കോഴിക്കോട് പാടുന്നു

Thursday 30 July 2015 10:22 pm IST

വന്നിരിക്കൂ മടിയില്‍ നീ, നിന്റെവാ ഇന്നൊരല്‍പ്പം തുറക്കുകെന്നോമലേ നിന്റെവാക്കുകള്‍ പൊന്നായ്ച്ചമഞ്ഞെന്നു എന്നുമെപ്പോഴും ചൊല്ലുന്നു കൂട്ടുകാര്‍ ഞാനതൊന്നറിയട്ടെ നേരിട്ടിന്ന്; കാണണമതു കേള്‍ക്കയും വേണമേ. പണ്ടുപണ്ടാണൊരുണ്ണി തന്നമ്മയ്ക്കു കുഞ്ഞിവായ തുറന്നുകാണിക്കവേ അമ്പരന്നപോലമ്മ, ഭയന്നുപോല്‍ സംഭ്രമിച്ചു വിറപൂണ്ടു നിന്നുപോല്‍ മണ്ണുതിന്നുപോലന്നു കണ്ണന്‍, പക്ഷേ മണ്ണിലേയ്ക്കായിറങ്ങിയതാണുനീ. രാപകല്‍ വേര്‍ത്തു ജോലിയെടുപ്പോരെ ചേര്‍ത്തു നീനിന്റെ നെഞ്ചിനോടൊപ്പമേ മാറ്റിനിര്‍ത്തി നീ മേലാള-കീഴാള ഭേദഭാവന-എല്ലാവരുംനിന്റെ സോദരരായ്; ഒരമ്മതന്‍ മക്കളായ് മാറി നാട്ടില്‍ ജനിച്ചവരൊക്കവേ വര്‍ഗവിദ്വേഷം ചീറ്റിയ കാളിയ ദര്‍പ്പം പത്തി താഴ്ത്തി നിന്‍മിടുക്കിനാല്‍. സ്വത്തു, മറ്റു പ്രമാണിത്തവും കൊടു- ങ്കാറ്റുപോലെ പെരുമഴ പോലെവേ വന്ന് നീതിനിയമങ്ങള്‍ കൈയാളി നിന്ന നേരത്ത് വേണുഗോപാലനാ കുന്നു പോലെയുയര്‍ത്തിപ്പിടിച്ച നി- ന്നതാദര്‍ശമേറ്റഭയമായ് എണ്ണമറ്റ തൊഴിലാളികള്‍, ക്കവ- രിന്നുമായതിന്‍ നന്ദി ചൊരികയാം. എത്രകാലമായ്, വര്‍ഷങ്ങളെത്രപോയ്- നോക്കിനിന്നു ഞാന്‍ നിന്റെയുയര്‍ച്ചകള്‍ ലോകവേദികള്‍ നിന്‍ സാമവാക്കുകള്‍ വേദമെന്നപോലേറ്റെടുക്കുന്നതും കേമരായ ഭരണകര്‍ത്താക്കള്‍ നിന്‍ നീതിവാക്യങ്ങള്‍ കേട്ടിരുന്നെന്നതും നാടുനീളെപ്പറഞ്ഞു കേള്‍ക്കേയെനി- ക്കേറെയുള്ളം തണുത്തു കുളിര്‍ത്തുപോയ് നീ പറഞ്ഞീലതൊന്നുമെന്നോടിതേ നാള്‍വരെ-യിന്നു വാതുറന്നീടുക നിന്‍മൊഴിമുത്തു വാരിയെടുക്കട്ടെ, യമ്മ-വന്നെന്‍ മടിയിലിരിക്ക നീ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.