ആ സംവിധായകന്‍ ഞാനാണ്

Saturday 1 August 2015 2:18 pm IST

നക്ഷത്രക്കണ്ണുകളുമായി വെള്ളിത്തിരയിലേക്ക് കടന്നുവന്ന വിനീത് കുമാര്‍ എന്ന കൊച്ചുപയ്യന്‍ ബാലതാരമായി വളര്‍ന്ന് നായകനായി ഇപ്പോള്‍ ക്യാമറയ്ക്കു പിന്നിലും അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്തിന്റെ തൂലികയില്‍ പിറന്ന അയാള്‍ ഞാനല്ല എന്ന സിനിമയ്ക്കായാണ് വിനീത് ദൃശ്യഭാഷ്യമൊരുക്കിയിരിക്കുന്നത്. വളരെ വ്യത്യസ്തമായ രൂപഭാവങ്ങളൊടെ ഫഹദ് ഫാസില്‍ നായകനായി എത്തുന്നു എന്ന പ്രത്യകത കൂടി അയാള്‍ ഞാനല്ല എന്ന സിനിമയ്ക്കുണ്ട്. മൃദുല മുരളി നായികയായെത്തുന്ന ചിത്രത്തിന്‍ ടി.ജി. രവി, രണ്‍ജി പണിക്കര്‍, ടിനി ടോം, ദിവ്യ പിള്ള എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത് ഡോ.ടി.എ. സുന്ദര്‍ മേനോനാണ്. 1988ല്‍ പഠിപ്പുര എന്ന സിനിമയിലൂടെ ചലച്ചിത്ര ലോകത്തെത്തിയ വിനീതിന് ഒരു ഒരു വടക്കന്‍ വീരഗാഥയിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. തന്റെ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നതിന്റെ തിരക്കുകള്‍ക്കിടയിലും വിനീത് ജന്മഭൂമിയോട് മനസ്സുതുറന്നു. സംവിധായകനെന്ന റോളില്‍ തുടക്കകാരനായ വിനീതിന് രഞ്ജിത്തിന്റെ കഥ അത് എങ്ങനെ സംഭവിച്ചു? രഞ്ജിയേട്ടന്റ ഒരുപാട് സിനിമയിന്‍ അഭിനയിക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും അദ്ദേഹവുമായി എനിക്ക് എന്നും ഒരു വ്യക്തിബന്ധം ഉണ്ടായിരുന്നു. ഞാന്‍ ബ്ലൂം എന്നൊരു ഫ്‌ളേവേര്‍ഡ് മില്‍ക്കിന്റെ പരസ്യചിത്രം സംവിധാനം ചെയ്തിരുന്നു. ആ പരസ്യചിത്രം രഞ്ജിയേട്ടന്‍ കാണാനിടയാകുകയും വളരെ ഇഷ്ടപ്പെടുകയും ചെയ്തു. അങ്ങനെ ഏകദേശം ഒരുമാസത്തിനുശേഷം എന്നോട് ഒരു സിനിമ സംവിധാനം ചെയ്യുന്നതിനെക്കുറിച്ചാലോചിക്കാന്‍ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. പക്ഷെ ആ സമയത്ത് സിനിമ സംവിധാനം ചെയ്യുന്നതിനെക്കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടുപൊലും ഉണ്ടായിരുന്നില്ല.  രഞ്ജിയേട്ടന് എന്നിലെ സംവിധായകനില്‍ നല്ല വിശ്വാസമുണ്ടായിരുന്നു. പല കഥകളും ആലോചിച്ചുവെങ്കിലും പല കാരണത്താല്‍ അതൊന്നും നടന്നില്ല. ആ അവസരത്തിലാണ് രഞ്ജിയേട്ടന്‍ കഥ എന്നോട് പറയുന്നതും സിനിമയുണ്ടാകുന്നതും. അപ്പോഴേക്കും പരസ്യചിത്രം സംവിധാനം ചെയ്തിട്ട് ഏകദേശം മൂന്നുവര്‍ഷം പിന്നിട്ടിരുന്നു. സിനിമാ സംവിധാനത്തിന് രഞ്ജിയേട്ടന്റെയും ഫഹദിന്റെയും നിരന്തരമായ പ്രോത്സാഹനവും ഈ സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്. രഞ്ജിത്തിന്റെ കഥയ്ക്കുവേണ്ടി സംവിധായകര്‍ ക്യൂ നില്‍ക്കുന്ന അവസരത്തില്‍ അങ്ങനെയൊരു വിശ്വാസം വലിയ അനുഗ്രഹമല്ലേ? തീര്‍ച്ചയായും, രഞ്ജിയേട്ടന്റെ സിനിമയുടെ ചെറിയൊരു ‘ഭാഗമാവുക എന്നതുപോലും എനിക്ക് സന്തോഷമുള്ള കാര്യമാണ്. അങ്ങനെയുള്ള എനിക്ക് എന്റെ പേരിനോപ്പം അദ്ദേഹത്തിന്റെ പേര് ഉണ്ടാകുകയെന്നത് മഹാഭാഗ്യമായി കരുതുന്നു. തിരിച്ചറിയാന്‍ പോലും പ്രയാസമുള്ള വേഷപ്പകര്‍ച്ചയിലാണല്ലോ ഫഹദ്? അയാള്‍ ഞാനല്ല എന്ന പേരു സൂചിപ്പിക്കുന്നതു പോലെ ഫഹദിന് രണ്ട് ക്യാരക്ടറുകളുണ്ട്. അത് സിനിമയില്‍ എങ്ങനെ പ്രത്യക്ഷപ്പെടുമെന്നത് നിങ്ങള്‍ കണ്ടതിനുശേഷം തീരുമാനിക്കുന്നതായിരിക്കും നല്ലത്. അയാള്‍ ഞാനല്ല എന്നതില്‍ കൊയിലാണ്ടിക്കാരനായ പ്രകാശനെന്ന യുവാവായി എത്തുന്നത് ഫഹദാണ്. പ്രാദേശിക സംസാരരീതികളിലൂടെ പല മലയാള സിനിമകളും ശ്രദ്ധനേടിയിട്ടുണ്ട്, ഈ സിനിമയേയും ഇത്തരത്തില്‍പ്പെടുത്താമോ? ശ്രദ്ധിക്കപ്പെടാനായി ബോധപൂര്‍വ്വം സംസാരരീതിയില്‍ മാറ്റം കൊണ്ടുവന്നതല്ല. ഈ സിനിമയിലെ പ്രധാന കഥാപാത്രമായ പ്രകാശന്‍ ജനിച്ചതും പത്താംക്ലാസ്സുവരെ പഠിച്ചതും കോഴിക്കോടുള്ള കൊയിലാണ്ടിയിലാണ്. അതിനുശേഷമാണ് അയാള്‍ ഗുജറാത്തിലെത്തുന്നതും തുടര്‍ന്നുള്ള കഥാ സന്ദര്‍ഭങ്ങളും. അത്തരത്തിലുള്ള ഒരാള്‍ തന്റെ നാട്ടിലെ ‘ഭാഷ സംസാരിക്കുക സ്വാഭാവികമായി സംഭവിക്കുന്നതാണ്. കൂടാതെ ഈ കഥാപാത്രത്തിന് ശബ്ദം നല്‍കിയിരിക്കുന്നതും ഫഹദാണ്. ഈ സിനിമയില്‍ റൊമാന്‍സിനാണോ കോമഡിക്കാണോ മുന്‍തൂക്കം? എനിക്ക് മനുഷ്യരുടെ കഥ പറയാനാണ് ഇഷ്ടം. ഈ സിനിമ പ്രകാശന്റെ ജീവിതമാണ്. അതില്‍ റൊമാന്‍സ് ഒരു ചേരുവ മാത്രമാണ്. കോമഡികള്‍ സ്വാഭാവികമായി സംഭവിക്കുന്നവയും. ഫഹദിന്റെ ന്യൂ ജനറേഷന്‍ സിനിമയില്‍പ്പെടുമോ അയാള്‍ ഞാനല്ല? ഞാന്‍ ജനറേഷന്‍ സിനിമകളില്‍ വിശ്വസിക്കുന്നില്ല. എല്ലാക്കാലത്തും നല്ല സിനിമകള്‍ ആസ്വദിക്കപ്പെട്ടിരുന്നു. തുടര്‍ന്നും അങ്ങനെ തന്നെ ആകുമെന്നാണ് എനിക്ക് തോന്നുന്നത്.ഈ സിനിമയില്‍ പ്രകാശന്‍ എന്ന വ്യക്തിക്ക് എന്തൊക്കെയാണോ  ആവശ്യമായത് അവ മാത്രമേ നല്‍കിയിട്ടുള്ളൂ. ഫഹദിന്റെ അഭിപ്രായവും ഇതുതന്നെയായിരുന്നു. സംവിധാന മോഹം പണ്ടുതൊട്ടേ മനസ്സിലുണ്ടോ? സിനിമയെന്നത് എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട മേഖലയാണ്.  സിനിമയെനിക്ക് ജോലിയല്ല, ജീവിതം തന്നെയാണ്. വര്‍ഷങ്ങളായുള്ളില്‍ നിറഞ്ഞുനില്‍ക്കുന്ന ആഗ്രഹമാണിത്. അതിന്റെ ആദ്യഘട്ടം എന്ന നിലയിലാണ് പരസ്യചിത്രങ്ങള്‍ സംവിധാനം ചെയ്തതും. ക്യാമറയ്ക്കു പിന്നിലുള്ള കാര്യങ്ങള്‍ പഠിക്കാന്‍ പരസ്യചിത്രങ്ങള്‍ ഏറെ സഹായിച്ചു. ഇതെന്റെ ആദ്യത്തെ സിനിമയെന്നേ ഞാന്‍ പറയൂ. കാരണം ഞാന്‍ ഇനിയും സിനിമകള്‍ സംവിധാനം ചെയ്യാന്‍ ആഗ്രഹിക്കുന്നു. അഭിനേതാവ്, ഡാന്‍സര്‍, സംവിധായകന്‍... ഇതില്‍ ഏറ്റവും സന്തോഷം കണ്ടെത്തുന്നത് ഏതിലാണ്? ഡിഗ്രിക്ക് ഗണിതശാസ്ത്രമായിരുന്നു ഞാന്‍ തിരഞ്ഞടുത്തത്. മൂന്നു വിഷയങ്ങളില്‍ എനിക്ക് മുഴുവന്‍ മാര്‍ക്കും ഉണ്ടായിരുന്നു. ആ സമയത്ത് ഒരു ക്വസ്റ്റന്‍ നന്നായി സോള്‍വ് ചെയ്താല്‍ എനിക്ക് വളരെ ആവേശം തോന്നുമായിരുന്നു. അതുപോലെ അഭിനയമായാലും ഡാന്‍സായാലും എന്റെ അഭിരുചികളുമായി ഒത്തു പോകുകയാണെങ്കില്‍ എല്ലാം സന്തോഷമാണ്. ഈ പറഞ്ഞവയിലേതെങ്കിലും എനിക്ക് ആസ്വദിക്കാന്‍ പറ്റാതാകുമ്പോള്‍ ഞാന്‍ അതില്‍ നിന്നും മാറി അടുത്തതിലേക്കുപോകും. അഭിനയത്തിലെ ഇടവേളകള്‍ക്ക് കാരണം? എന്നെ തേടിയെത്തുന്ന കഥകളില്‍ എന്നിലെ  അഭിനേതാവിന് ഇഷ്ടം തോന്നുന്നവ ചെയ്യാനാണ് എനിക്കിഷ്ടം. വ്യക്തിപരമായ ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ ഞാന്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ടുതന്നെ പല സിനിമകളിലും അഭിനയിച്ചിട്ടുമുണ്ട്. ചിലത് ഒട്ടും ആസ്വദിക്കാന്‍ പറ്റാതെ തന്നെ. മലയാള സിനിമയില്‍ പ്രേമം സൃഷ്ടിച്ച തരംഗത്തെ മറികടക്കാന്‍ വിനീതിന്റെ സിനിമയ്ക്കാകുമോ? ഓരോ സിനിമയ്ക്കും ഓരോ രീതിയാണ്. തമിഴ് സിനിമ കാണാന്‍ പോകുന്നതു പോലെയല്ല മലയാള സിനിമ കാണാന്‍ പോകുന്നത്. പ്രേമം കാണാന്‍ പോകുന്ന മനസ്സോടെ ബാഹുബലി കാണാന്‍ പോയാല്‍ ഇഷ്ടമാകണമെന്നില്ല. ഓരോ സിനിമയ്ക്കും വ്യത്യസ്ത രുചികളാണ്. അയാള്‍ ഞാനല്ല എന്ന സിനിമയെ പ്രേമവുമായി താരതമ്യം ചെയ്യാന്‍ ഞാന്‍ ആളല്ല. സിനിമ റിലീസ് ചെയ്യുന്ന ദിവസം തന്നെ വ്യജ സിഡിയിലൂടെയും മറ്റുമാര്‍ഗ്ഗങ്ങളിലൂടെയും സിനിമകള്‍ കാണുന്ന ഈ കാലത്ത് അത്തരം സാധ്യതകളൊക്കെ ഇല്ലാതാക്കിയുള്ളതാണോ വിനീതിന്റെ സിനിമ? ഇത്തരം വെല്ലുവിളികളെ പൂര്‍ണ്ണമായും ഇല്ലാതാക്കുക അസാധ്യമാണ്. ഇവയെ അതിജീവിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. വേറൊരു കാര്യം ഒരു തിയേറ്ററില്‍ സിനിമ കാണുന്ന സുഖം ഒരിക്കലും മൊബൈലില്‍ ലഭിക്കുകയില്ല. സിനിമയിലെ ഓരോ സീനും തിയേറ്റര്‍ സ്‌ക്രീന്‍ മനസ്സില്‍ കണ്ടുകൊണ്ടാണ് ഷൂട്ട് ചെയ്യുന്നത്. വിനീതിന്റെ സിനിമാപ്രവേശനം, കുടുംബം? യുവജനോത്സവ വേദികളിലൂടെയാണ് ഞാന്‍ സിനിമയിലെത്തിയത്.‘ഭരതനാട്യത്തില്‍ സംസ്ഥാന തലത്തില്‍ ഒരുപാടുതവണ സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്.  ഞാന്‍ ജനിച്ചതും വളര്‍ന്നതും കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടി എന്ന സ്ഥലത്താണ്. അച്ഛനും അമ്മയ്ക്കും ഞങ്ങള്‍ മൂന്നു പേരാണ്. ഭാര്യ സന്ധ്യ മകള്‍ മൈത്രേയി ഇവരൊക്കെ ചേര്‍ന്നതാണ് എന്റെ കുടുംബം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.