യുണൈറ്റഡിന് തോല്‍വി

Thursday 30 July 2015 11:21 pm IST

ചിക്കാഗോ: ഇന്റര്‍നാഷണല്‍ കപ്പിന്റെ യുഎസ് എഡിഷനില്‍ പ്രീമിയര്‍ ലീഗ് ടീം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തോല്‍വി. ഫ്രഞ്ച് ചാംപ്യന്മാര്‍ പാരിസ് സെന്റ് ജര്‍മന്‍ മടക്കമില്ലാത്ത രണ്ടു ഗോളിന് യുനൈറ്റഡിനെ തുരത്തി. ഫ്രഞ്ച് താരം ബ്ലെയ്‌സ് മറ്റിയുഡിയും, സ്വീഡിഷ് സൂപ്പര്‍മാന്‍ സ്ലാട്ടണ്‍ ഇബ്രാഹിമോവിച്ചും സ്‌കോറര്‍മാര്‍. ഇടവേളയ്ക്കു മുന്‍പ് വീണ ഈ ഗോളുകള്‍ക്ക് മറുപടി നല്‍കാന്‍ യുണൈറ്റഡിനായില്ല. അവസാന ഘട്ടത്തില്‍ വെയ്ന്‍ റൂണിയുടെ ഒറ്റപ്പെട്ട ചില നീക്കങ്ങള്‍ കണ്ടെങ്കിലും ഫലവത്തായില്ല. വെറും ആള്‍ക്കൂട്ടത്തെ പോലെ തോന്നിച്ചു യുണൈറ്റഡ്. മധ്യനിരയിലെ കപ്പിത്താനായിരുന്ന ഏയ്ഞ്ചല്‍ ഡി മരിയയുടെ അഭാവവും പ്രതിരോധനിരയിലെ പിഴവുകളുമാണ് യുണൈറ്റഡിനു തിരിച്ചടിയായത്. ജര്‍മന്‍ മധ്യനിരക്കാരന്‍ ബാസ്റ്റ്യന്‍ ഷെയ്ന്‍സ്റ്റിഗറെ മരിയയുടെ പകരക്കാരനായി ലൂയി വാന്‍ ഗാല്‍ കണ്ടുവെങ്കിലും താരം ടീമുമായി ഒത്തിണങ്ങുന്നതേയുള്ളൂയെന്ന് മത്സരം വ്യക്തമാക്കി. മാറ്റിയോ ഡാര്‍മിയന്‍, ഫില്‍ ജോണ്‍സ്, ഡാലി ബ്ലിന്‍ഡ്, ലൂക്ക് ഷാ എന്നിവരടങ്ങിയ പ്രതിരോധത്തിന്റെ പിടിപ്പുകേടും മത്സരം വെളിച്ചത്തു കൊണ്ടുവന്നു. 25ാം മിനിറ്റില്‍ മറ്റിയുഡിയും, ഒമ്പതു മിനിറ്റിനു ശേഷം ഇബ്രാഹിമോവിച്ചും വല കാത്ത ഡേവിഡ് ഡി ഗിയയെ കീഴടക്കിയത് പ്രതിരോധ പിഴവില്‍. പ്രത്യേകിച്ച് ജോണ്‍സും ഷായും. അടുത്ത മാസം എട്ടിന് പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തെ നേരിടുന്നതിനു മുന്‍പ് മധ്യനിരയും പ്രതിരോധവും ചടുലമാക്കേണ്ടതിന്റെ ആവശ്യവും വാന്‍ഗാലിനെ പിഎസ്ജി ബോധ്യപ്പെടുത്തി. വെയ്ന്‍ റൂണിയെ ഏക സ്‌ട്രൈക്കറാക്കി 4-2-3-1 ശൈലിയിലാണ് വാന്‍ ഗാല്‍ ടീമിനെ അണിനിരത്തിയത്. പരമ്പരാഗത 4-3-3 ശൈലി ലോറന്റ് ബ്ലാങ്കും സ്വീകരിച്ചു. ബോക്‌സിനു പുറത്തുനിന്ന് ലൂക്കാസ് ഉയര്‍ത്തി നല്‍കിയ പന്ത് എതിര്‍ പ്രതിരോധത്തെ പിളര്‍ത്തി മറ്റിയുഡി വലയിലെത്തിച്ചു. ഗോള്‍ കീപ്പര്‍ ഡേവിഡ് ഗിയ സ്ഥാനം തെറ്റി നില്‍ക്കുന്നതു മനസിലാക്കി മറ്റിയുഡിയുടെ ഷോട്ട് (1-0). ഒമ്പതു മിനിറ്റിനു ശേഷം ഫ്രഞ്ച് ടീം ലീഡുയര്‍ത്തി. ലൂക്കാസ് മൗറയില്‍നിന്നു ലഭിച്ച പന്തുമായി മുന്നേറിയ ഇബ്ര ബോക്‌സിനു സമീപം പന്ത് മാക്‌സ്‌വെല്ലിനു കൈമാറി. മാക്‌സ്‌വെല്‍ ഫിനിഷ് ചെയ്യുമെന്ന പ്രതീക്ഷയില്‍ പ്രതിരോധവും ഗോളിയും നില്‍ക്കെ ബോക്‌സിന്റെ ഇടതു മൂലയിലേക്കു മുന്നേറിയ ഇബ്രയ്ക്കു പന്ത് കൈമാറി മാക്‌സ്‌വെല്‍. ആരും മാര്‍ക്ക് ചെയ്യാനില്ലാതെ സ്വതന്ത്രനായി നിന്ന സ്വീഡിഷ് താരത്തിന് പന്ത് വലയിലേക്കു നിക്ഷേപിക്കുകയേ വേണ്ടിയിരുന്നുള്ളു (2-0). ഇന്റര്‍നാഷണല്‍ കപ്പില്‍ പിഎസ്ജിയുടെ മൂന്നാം ജയമാണിത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.