എ.ജി ഓഫീസിനു നേരെ വീണ്ടും ഹൈക്കോടതി

Friday 31 July 2015 10:49 pm IST

കൊച്ചി: അഡ്വക്കേറ്റ് ജനറല്‍ ഓഫീസിനെ വീണ്ടും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ഹൈക്കോടതി. എജി ഓഫീസ് പുന:സംഘടിപ്പിക്കണമെന്നും കേസ് നടത്തിപ്പിലെ കെടുകാര്യസ്ഥത ചീഫ് സെക്രട്ടറി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. ഭൂമിസംബന്ധമായ ക്രിമിനല്‍ കേസ് പരിഗണിക്കവേ ആയിരുന്നു കോടതിയുടെ വിമര്‍ശനം. സര്‍ക്കാരിന് കേസ് നടത്താന്‍ താല്‍പര്യമില്ലെന്നാണ് കോടതി വിമര്‍ശിച്ചത്. കഴിഞ്ഞ ദിവസം ശക്തമായ വിമര്‍ശനം ഉയര്‍ത്തിയ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് തന്നെയാണ് വീണ്ടും എജി ഓഫീസിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. പുറമേ, നാല് കേസുകളിലെ നടത്തിപ്പില്‍ എജി ഓഫീസിന്റെ കെടുകാര്യസ്ഥതയെക്കുറിച്ച് ചീഫ് സെക്രട്ടറി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ജസ്റ്റിസ് നിര്‍ദേശിച്ചത്. രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് തയ്യാറാക്കി രജിസ്ട്രാര്‍ മുമ്പാകെ അറിയിക്കണം. ക്രിമിനല്‍ കെടുകാര്യസ്ഥതയാണ് കേസ് നടത്തിപ്പില്‍ ഉണ്ടാകുന്നത്. നാല് തവണ പരിശോധിച്ച് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടും എജി ഓഫീസ് നല്‍കിയില്ല. ചില കേസുകളില്‍ എജിയുടെ ഓഫീസിന് പ്രത്യേക താല്‍പര്യം ഉണ്ടെന്നും ചില കേസുകളില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ തെറ്റായ വിവരം നല്‍കുന്നതായും ജസ്റ്റിസ് കുറ്റപ്പെടുത്തി. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഹൈക്കോടതി എജി ഓഫീസിനെ വിമര്‍ശിക്കുന്നത്. ഒരാഴ്ച മുന്‍പ് മുഖ്യമന്ത്രിയ്ക്കും എജി ഓഫീസിനും എതിരെ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്  വിമര്‍ശിച്ചിരുന്നു. അന്ന് ഇതിനെതിരേ നിയമസഭയില്‍ കര്‍ക്കശമായ ഭാഷയില്‍ വിമര്‍ശിച്ച മുഖ്യമന്ത്രിയും സാംസ്‌കാരിക വകുപ്പു മന്ത്രി കെ. സി. ജോസഫും ജഡ്ജിനെതിരേ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. എജി ഓഫീസ് പ്രവര്‍ത്തനം നിര്‍ത്തുന്നതാണ് നല്ലതെന്നും എജി ഓഫീസിന്റെ പ്രവര്‍ത്തനം എന്താണെന്ന് തമിഴ്‌നാടിനെ കണ്ടു പഠിക്കണമെന്നും തുടങ്ങി രൂക്ഷമായ വിമര്‍ശനങ്ങളായിരുന്നു ഹൈക്കോടതി നേരത്തെ ഉന്നയിച്ചത്. 120 അഭിഭാഷകര്‍ ഉണ്ടായിട്ടും കേസ് നടത്തിപ്പ് കാര്യക്ഷമമല്ല. സര്‍ക്കാര്‍ അഭിഭാഷകരേക്കൊണ്ട് കേസ് നടത്താന്‍ കഴിയുന്നില്ലെങ്കില്‍ സ്വകാര്യ അഭിഭാഷകരെ ഏല്‍പ്പിക്കണമെന്നും അബ്കാരി ഗ്രൂപ്പുകളുടേയോ ബിസിനസ് ഗ്രൂപ്പുകളുടേയോ നോമിനികളാണ് സര്‍ക്കാര്‍ അഭിഭാഷകരെന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു. കോടതി ആവശ്യപ്പെടുന്ന വിവരങ്ങള്‍ യഥാസമയം ലഭിക്കുന്നില്ല. ജോലി ചെയ്യാന്‍ പ്രാപ്തരായ ഗവ. പ്ലീഡര്‍മാരെ നിയമിക്കുന്നില്ല. എന്നിങ്ങനെയായിരുന്നു കോടതിയുടെ വിമര്‍ശനം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.