തൃപ്പുണിത്തുറ: കൊക്കെയ്നുമായി രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റു ചെയ്തു. നിതിന്‍, മുന്ന എന്നിവരാണ് തൃപ്പുണിത്തുറ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്ന് 14 ഗ്രാം കൊക്കെയ്നും എല്‍എസ്ഡിയും പിടിച്ചെടുത്തു. രണ്ടുപേര്‍ മയക്കു മരുന്നുമായി തൃപ്പൂണിത്തുറയിലെത്തുന്നതായി പോലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് എസ്എന്‍ ജംഗ്ഷനില്‍ വച്ചാണ് ഇവരെ അറസ്റ്റു ചെയ്തത്.
പിടിയിലായ നിധിനും മുന്നയും തൃശ്ശൂര്‍ സ്വദേശികളാണ്. എറണാകുളം ജില്ലയിലെ വിവിധ ഇടങ്ങളില്‍ കൊക്കെയ്ന്‍ എത്തിക്കുന്ന സംഘത്തിന്റെ കണ്ണികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. ഫഌറ്റില്‍ നിന്നും മയക്കു മരുന്നു പിടിച്ച സംഭവവുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും, ഫ്ളാറ്റില്‍ മയക്ക് മരുന്ന് എത്തിച്ചു നല്‍കുന്നത് ഇവരാണെന്നുമാണ് പോലീസ് പറയുന്നത്. തൃപ്പൂണിത്തുറയിലെ ഒരു ഫഌറ്റില്‍ നിന്നും മയക്കു മരുന്നുമായി മൂന്നുപേരെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു.
പിടിയിലായയുവാക്കളെ ചോദ്യം ചെയ്തു വരികയാണ്. ചെന്നൈയില്‍ ഒരുമിച്ചു പഠിച്ച ഇരുവരുമിപ്പോള്‍ ബെങ്കളൂരുവിലാണ് ജോലി ചെയ്യുന്നത്. ഇന്റര്‍നെറ്റു വഴി ഓര്‍ഡര്‍ ചെയ്ത് ഒരു വിദേശിയില്‍ നിന്നാണ് മയക്കു മരുന്ന് വാങ്ങുന്നതെന്നാണിവര് പോലീസിനോടു പറഞ്ഞിരിക്കുന്നത്. മൂന്നു ഗ്രാമോളം വരുന്ന കൊക്കൈന്‍ 3500 രൂപക്കാണിവര്ക്ക് ലഭിക്കുന്നത്. സംഘത്തിലെ മറ്റുള്ളവര്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: