൂത്രധാരന്മാര്‍ ഇനിയും പിടിയിലായിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.