യെച്ചൂരിമാരുടെ തല പരിശോധിക്കണം

Friday 31 July 2015 10:14 pm IST

ഒരുപക്ഷെ ആദ്യമായിട്ടായിരിക്കാം ഭാരതത്തില്‍ വധശിക്ഷക്ക് മതവ്യാഖ്യാനം ഉണ്ടാവുന്നത്. രാജ്യത്തെ പല സംസ്ഥാനങ്ങളിലുമായി അനേകം ഹിന്ദുക്കളും മുസ്ലിങ്ങളും വധശിക്ഷക്ക് വിധേയരായിട്ടുണ്ട്. പക്ഷെ മുംബൈ ബോംബുസ്‌ഫോടനക്കേസിലെ മുഖ്യപ്രതിയായ യാക്കൂബ് മേമന്‍ തൂക്കിലേറ്റപ്പെട്ടപ്പോള്‍ തൂങ്ങിയത് ഒരു മുസ്ലിമായി! അത് മുസ്ലിം മതവിഭാഗത്തോടുള്ള വിവേചനമായി വ്യാഖ്യാനിക്കപ്പെട്ടു!! മുംബൈ ബോംബുസ്‌ഫോടനക്കേസിലെ മുഖ്യപ്രതി ടൈഗന്‍ മേമന്റെ  സഹോദരനായിരുന്നു യാക്കൂബ് മേമന്‍. 1993 ല്‍ മുംബൈ നഗരത്തിലെ പതിമൂന്നിടങ്ങളില്‍ നടത്തിയ ബോംബുസ്‌ഫോടനങ്ങളില്‍ 257 പേര്‍ മരിക്കുകയും 713 പേര്‍ക്ക് പരിക്കേല്‍ക്കുകയും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടാകുകയും ചെയ്തു. മരിച്ചവരില്‍ മുസ്ലിമെത്ര, ഹിന്ദുവെത്ര എന്ന കണക്കുകള്‍ ആരും തിരക്കിയില്ല. പക്ഷെ ഇപ്പോള്‍ ന്യൂനപക്ഷ പ്രീണനം ലക്ഷ്യമിട്ട് സിപിഎം നേതാവ് സീതാറാം യെച്ചൂരി പറഞ്ഞത് മേമന്റെ വധശിക്ഷ നടപ്പാക്കിയതില്‍ മതവിവേചനമുണ്ടെന്നാണ്. യാക്കൂബ് മേമന്റെ വധശിക്ഷ മുംബൈ ബോംബുസ്‌ഫോടനക്കേസിലെ ഒന്നാമത്തെ വധശിക്ഷയാണ്. ഈ കേസില്‍ വ്യക്തമാകുന്നത് ഭാരതനീതിപീഠത്തിന്റെ നിഷ്പക്ഷതയും പ്രതിബദ്ധതയുമാണ്. 2006 മാര്‍ച്ചില്‍ വിചാരണക്കോടതി മേമന് വധശിക്ഷ വിധിക്കുകയും അത് സുപ്രീംകോടതി ശരിവെക്കുകയും ചെയ്തു. 2015 ജൂലൈ 21 ന് മേമന്‍ നല്‍കിയ തിരുത്തല്‍ഹര്‍ജി സുപ്രീംകോടതിയും ദയാഹര്‍ജി രാഷ്ട്രപതിയും തള്ളി. ജൂലൈ 30 ന് പുലര്‍ച്ചെ 4.55 നുപോലും സുപ്രീംകോടതിയുടെ  മൂന്നംഗ ബെഞ്ച് മേമന്റെ ഹര്‍ജി പരിഗണിക്കുകയുണ്ടായി. മേമന്റെ വധശിക്ഷയില്‍ അവസാനനിമിഷംവരെ ന്യായവും നീതിയും പാലിക്കപ്പെട്ടുവെന്നതിന് ഇത് അടിവരയിടുന്നു. വധശിക്ഷ നടപ്പാക്കുന്നതില്‍ വിവേചനമുണ്ടെന്നും വധശിക്ഷക്ക് വിധിക്കപ്പെടുന്നവര്‍ മുസ്ലിങ്ങളാണെന്നും  സീതാറാം യെച്ചൂരി പറയുന്നത് ശുദ്ധ അസംബന്ധമാണ്. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ തൂക്കിലേറ്റപ്പെട്ടവരില്‍ ഭൂരിപക്ഷവും ഹിന്ദുക്കളാണെന്നും 72 മുസ്ലിങ്ങള്‍ മാത്രമാണ് ഈ അരനൂറ്റാണ്ടിനുള്ളില്‍ വധശിക്ഷക്ക് വിധേയരായതെന്നുമുള്ള സത്യം യെച്ചൂരിമാര്‍ സൗകര്യപൂര്‍വം വിസ്മരിക്കുന്നു. പറഞ്ഞിട്ട് കാര്യമില്ല. ഇക്കൂട്ടരുടെ കണ്ണ് ന്യൂനപക്ഷ വോട്ടുബാങ്കിലാണെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. സദ്ദാം ഹുസൈനെ തൂക്കിലേറ്റിയപ്പോള്‍ ഹര്‍ത്താല്‍ നടത്തിയവരാണല്ലോ യെച്ചൂരിയുടെ പാര്‍ട്ടിക്കാര്‍. ഭാരതത്തില്‍ ഇതാദ്യമായാണ് തൂക്കുകയറിനും മതപരമായ മുദ്ര ചാര്‍ത്തപ്പെടുന്നത്. മുംബൈയെ വിറപ്പിച്ച സ്‌ഫോടനപരമ്പര അധോലോക നായകനായ ദാവൂദ്   ഇബ്രാഹിം, ടൈഗര്‍ മേമന്‍, ഇപ്പോള്‍ തൂക്കിലേറ്റപ്പെട്ട യാക്കൂബ് മേമന്‍ തുടങ്ങിയവര്‍ പാക്കിസ്ഥാന്റെയും ആ രാജ്യത്തിന്റെ ചാരസംഘടനയായ ഐഎസ്‌ഐയുടെയും സഹായത്തോടെ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ്. മതവിരോധമായിരുന്നു ഇതിന് കാരണം. വധശിക്ഷക്ക് വിധിക്കപ്പെട്ട മറ്റൊരു പ്രതിയോടും കാണിക്കാത്ത പരിഗണനയാണ് മേമന്റെ തുടര്‍ച്ചയായ ദയാഹര്‍ജി പരിഗണിക്കുന്നതില്‍ സുപ്രീംകോടതി കാണിച്ചത്.യാക്കൂബ് മേമന് നിയമപരമായ എല്ലാ സാധ്യതകളും അവസരങ്ങളും പരമോന്നത നീതിപീഠം നല്‍കുകയുണ്ടായി. പാക്കിസ്ഥാന്‍ ഇപ്പോഴും ഭാരതത്തെ ലക്ഷ്യമിട്ട് അതിര്‍ത്തിഗ്രാമങ്ങളിലും നിയന്ത്രണരേഖക്ക് സമീപവും സൈനികാക്രമണങ്ങള്‍ നടത്തുകയാണ്. ഈ കടന്നുകയറ്റം തടയാന്‍ ഭാരതം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിത്. തൂക്കുകയറിന് മതത്തിന്റെ നിറം നല്‍കി വര്‍ഗീയവികാരം ആൡക്കത്തിക്കാന്‍  ശ്രമിക്കുന്ന ശക്തികള്‍ പാക്കിസ്ഥാനെയാണ് സഹായിക്കുന്നത്. കുറ്റകൃത്യം ഘോരമായതിനാലാണ് വധശിക്ഷ നല്‍കുന്നത്. ഭാരതത്തില്‍ വിവിധ സംസ്ഥാനങ്ങളിലായി സ്വാതന്ത്ര്യാനന്തരം അനേകംപേര്‍ വധശിക്ഷക്ക് വിധേയമായെങ്കിലും ഇതാദ്യമായി ഒരു കുറ്റവാളിയുടെ മതം ചര്‍ച്ചാവിഷയമാക്കുന്നത് സ്വാഭാവികമായി കരുതാനാവില്ല. മേമന്റെ വധശിക്ഷയെ വിമര്‍ശിക്കുന്നവര്‍ ആഗ്രഹിക്കുന്നത് ന്യൂനപക്ഷങ്ങള്‍ എത്ര കടുത്ത കുറ്റംചെയ്താലും അത് കുറ്റമാക്കരുതെന്നും കുറ്റകൃത്യങ്ങള്‍ക്കും ഭൂരിപക്ഷ-ന്യൂനപക്ഷ വേര്‍തിരിവും പരിഗണനയും നല്‍കണെമന്നുമാണോ? നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാനം ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത് എന്നാണ്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വങ്ങളായ കേസുകളിലാണ് വധശിക്ഷ വിധിക്കുന്നത്. മേമനുള്‍പ്പെട്ട ഭീകരാക്രമണക്കേസ് ഇത്തരത്തിലുള്ള ഒന്നായിരുന്നു. ഇപ്പോള്‍ വധശിക്ഷ വേണമോ വേണ്ടയോ എന്ന ചര്‍ച്ച നടക്കുന്ന സമയമാണ്. ഭൂരിപക്ഷം രാജ്യങ്ങളും വധശിക്ഷയെ എതിര്‍ക്കുന്നുമുണ്ട്. അഹിംസയില്‍ വിശ്വസിക്കുന്ന ഭാരതവും ലോകമെങ്ങും ഉയര്‍ന്നുകഴിഞ്ഞ ജനവികാരം കണക്കിലെടുക്കേണ്ടതാണ്. അത് മറ്റൊരു വിഷയം. ഇക്കാര്യം തുറന്ന മനസോടെ ചര്‍ച്ച ചെയ്യാന്‍ ഒരുക്കമാണെന്ന് ബിജെപിയും കേന്ദ്രസര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്. യാക്കൂബ്  മേമനെ തൂക്കിലേറ്റിയത് മുസ്ലിമായതിനാലാണെന്നും മുസ്ലിങ്ങളാണ് അധികവും വധശിക്ഷക്ക് വിധേയരാകുന്നവരെന്നും വാദിക്കുന്നവര്‍ മതത്തിന്റെ പേരില്‍ രാജ്യത്തെ ജനതയെ വിഭജിക്കാന്‍ ശ്രമിക്കുന്നവരാണ്. ദാവൂദ് ഇബ്രാഹിമിന്റെ മനസ്സാണ് ഇവരുടേത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.