മാരിച സഹായം

Friday 31 July 2015 9:03 pm IST

അങ്ങിനെചെയ്യുന്നത് എനിക്കിഷ്ടമല്ല. വത്സ എന്റെ കാലുതൊട്ട് ആണയിട്ട് നീ സീതയെ ഗുഹയിലേക്ക് കൊണ്ടുപോവുക. നീ ഒറ്റക്ക് ഇവരെയെല്ലാം കൊല്ലാന്‍ പോന്നവനാണെന്ന് എനിക്കറിയാം. പക്ഷെ ഇവരെയെല്ലാം എനിക്കൊറ്റക്ക് വധിക്കണം എന്നാണ് എന്റെ ആഗ്രഹം. താന്‍ രാമന്റെ ആജ്ഞയനുസരിച്ചു. രാമന്‍ ഒറ്റയ്ക്ക് സംഹാരരുദ്രനെപ്പോലെ അരക്കപ്പടയെ നേരിട്ടു. അതിഘോരമായ യുദ്ധം നടന്നു. രാമസായകമേറ്റ് രാക്ഷസസേന ഒട്ടേറെ ചത്തൊതുങ്ങി. ഇതുകണ്ട് ദൂഷണന്‍ സ്വന്തം സേനയുമായി രാമനോടെതിരിട്ടു. രാമന്‍ അവന്റെ കൈകളെടുത്തു. അവന്‍ താഴെ മറിഞ്ഞുവീണു. അവന്റെ സൈന്യങ്ങളെ രാമന്‍ അരിഞ്ഞുതള്ളി. ഇതുകണ്ട് ത്രിശിരസ്സ് രാമനോട് നേരിട്ടു. അവന്റെ ആയോധനപാടവത്തെ രാമന്‍ അഭിനന്ദിച്ചു. അവസാനം പതന്നാലമ്പുകള്‍ അവന്റെ നെഞ്ചിലേക്ക് പ്രയോഗിച്ച് രാമന്‍ അവനേയും വധിച്ചു. ഇതുകണ്ട് ഖരന് ഉള്ളില്‍ ഭയം ജനിച്ചെങ്കിലും രാമനുമായി ഖരന്‍ ഘോരമായിത്തന്നെ അടരാടി. അതൊരു മഹായുദ്ധം തന്നെയായിരുന്നു. അസ്ത്രപ്രത്യസ്ത്രങ്ങളും മഹാസ്ത്രങ്ങളും ദിവ്യാസ്ത്രങ്ങളും പരസ്പരം പ്രയോഗിച്ചു. അന്തരീക്ഷം അസ്ത്രാവൃതമായി ഇതിനിടയ്ക്ക് ഖരന്‍ രാമന്റെ വില്ല് ഖണ്ഡിച്ചുകളഞ്ഞു. രാമന്‍ നിരായുധനായി. പക്ഷെ അഗസ്ത്യമഹര്‍ഷി സമ്മാനിച്ചതും മഹര്‍ഷിയില്‍ തന്നെ നിക്ഷിപ്തമായിരുന്നതുമായ ചാപബാണ തൂണീരങ്ങള്‍ രാമന്റെ കയ്യില്‍ പ്രത്യക്ഷമായി. പരശുരാമദത്തമായ വൈഷ്ണവതേജസ്സ് രാമനില്‍ പൂര്‍വാധികം പ്രകാശിച്ചു. രാമബാണമേറ്റ് തേരുതകര്‍ന്നു. ഖരന്‍ ഗദയുമായി നിലത്തുനിന്നു. അവന്‍ രാമനുനേരെ ഗദ പ്രയോഗിച്ചു. അന്തരീക്ഷത്തില്‍ വെച്ചുതന്നെ രാമന്‍ അതിനെ ശരംകൊണ്ട് പൊടിച്ചുകളഞ്ഞു. അവസാനം ഇന്ദ്രദത്തമായ ഒരു ശരമെയ്ത് രാമന്‍ ഖരനെ നിഗ്രഹിച്ചു. അങ്ങിനെ അരയാമംകൊണ്ട് അതായത് മൂന്നേമുക്കാല്‍ നാഴികകൊണ്ട് ഖരദൂഷണത്രിശരസ്സാദികളേയും പതിനാലായിരം സൈന്യത്തേയും രാമന്‍ ഏകനായി കാലപുരിക്കയച്ചു. രാമന്‍ രാക്ഷസരെ സൈന്യത്തോടുകൂടി കാലപുരിക്കയച്ചുകഴിഞ്ഞപ്പോള്‍ സീതയേയും കൂട്ടി താന്‍ ഉടജത്തിലെത്തി. ശത്രുസംഹാരം ചെയ്‌തെത്തിയ ഭര്‍ത്താവിനെ സീത പരിരംഭണം ചെയ്തു. സീതാദേവിയുടെ പ്രഥമ ശുശ്രൂഷകള്‍ കൊണ്ടും ലക്ഷ്മണന്റെ വിദഗ്ദ്ധ പരിചരണങ്ങള്‍കൊണ്ടും രാമന്‍ പൂര്‍ണ്ണ വിശ്രാന്തനായി. ഖരഭൂഷണത്രിശിരാക്കള്‍ മൃത്യുവരിച്ച വിവരം മുനിമാരെ അറിയിക്കാനായി രാമന്‍ തന്നോടു പറഞ്ഞു. ഈ വിവരമറിഞ്ഞപ്പോള്‍ ഏതായാലും രാക്ഷസരുടെ നാശം അടുത്തുകഴിഞ്ഞിരിക്കുന്നു എന്ന് മുനിമാര്‍ പരസ്പരം പറയാന്‍ തുടങ്ങി. രാക്ഷസരുടെ മായാപ്രവര്‍ത്തികളുടെ പ്രഭാവം രാമാദികള്‍ക്ക് ഏല്കാതിരിക്കാനായി അവര്‍ അംഗുലീയം, ചൂഡാരത്‌നം, കവചം എന്നിവ കൊടുത്തുവിട്ടു. രാമന്‍ അതില്‍ അംഗുലീയത്തെ താന്‍തന്നെ സ്വീകരിക്കുകയും ചൂഡാരത്‌നത്തെ സീതയ്ക്കു നല്‍കുകയും കവചം ലക്ഷ്മണന് നല്‍കുകയും ചെയ്തു. രാവണചാരനായ അകമ്പനന്‍ ഖരദൂഷണാദികളും പതിന്നാലായിരം സൈന്യങ്ങളും വധിക്കപ്പെട്ട വൃത്താത്തം ലങ്കയിലെത്തി രാവണനെ അറിയിച്ചു. ഇതുകേട്ട രാവണന്‍ രാമനിഗ്രഹത്തിന് ചാടിപ്പുറപ്പെടാന്‍ തയ്യാറായി. ഇതുകണ്ട അകമ്പനന്‍ രാവണനോട് പറഞ്ഞു. മഹാരാജാവേ, രാമന്‍ അസ്ത്രവിദ്യയില്‍ നിപുണനും, മഹാബലവാനും പരാക്രമിയുമാണ്. ദേവാസുരന്മാര്‍ ഒന്നിച്ചെതിര്‍ത്താലും രാമനെ കീഴ്‌പ്പെടുത്താന്‍ കഴിയുമെന്ന് തോന്നുന്നില്ല. രാമനെ കൊല്ലണമെങ്കില്‍ ഞാന്‍ ആലോചിച്ചിട്ട് ഒറ്റ മാര്‍ഗ്ഗമേ കാണുന്നുള്ളു. രാമപത്‌നിയായ സീത രാമനോടൊത്തുണ്ട്. രത്‌നാഭരണവിഭൂഷിതയായ വിശ്വസുന്ദരി. അങ്ങ് വനത്തില്‍ ചെന്ന് ചതിയോ വഞ്ചനയോ കാപട്യമോ ബലമോ പരാക്രമമോ ഏതെങ്കിലും മാര്‍ഗ്ഗമുപയോഗിച്ച് സീതയെ അപഹരിച്ചുകൊണ്ടുപോരണം. സീതാവിരഹം നടന്നാല്‍ രാമന്‍ പ്രാണത്യാഗം നിശ്ചയമായും ചെയ്തുകളയും. രാവണന് ഈ അഭിപ്രായം വളരെ ഇഷ്ടപ്പെട്ടു. പിറ്റേന്നുതന്നെ മാരീചനെ സമീപിച്ചു. താടകാപുത്രനായ മാരീചനോട് ഈ കാര്യനിര്‍വഹണത്തിനായി രാവണന്‍ സഹായമഭ്യര്‍ത്ഥിച്ചു. രാമലക്ഷ്മണന്‍മാരുടെ പേരുകേട്ടപ്പോഴെ മാരീചന് ഭയമായി. രാവണന്റെ അഭ്യര്‍ത്ഥന കേട്ട മാരീചന്‍ ചോദിച്ചു. നിനക്കീ കെട്ട ഉപായം ആരാണ് പറഞ്ഞുതന്നത്? ശ്രീരാമന്‍ ഒരു മദയാനയാണ് ശരിക്കും പറഞ്ഞാല്‍ അക്രമാസക്തനായ ഒരു സിംഹം. ഉറങ്ങുന്ന സിംഹത്തെ ഉണര്‍ത്തുന്നത് ശരിയല്ല. സര്‍വനാശകരമായ ഇത്തരം ഉദ്യമത്തിന് ഒരിക്കലും മുതിരരുത്. നിനക്ക് ഈ ഉപായം പറഞ്ഞുതന്നവന്‍ നിന്റെ ശത്രുവാണ്. നീ ലങ്കയ്ക്കുതന്നെ മടങ്ങിപ്പോകുക. രാവണന്‍ മാരീചന്റെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് ലങ്കയിലേക്ക് മടങ്ങിപ്പോയി. (തുടരും) രാമപാദങ്ങളില്‍-113

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.