കടല്‍വിലക്ക്: മത്സ്യപ്രവര്‍ത്തക സംഘത്തിന്റെ ബിഷപ്പ് ഹൗസ് മാര്‍ച്ച് നാളെ

Monday 3 August 2015 7:25 pm IST

തിരുവനന്തപുരം: തെക്കന്‍  തീരത്ത് മത്സ്യത്തൊഴിലാളികളുടെ സ്വതന്ത്രമത്സ്യബന്ധനം അസാധ്യമാകുംവിധം ക്രൈസ്തവസഭകളുടെ നേതൃത്വത്തില്‍ കടലില്‍ അക്രമം അഴിച്ചുവിടുകയാണെന്ന് ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇതിനെതിരെ നാളെ മ്യൂസിയം ജംഗ്ഷനില്‍നിന്ന് വെള്ളയമ്പലം ബിഷപ്പ് ഹൗസിലേക്ക് ആക്രമണത്തിന് ഇരകളായ മത്സ്യത്തൊഴിലാളികള്‍ പങ്കെടുക്കുന്ന മാര്‍ച്ച് നടത്തുമെന്നും ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍.പി. രാധാകൃഷ്ണനും ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗവറാമും പറഞ്ഞു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി ലത്തീന്‍ കത്തോലിക്കാ പള്ളികളുടെ നിയന്ത്രണത്തില്‍ രജിസ്‌ട്രേഷന്‍ ഇല്ലാത്ത നൂറോളം അനധികൃത ബോട്ടുകളുണ്ട്. സുരക്ഷാസേന ഉപയോഗിക്കുന്ന തോക്കുകളടക്കം നിരവധി ആയുധങ്ങളും ഇവര്‍ കൈവശം വച്ചിരിക്കുകയാണ്. തീരപ്രദേശങ്ങളില്‍ പോലീസ് പട്രോളിംഗ് ഇല്ലെന്നു മാത്രമല്ല പള്ളിവികാരികള്‍ പറയുന്നതാണ് അവിടത്തെ നിയമം. പ്രദേശങ്ങളില്‍ മറ്റു മതവിഭാഗങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനം നിഷേധിക്കുക മാത്രമല്ല കണ്ണില്‍പ്പെടുന്നവരെ ക്രൂരമായി ആക്രമിക്കുകയും ചെയ്യുന്നു. ഞായറാഴ്ച കരുനാഗപ്പളളി ആലപ്പാട്, അഴീക്കല്‍, പുത്തന്‍തുറ മേഖലകളില്‍നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് മത്സ്യബന്ധനം നടത്തുകയായിരുന്ന ഹിന്ദുക്കളായ മത്സ്യത്തൊഴിലാളികളോട് അഞ്ചുതെങ്ങ് ഭാഗത്തുവച്ച് ക്രൈസ്തവ മതവിഭാഗത്തില്‍പ്പെട്ട ചിലര്‍ തോക്കും മറ്റ് മാരകായുധങ്ങളുമായി എത്തി വധഭീഷണിമുഴക്കി. പള്ളി വികാരിയുടെ നേതൃത്വത്തില്‍ ഇവരെ അഞ്ചുതെങ്ങ് സെന്റ്പീറ്റേഴ്‌സ് ചര്‍ച്ചില്‍ കൊണ്ടുവന്ന് ബന്ദികളാക്കി മര്‍ദ്ദിക്കുകയായിരുന്നു. 2014 ഒക്‌ടോബറില്‍ നീണ്ടകര ഹാര്‍ബറില്‍ കെട്ടിയിട്ട 13 ഫൈബര്‍ വള്ളങ്ങളും 26 എന്‍ജിനുകളും അടക്കം ഒന്നരക്കോടിരൂപയുടെ മത്സ്യബന്ധന ഉപകരണങ്ങള്‍ തകര്‍ത്തിരുന്നു. കോസ്റ്റല്‍ പോലീസ്‌സ്‌റ്റേഷനു മുന്നില്‍ നടന്ന ഈ സംഭവത്തിനെതിരെ നടപടി ഉണ്ടായില്ല. ഏപ്രില്‍ നാലിന് നീണ്ടകര പുത്തന്‍ചന്ത ഭാഗത്ത് മത്സ്യബന്ധനത്തിനുപോയ മൂന്നുപേരെ കടലില്‍വച്ച് സോഡാക്കുപ്പി കൊണ്ട് തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചിരുന്നു. 26 ന് കരുനാഗപ്പള്ളിയില്‍ നിന്ന് കടലില്‍പ്പോയ രണ്ട് ഫൈബര്‍ വള്ളങ്ങളെ തിരുവനന്തപുരം കഴക്കൂട്ടം പോലീസ്‌സ്‌റ്റേഷന്‍ പരിധിയിലുള്ള കടലില്‍വച്ച് ആക്രമിക്കുകയും വള്ളങ്ങളും അതിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെയും ഏഴു മണിക്കൂര്‍ ബന്ദികളാക്കുകയും ചെയ്തു. എന്നിട്ടും സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. സംഘടിത ക്രിസ്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ ആക്രമണത്തെയും കടലും തീരവും കൈയടക്കാനുള്ള നീക്കവും അനുവദിക്കാനാകില്ല. ക്രൈസ്തവസഭ നേരിട്ട് ആസൂത്രണം ചെയ്ത് നടപ്പാക്കിയ ആക്രമണങ്ങളാണിവയെന്ന് ഇതോടെ വ്യക്തമായെന്നും ബ്രഹ്മചാരി ഭാര്‍ഗവറാം ആരോപിച്ചു. മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന ഉപാധ്യക്ഷന്‍ ഡി. ഭുവനേന്ദ്രന്‍, അഴീക്കല്‍ വ്യാസവിലാസം കരയോഗം പ്രസിഡന്റ് നന്ദകുമാര്‍, ഹിന്ദു ഐക്യവേദി സംസ്ഥാനനേതാക്കളായ തിരുമല അനില്‍, കെ. പ്രഭാകരന്‍, മത്സ്യപ്രവര്‍ത്തകസംഘം തിരുവനന്തപുരം ജില്ലാ നേതാക്കളായ ചന്ദ്രശേഖരന്‍, ഡി. ശിവപ്രസാദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.