കനത്ത മഴ; പശ്ചിമബംഗാളില്‍ 39 മരണം

Saturday 1 August 2015 8:06 pm IST

കൊല്‍ക്കത്ത: രണ്ടു ദിവസമായി തുടരുന്ന കനത്തമഴയിലും കാറ്റിലും പശ്ചിമബംഗാളില്‍ 39 മരണം. തീരദേശങ്ങളിലേയും വൃഷ്ടി പ്രദേശങ്ങളിലേയും ജനങ്ങള്‍ക്ക് 24 മണിക്കൂര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കാലവര്‍ഷത്തില്‍ മരിച്ചവരുടെ കുടുംബത്തിന് നാലു ലക്ഷം രുപ നഷ്ടപരിഹാരമായി നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. കിഴക്കന്‍ മിഡ്‌നാപൂര്‍, ബീര്‍ഭും, മാള്‍ഡ, ബര്‍ദ്വാന്‍, ഹൂഗ്ലി തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്.  പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ലണ്ടന്‍ സന്ദര്‍ശനം ചുരുക്കി തിരിച്ചെത്തി. അതിനിടെ കനത്ത പേമാരിയില്‍ ഗംഗാ നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് ഹൗറ സ്റ്റേഷനു സമീപത്തായുള്ള ജെട്ടിയുടെ ഒരു ഭാഗം നിലംപതിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ വീശിയ കോമന്‍ ചുഴലിക്കാറ്റിന്റെ ശക്തി ക്ഷയിച്ചു പശ്ചിമബംഗാള്‍ തീരത്തേയ്ക്ക് നീങ്ങിയതാണ് കാലവര്‍ഷം കനക്കാന്‍ കാരണം. കാലാവസ്ഥാ നിരിക്ഷകര്‍ ഇന്നലെ രാവിലെ നടത്തിയ കണക്കെടുപ്പില്‍ സംസ്ഥാനത്ത് ഇതുവരെ 133.6 മില്ലീമീറ്റര്‍ മഴ ലഭിച്ചിട്ടുണ്ട്. ശക്തമായ പേമാരിയില്‍ സിയാല്‍ദ, ഹൗറ തുടങ്ങിയ സ്റ്റേഷനുകളിലേക്കുള്ള ട്രയിന്‍ സര്‍വീസ് താത്കാലികമായി നിര്‍ത്തി. ദീര്‍ഘദൂര ട്രയിന്‍, മെട്രോ ട്രയിന്‍ സര്‍വ്വീസുകളും നിര്‍ത്തി. സംസ്ഥാനത്തെ ചില സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതുവരെ 50000 പേര്‍ക്ക് വീടുനഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക കണക്കുകള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.