പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കല്‍ പ്രഖ്യാപനം കടലാസില്‍ : കോണ്‍ഗ്രസ് -സിപിഎം ഒത്തുകളിയെന്നാരോപണം

Sunday 2 August 2015 10:43 pm IST

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കല്‍ പ്രഖ്യാപനം കടലാസില്‍. ഏറ്റെടുക്കല്‍ നീളുന്നതിന് കാരണം കോണ്‍ഗ്രസ്-സിപിഎം ഒത്തുകളിയെന്നും ആരോപണം. പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടക്കാത്തത് ധനവകുപ്പിന്റെ എതിര്‍പ്പാണെന്ന് ആദ്യം പറഞ്ഞിരുന്നുവെങ്കിലും ഇപ്പോള്‍ ഏതാണ്ട് പരിയാരം ഏറ്റെടുക്കേണ്ടെന്ന് തത്വത്തില്‍ തീരുമാനിച്ചതായാണ് സൂചന. അതേ സമയം പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭ സമിതിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ കളക്‌ട്രേറ്റിനു മുന്നില്‍ നടക്കുന്ന സത്യാഗ്രഹ സമരം 105 ദിവസം പിന്നിട്ടു. രണ്ടു മാസം മുമ്പ് കണ്ണൂരില്‍ ജനസമ്പര്‍ക്ക പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിലായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പരിയാരം ഏറ്റെടുക്കുമെന്ന് ഏറ്റവും അവസാനം പ്രഖ്യാപനം നടത്തിയത്. എന്നാല്‍ നാളിതുവരെ ഒരു നടപടിയും ഉണ്ടായില്ല. കണ്ണൂരിന് സ്വന്തമായി സര്‍ക്കാര്‍ മേഖലയില്‍ മെഡിക്കല്‍ കോളേജ് എന്ന പ്രഖ്യാപനം ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെയായിരുന്നു നോക്കിക്കണ്ടത്. എന്നാല്‍ മന്ത്രി സി.എന്‍. ബാലകൃഷ്ണനും സിപിഎം ഉന്നത നേതൃത്വവും തമ്മിലുളള രഹസ്യ ധാരണയുടെ അടിസ്ഥാനത്തില്‍ ഏറ്റെടുക്കല്‍ തീരുമാനം മരവിപ്പിച്ചിരിക്കുകയാണെന്നറിയുന്നു. പരിയാരത്തോടൊപ്പം പ്രഖ്യാപിച്ച കൊച്ചിയിലെ സഹകരണ മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ മുമ്പേതന്നെ ഏറ്റെടുത്തു കഴിഞ്ഞു. പരിയാരം ഏറ്റെടുക്കാതിരിക്കാന്‍ കാരണം മെഡിക്കല്‍ കോളേജിലെ പ്രവേശനവുമായി ബന്ധപ്പെട്ടും നിയമനങ്ങളിലും സിപിഎമ്മും കോണ്‍ഗ്രസും തമ്മിലുള്ള അവിശുദ്ധ ബന്ധമാണെന്ന ആരോപണവും ശക്തമാണ്. പിജി കോഴ്‌സുകളില്‍ ഒന്നേകാല്‍ കോടിയും ഒന്നേ മുക്കാല്‍ കോടിയും എംബിബിഎസിന് 80 ലക്ഷവും ബിഡിഎസ് ഉള്‍പ്പെടെയുളള കോഴ്‌സുകളില്‍ മനേജ്‌മെന്റ് സീറ്റിന് കോഴ വാങ്ങുന്നുണ്ടെന്ന് പറയപ്പെടുന്നു. ഇത്രയും വലിയ ഒരു സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ കഴിയുന്ന സ്ഥാപനം കൈവിടാന്‍ സിപിഎം തയ്യാറല്ലെന്നതാണ് വസ്തുത. ഇതിനാല്‍ തന്നെ കോണ്‍ഗ്രസ് നേതാക്കളിലും സര്‍ക്കാരിലും കോളേജ് ഏറ്റെടുക്കാതിരിക്കാന്‍ സിപിഎം നേതൃത്വം ശക്തമായ സ്വാധീനം ചെലുത്തിയതായാണ് സൂചന. സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ പറയുന്ന അധിക ബാധ്യത പെരുപ്പിച്ചു കാട്ടിയതാണെന്നാണ് പ്രക്ഷോഭ സമിതിക്കാരുടെ വാദം. കേവലം 43 കോടി രൂപയുടെ ഹഡ്‌ക്കോയില്‍ നിന്നുളള വായ്പയാണ് പലിശയും കൂട്ടുപലിശയും ഉള്‍പ്പെടെ 753 കോടി രൂപയായി മാറിയതെന്നും ഇത്രയും തുകയുടെ കുടിശ്ശിക 100 കോടിയടച്ചാല്‍ ഒഴിവാക്കി തരാന്‍ തയ്യാറാണെന്ന് ഹഡ്‌ക്കോ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. പ്രക്ഷോഭ സമിതിനടത്തുന്ന സമരത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തിയിരുന്നു.പാര്‍ട്ടി സ്വാധീനമുപയോഗിച്ച് യോഗ്യതയില്ലാത്ത നിരവധി പേര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ടെന്നും സര്‍ക്കാര്‍ ഏറ്റെടുത്ത് ഇത്തരം ജീവനക്കാരെ പിരിച്ചുവിട്ട് അധിക ബാധ്യത ഒഴിവാക്കാവുന്നതാണെന്നും ഇവര്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.