ഭീകരവാദത്തിന് ജാതിയും മതവും ഇല്ല : രാജ്‌നാഥ് സിംഗ്

Friday 31 July 2015 4:40 pm IST

ന്യൂദല്‍ഹി: ഭീകരവാദത്തിന് മതവും ജാതിയും ഇല്ലെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉദയം കൊണ്ട ഹിന്ദു ഭീകരത എന്ന പ്രയോഗം ഭീകരവാദത്തിനെതിരായ ഭാരതത്തിന്റെ നിലപാടിനെ ദുര്‍ബ്ബലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. ഭീകരവാദത്തിനെതിരായ പോരാട്ടം വലിയ വെല്ലുവിളിയാണെന്നും ഇക്കാര്യത്തില്‍ രാജ്യം രണ്ട് തട്ടിലാകരുതെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. പഞ്ചാബിലെ ഗുര്‍ദാസ്‌പൂരില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തെക്കുറിച്ച് ലോക്‌സഭയില്‍ പ്രസ്താവന നടത്തുകയായിരുന്നു അദ്ദേഹം. രണ്ടു വര്‍ഷം മുന്‍പ് ഹിന്ദു ഭീകരതയെന്ന പരാമര്‍ശം നടത്തിയ മുന്‍ ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ഷിന്‍ഡെയെ പാക്കിസ്ഥാനിലെ ഭീകരനേതാവ് ഹാഫിസ് സെയ്ദ് പ്രശംസിച്ചതാണെന്നും ഭീകരവാദത്തിന് പോലും മതത്തിന്റെ നിറം നല്‍കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും രാജ്നാഥ് സിങ് പറഞ്ഞു. ഭീകരതയ്ക്കെതിരെ പോരാടാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അതിര്‍ത്തി കടന്നുളള ഭീകരവാദപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് പാര്‍ലമെന്റിന് ഉറപ്പു നല്‍കുന്നതായും രാജ്‌നാഥ് സിംഗ് പറഞ്ഞു. ഭീകരരെ തുരത്തിയ പഞ്ചാബ് പൊലീസിനെ അഭിനന്ദിക്കാനും രാജ്‌നാഥ് സിംഗ് മറന്നില്ല. ഈ വേളയില്‍ കോണ്‍ഗ്രസ് തുടര്‍ച്ചയായി പാര്‍ലമെന്റ് തടസപ്പെടുത്തുന്നത് നിര്‍ഭാഗ്യകരമാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.