പ്രവാസി കമ്മീഷന്‍ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി

Saturday 1 August 2015 8:21 pm IST

തിരുവനന്തപുരം: പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പ്രവാസി കമ്മീഷന്‍ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതിനായി നടപടി സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു. വടക്കെ അമേരിക്കയിലെ മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് മലയാളീസ് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ കേരളാകണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പ്രവാസികള്‍ കേരളത്തെ സംബന്ധിച്ച് സാമ്പത്തിക സ്രോതസ് മാത്രമല്ല അതിനപ്പുറം കേരളത്തിന്റെ മാനസികാവസ്ഥയില്‍ മാറ്റംവരുത്തുന്ന പ്രധാനഘടകമാണ്. പ്രവാസികള്‍ക്കായി പ്രത്യേകവകുപ്പും മന്ത്രിയെയും നിശ്ചയിച്ച ആദ്യസംസ്ഥാനമാണ് കേരളം. പ്രവാസികള്‍ക്ക് വോട്ടവകാശമെന്ന ആശയവും ആദ്യം മുന്നോട്ടു വച്ചത് കേരളമാണ്. പ്രവാസികള്‍ക്ക് വോട്ടവകാശം ഭാരതീയ പൗരന്മാര്‍ക്കുള്ളത് പോലെതന്നെ ഇപ്പോള്‍ ലഭ്യമാണ്. എന്നാല്‍ മുഴുവന്‍  ആളുകള്‍ക്കും വോട്ടുചെയ്യണമെങ്കില്‍ ഓണ്‍ലൈന്‍വോട്ടിംഗ് സമ്പ്രദായം നിലവില്‍വരണം. അതിനു ചില സാങ്കേതിക തടസ്സങ്ങള്‍ ഉണ്ട്. തദ്ദേശതെരഞ്ഞെടുപ്പില്‍ ഓണ്‍ലൈന്‍വോട്ടിംഗ് സമ്പ്രദായം നടപ്പാക്കുന്നത് സംബന്ധിച്ചു ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സാങ്കേതിക ബുദ്ധിമുട്ടുകള്‍ അറിയിച്ചതിനെ തുടര്‍ന്നു വേണ്ടെന്നുവയ്ക്കുകയായിരുന്നു. അടുത്ത നിയമസഭാതെരഞ്ഞെടുപ്പില്‍ ഓണ്‍ലൈന്‍വോട്ടിംഗ് നടപ്പാക്കാന്‍കഴിയുംഎന്ന് കരുതുന്നതായും ഉമ്മന്‍ചാണ്ടി പറഞ്ഞു. മാതൃകാപരമായ പ്രവര്‍ത്തനം നടത്തുന്ന ഫോമ മലയാളികള്‍ക്കെല്ലാം അഭിമാനമാണ്. സര്‍ക്കാരിന്റെയും ജനങ്ങളുടെയും പിന്തുണ ഫോമയ്ക്ക്എപ്പോഴും ഉണ്ടാകും, ഉമ്മന്‍ചാണ്ടി പറഞ്ഞു. ഫോമയുടെ ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ ഭാഗമായി തിരുവനന്തപുരം ആര്‍സിസിയില്‍ കുട്ടികള്‍ക്കായി പണിയുന്ന ഔട്ട്‌പേഷ്യന്റ ബ്‌ളോക്ക് നിര്‍മാണത്തിന്റെ ആദ്യഗഡു മുഖ്യമന്ത്രിക്ക് ഫോമ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍ കൈമാറി. പ്രവാസികളുടെ സ്വത്തുസംരക്ഷിക്കാന്‍ നിയമ പരിഷ്‌കരണത്തിനുള്ള മെമ്മോറാണ്ടം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. അതോടൊപ്പം പ്രവാസികളുടെ സ്വത്ത് സംരക്ഷണത്തിനുള്ള നിയമ പരിഷ്‌കരണത്തിനുള്ള മെമ്മോറാണ്ടവും സമര്‍പ്പിച്ചു. മുന്‍ പ്രസിഡന്റ് എ.പി.ജെ. അബ്ദുള്‍കലാമിന്റെ അനുസ്മരണ സമ്മേളനം ആയിട്ടാണ് കണ്‍വന്‍ഷന്‍ നടന്നത്. മന്ത്രിമാരായ കെസിജോസഫ്, വി.എസ്. ശിവകുമാര്‍, എംഎല്‍എമാരായ രാജു എബ്രഹാം, തോമസ് ഐസക്, മുന്‍അംബാസിഡര്‍ ടി.പി. ശ്രീനിവാസന്‍, നടന്‍  നരേന്‍, കെടിഡിസി പ്രസിഡന്റ്‌വിജയന്‍തോമസ്, കോണ്‍ഫെഡറേഷന്‍ ഓഫ് കേരളാടൂറിസം ഇന്‍ഡസ്റ്ററീസ് പ്രസിഡന്റ് ഇ.എം. നജീബ്, അഡ്വ സിസ്റ്റര്‍ ജെസി കുര്യന്‍, ഫോമ പ്രസിഡന്റ് ആനനന്ദന്‍ നിരവേല്‍, സെക്രട്ടറി ഷാജിഎഡ്വേഡ്, ട്രഷറര്‍ ജോയ് ആന്റണി, ജോയിന്റ് ട്രഷറര്‍ ജൊഫ്രിന്‍ജോസ്, ജോയിന്റ്‌സെക്രട്ടറി കളത്തില്‍ സ്റ്റാന്‍ലി വര്‍ഗീസ്, വര്‍ഗീസ് മാമന്‍, അഡ്വ ഷിബു മണല, ജോസ് എബ്രഹാം എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.