ലളിത് മോദിയെ സഹായിച്ചിട്ടില്ല: സുഷമാ സ്വരാജ്

Monday 3 August 2015 9:53 pm IST

ന്യൂദല്‍ഹി:മുന്‍ ഐപിഎല്‍ കമ്മീഷണര്‍ ലളിത് മോദിക്ക് യാതൊരുവിധ സഹായങ്ങളും നല്‍കിയിട്ടില്ലെന്ന് കേന്ദ്രവിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പറഞ്ഞു. ലളിത് മോദിക്ക് യാത്രാരേഖകള്‍ നല്‍കാന്‍ താന്‍ ബ്രിട്ടീഷ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടില്ലെന്ന് രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയില്‍ സുഷമാ സ്വരാജ് വ്യക്തമാക്കി. കഴിഞ്ഞ രണ്ടാഴ്ചയായി ലളിത് മോദിയുമായി ബന്ധപ്പെട്ട വിഷയം സഭയില്‍ വിശദീകരിക്കാന്‍ കാത്തിരിക്കുകയായിരുന്നുവെന്ന് സുഷമാ സ്വരാജ് പറഞ്ഞു. എന്നാല്‍ പ്രതിപക്ഷം അനാവശ്യ ബഹളമുണ്ടാക്കിയതിനാല്‍ ചര്‍ച്ചയ്ക്ക് അവസരം ലഭിച്ചില്ല. വിഷയത്തില്‍ തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും നിലനില്‍ക്കാത്തതുമാണ്, സുഷമാ സ്വരാജ് വ്യക്തമാക്കി. ഇന്നലെ രാവിലെ രാജ്യസഭ സമ്മേളിച്ചതു മുതല്‍ പ്രതിപക്ഷം വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് സഭ തടസ്സപ്പെടുത്തി. ഇതിനിടെയാണ് രാജ്യസഭയിലെ ഭരണകക്ഷി നേതാവ് അരുണ്‍ ജെയ്റ്റ്‌ലി വിദേശകാര്യമന്ത്രി പ്രസ്താവനയ്ക്ക് സജ്ജമാണെന്ന് അറിയിച്ചത്. തുടര്‍ന്ന് സഭയിലെത്തിയ സുഷമ ലളിത് മോദി വിഷയത്തില്‍ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് അക്കമിട്ട് മറുപടി നല്‍കി. പ്രതിപക്ഷ ബഹളം തുടര്‍ന്നതോടെ രാജ്യസഭ മന്ത്രിയുടെ ബഹളത്തെതുടര്‍ന്ന് നിര്‍ത്തിവെയ്‌ക്കേണ്ടിവന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.