അതിര്‍ത്തിയിലെ ഐതിഹാസിക നേട്ടം

Sunday 2 August 2015 10:33 pm IST

എന്തു കാര്യത്തിനും കണ്ണുമടച്ച് നരേന്ദ്രമോദി സര്‍ക്കാരിനെ എതിര്‍ക്കുന്നവര്‍ക്കുള്ള ചുട്ടമറുപടിയാണ് ഭാരതവും ബംഗ്ലാദേശും തമ്മിലുള്ള ഭൂമിതര്‍ക്കം പരിഹൃതമായത്. 2015 ജൂലൈ 31ന് അര്‍ധരാത്രിയാണ് ആറര പതിറ്റാണ്ടിലേറെയായുള്ള തര്‍ക്കത്തിനും 41 വര്‍ഷം പഴക്കമുള്ള കരാറിനും പരിഹാരമായത്. ഇതൊരു സ്വാഭാവികമായ സംഭവമല്ല. ബോധപൂര്‍വവും ആത്മാര്‍ഥവുമായ നീക്കങ്ങളാണ് ഫലംകണ്ടത്. പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാഗാന്ധിയും വിചാരിച്ചിട്ടും നടക്കാത്ത കാര്യമാണ് അധികാരമേറ്റ് ഒരുവര്‍ഷം മാത്രം പിന്നിട്ട നരേന്ദ്രമോദി സര്‍ക്കാര്‍ നേടിയെടുത്തത്. അതാകട്ടെ 55 ദിവസം മുമ്പ് ആരംഭിച്ച ചര്‍ച്ചയെ തുടര്‍ന്ന്. ഈ വര്‍ഷം ജൂണ്‍ ആറിനാണ് ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയും തമ്മില്‍ ഭൂമി തര്‍ക്കം പരിഹരിക്കാനുള്ള ശ്രമം തുടങ്ങിയത്. ജൂലൈ 31 ന് അന്തിമലക്ഷ്യത്തിലെത്തുകയും ചെയ്തിരിക്കുന്നു. അധികാരമേറ്റ നാളുതൊട്ട് അയല്‍രാജ്യങ്ങളുമായുള്ള നല്ല ബന്ധം സ്ഥാപിക്കാനുള്ള ശ്രമം പ്രധാനമന്ത്രി നരേന്ദ്രമോദി ആരംഭിച്ചു. സാര്‍ക്ക് രാജ്യങ്ങളിലെ ഭരണാധികാരികളുടെ സാന്നിധ്യം സത്യപ്രതിജ്ഞാ ചടങ്ങില്‍ ഉറപ്പാക്കിയത് അതിന്റെ ഭാഗമാണല്ലോ. ഇതോടെ ഭാരത-ബംഗ്ലാദേശ് അതിര്‍ത്തിയിലെ സംശയങ്ങളും തര്‍ക്കങ്ങളും പരിഹരിക്കപ്പെടുമെന്നു മാത്രമല്ല, അങ്ങുമില്ല ഇങ്ങുമില്ല എന്ന അവസ്ഥയില്‍ കഴിഞ്ഞ പതിനായിരക്കണക്കിനാളുകളുടെ കാത്തിരിപ്പിനും അറുതിയായി. ഭാരതസര്‍ക്കാരിന്റെ ഉദാരസമീപനവും പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ പൂര്‍ണസഹകരണവുമാണ് ദശാബ്ദങ്ങളായി അലട്ടിക്കൊണ്ടിരുന്ന പ്രശ്‌നം പരിഹരിക്കുന്നതിന് സഹായകമായത്. നരേന്ദ്രമോദി ബംഗ്ലാദേശില്‍ സന്ദര്‍ശനം നടത്താന്‍ പോയപ്പോള്‍ മുഖ്യമന്ത്രി മമതാബാനര്‍ജിയെ ഒപ്പം കൂട്ടിയതെന്തിനെന്ന് സംശയിച്ചവരുണ്ട്. അവര്‍ക്ക് ഇപ്പോള്‍ കാര്യങ്ങള്‍ ബോധ്യപ്പെട്ടിരിക്കുമല്ലോ. ബംഗ്ലാദേശ് അതിര്‍ത്തിക്കുള്ളിലെ 111 പ്രദേശങ്ങള്‍ ഭാരതമായിരുന്നു നോക്കിയിരുന്നത്. അത് ഭാരതം ബംഗ്ലാദേശിന് കൈമാറി. ഇവിടെ 37,369 പേരാണുണ്ടായിരുന്നത്. 1,716 ഏക്കര്‍ സ്ഥലത്താണ് ഇവര്‍ താമസിച്ചിരുന്നത്. ഭാരതത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ 51 പ്രദേശങ്ങളാണ് ബംഗ്ലാദേശിന്റെ കയ്യിലുണ്ടായിരുന്നത്. 7,110 ഏക്കര്‍ സ്ഥലം ഉള്‍പ്പെട്ടതാണിത്. 14,856 പേരാണ് ഇവിടെ ജീവിച്ചിരുന്നത്. അവര്‍ക്ക് ഭാരതപൗരത്വം ലഭിക്കും. ഏതുരാജ്യത്തിന്റെ പൗരത്വമാണോ വേണ്ടത് അത് സ്വീകരിക്കാന്‍ ജനങ്ങള്‍ക്ക് പൂര്‍ണ അവകാശം നല്‍കാനും ഇരുരാജ്യങ്ങളും തിരുമാനിച്ചിരുന്നു. അതിനായുള്ള സര്‍വെ അടക്കം നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതും പുതുമയുള്ള നടപടിയായി. ജൂലൈ 31ന് അര്‍ധരാത്രിക്കു ശേഷം അതിര്‍ത്തിയില്‍ വലിയതോതിലുള്ള ആഘോഷമാണ് ദൃശ്യമായത്. ഭാരതത്തിന് ലഭിച്ച പ്രദേശത്ത് ത്രിവര്‍ണ പതാക ഉയര്‍ത്തി. ബംഗ്ലാദേശിന് കിട്ടിയ പ്രദേശത്തുകാര്‍ അവരുടെ പതാക ഉയര്‍ത്തിയും ദേശീയഗാനം  ആലപിച്ചും ആഘോഷമയമാക്കി. ഇരുരാജ്യങ്ങളിലും ഉള്‍പ്പെട്ടവര്‍ക്ക് അവര്‍ക്കവകാശപ്പെട്ട രേഖകളും റേഷന്‍കാര്‍ഡുകളും പൗരാവകാശവുമെല്ലാം ഉറപ്പാക്കും. വീട്ടുടമസ്ഥാവകാശം, വൈദ്യുതി, വെള്ളം, വിദ്യാഭ്യാസാനുകൂല്യങ്ങള്‍ എന്നിവ ലഭ്യമാകും. ഇരുരാജ്യങ്ങളിലെ അതിര്‍ത്തി സംബന്ധിച്ച് ഇനി സംശയമില്ലാതാകും. അനധികൃത കുടിയേറ്റം, മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള കള്ളക്കടത്ത് തടയാനും സാധിക്കും. പശ്ചിമബംഗാള്‍ സര്‍ക്കാരാണ് ഭാരതത്തോട് ലയിപ്പിച്ച പ്രദേശത്തിന്റെ പുനരധിവാസ പ്രക്രിയകള്‍ സമയബന്ധിതമായി നടപ്പാക്കേണ്ടത്. ഇതിനായി കേന്ദ്രസര്‍ക്കാര്‍ 3,048 കോടിരൂപ നീക്കിവച്ചിട്ടുണ്ട്. അങ്ങോട്ടും ഇങ്ങോട്ടും മാറുന്നവരുടെ യാത്രാരേഖകള്‍ ഉള്‍പ്പെടെ എല്ലാ ക്രമീകരണങ്ങളും നടത്തുന്നതിന് ഇരുരാജ്യങ്ങളും വ്യക്തമായ കരാറുകളില്‍ ഏര്‍പ്പെടുകയും ചെയ്തിട്ടുണ്ട്. ബംഗ്ലാദേശിന് ലഭിച്ച പ്രദേശങ്ങളിലെ ജനങ്ങളെല്ലാം ബംഗ്ലാദേശ് പൗരന്മാരാകുന്നില്ല എന്ന കൗതുകം നിലനില്‍ക്കുന്നു. അതില്‍ ആയിരത്തിലധികം പേര്‍ ഭാരതപൗരത്വം വേണമെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അടുത്ത ജൂണ്‍ 30 ആകുമ്പോഴേക്കും പുനരധിവാസ നടപടികളെല്ലാം പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഭാരതത്തെ സംബന്ധിച്ചേടത്തോളം അഭിമാനകരമായ നടപടിയും തീരുമാനവുമാണിത്. 1947 ല്‍ തുടങ്ങിയ തര്‍ക്കം ഒരു സംശയത്തിനും ഇടംനല്‍കാതെ പരിഹരിക്കപ്പെട്ടിരിക്കുന്നു. നരേന്ദ്രമോദി എന്തേ മിണ്ടുന്നില്ലാ എന്നു ചോദിച്ച് അലമുറയിടുന്ന കോണ്‍ഗ്രസ്സുകാര്‍ ഇക്കാര്യങ്ങളൊക്കെ അറിയണം. പ്രധാനമന്ത്രി പ്രവര്‍ത്തിച്ചു കാണിക്കുകയാണ്. ബംഗ്ലാദേശ് നമുക്കെന്നും തലവേദനയായിരുന്നല്ലോ. വ്യക്തമായ അതിര്‍ത്തിവേലികളില്ലാതെ തുറസ്സായി കിടന്ന മേഖലയില്‍ക്കൂടി കുടിയേറ്റക്കാര്‍ കടന്നുവന്നുകൊണ്ടേയിരുന്നു. അതില്‍ ബഹുവിധ ഭീകരവാദികളുമുണ്ടായിരുന്നു. ബംഗാളും ബീഹാര്‍, ആസാം സംസ്ഥാനങ്ങളിലെ പല ജില്ലകളും കുടിയേറ്റക്കാരുടെ സ്വാധീനമേഖലകളായി മാറിയത് അതിര്‍ത്തിയിലെ അവ്യക്തതമൂലമാണ്. അത് പരിഹരിക്കാന്‍ കഴിഞ്ഞു എന്നത് സ്വാതന്ത്ര്യലബ്ധി പോലെ തന്നെ ഭാരതത്തിനാകെ ആഹ്ലാദകരമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.