മുംബ വാണ ആദ്യഘട്ടം

Monday 3 August 2015 9:57 pm IST

കഴിഞ്ഞ ദിവസം നടന്ന യു മുംബ-ദല്‍ഹി ദബാങ് മത്സരത്തില്‍നിന്ന്

ന്യൂദല്‍ഹി: കാണികളെ ആകര്‍ഷിച്ചു മുന്നേറുന്ന പ്രൊ കബഡി ലീഗിന്റെ രണ്ടാം സീസണിലെ ആദ്യ ഘട്ട മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ തലയുയര്‍ത്തി നിന്നത് യു മുംബ. ഈ ഘട്ടത്തിലെ ഏഴു മത്സരങ്ങളും ജയിച്ച് 35 പോയിന്റോടെ മുംബ കീരിട പോരാട്ടത്തിലേക്ക് കണ്ണെറിയുന്നു. എന്നാല്‍, അവസാന മത്സരത്തില്‍ ദല്‍ഹി ദബാങ്ങിനോട് ജയിക്കാന്‍ വിയര്‍പ്പൊഴുക്കേണ്ടിവന്നത് മുംബയെ ചിന്തിപ്പിക്കുന്നുണ്ടാകും.

ഏഴില്‍ അഞ്ചു ജയവുമായി തെലുങ്കു ടൈറ്റന്‍സ് (26) രണ്ടാമതും, ഇത്രയും ജയങ്ങളില്‍നിന്ന് 25 പോയിന്റുള്ള ബംഗളൂരു ബുള്‍സ് മൂന്നാമതുമുണ്ട്. പട്‌ന പൈറേറ്റ്‌സ് (20), ദബാങ് ദല്‍ഹി (16), ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സ് (13), ബംഗാള്‍ വാരിയേഴ്‌സ് (11), പൂനേരി പള്‍ട്ടാന്‍ (10) എന്നിവര്‍ പിന്നാലെ.

നായകന്‍ അനൂപ് കുമാറിന്റെ തകര്‍പ്പന്‍ പ്രകടനമാണ് മുംബയെ മുന്നോട്ടു നയിക്കുന്നത്. രവി ഷെട്ടിയും ഇ. ഭാസ്‌കരനും പരിശീലിപ്പിക്കുന്ന ടീമില്‍ മോഹിത് ചില്ലാര്‍, ഇ.വി. അനൂപ്, മലയാളി താരം ഷബീര്‍ ബാപ്പു, ഭൂപീന്ദര്‍ സിങ് തുടങ്ങിയ പ്രതിഭകളുണ്ട്. നിലവിലെ ജേതാക്കള്‍ ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സാണ് ആദ്യ വട്ടം ഏറെ നിരാശപ്പെടുത്തിയത്. ഏഴു കളികളില്‍ രണ്ടു ജയം മാത്രമേ അവര്‍ക്കു സ്വന്തമാക്കാനായുള്ളു. ഇതില്‍ ഏഴാം മത്സരത്തില്‍ പൂനേരിയെ മറികടന്ന രീതി അവര്‍ ആത്മവിശ്വാസം വീണ്ടെടുത്തുവെന്ന പ്രതീതിയുളവാക്കുന്നു. കെ. ഭാസ്‌കരന്‍ പരിശീലിപ്പിക്കുന്ന ടീമിനെ നയിക്കുന്നത് നവനീത് ഗൗതം. രാജേഷ് നര്‍വാള്‍, സോനു നര്‍വാള്‍ തുടങ്ങിയവരും ടീമില്‍.

ഇന്നത്തെ മത്സരം
രാത്രി 8ന് ടൈറ്റന്‍സ്-പിങ്ക് പന്തേഴ്‌സ്

രാത്രി 9ന് മുംബ-ദബാങ്‌

രണ്ട് ദക്ഷിണേന്ത്യന്‍ ടീമുകള്‍, തെലുങ്കു ടൈറ്റന്‍സും ബംഗളൂരു ബുള്‍സും, കിരീട പ്രതീക്ഷയുമായി മുന്നിലുണ്ടെന്നത് മത്സരങ്ങളെ ആവേശകരമാക്കുന്നു. ഇവരില്‍ മലയാളി സാന്നിധ്യം കൂടുതല്‍ ടൈറ്റന്‍സിലെന്നത് കേരളത്തിനും അഭിമാനം. ലീഗിലെ ടീമുകളില്‍ കൂടുതല്‍ മലയാളികള്‍ കളത്തിലിറങ്ങുന്നതും ടൈറ്റന്‍സില്‍. പരിശീലകന്‍ ഉദയനില്‍ തുടങ്ങുന്നു ഈ പെരുമ. രാജഗുരു സുബ്രഹ്മണ്യനാണ് ടീമിനെ നയിക്കുന്നത്. ഐസക് ആന്റണി, പ്രസാദ്, ജിഷ്ണു തുടങ്ങിയവര്‍ മലയാളി സാന്നിധ്യങ്ങള്‍. സൂപ്പര്‍ താരം മന്‍ജീത് ചില്ലാര്‍ നയിക്കുന്ന ബംഗളൂരു ആദ്യ സീസണിലെ മോശം പ്രകടനത്തില്‍നിന്ന് കരയ്ക്കു കയറാനുള്ള ശ്രമത്തില്‍. ഇത്തവണ ഇതുവരെ അഞ്ചു ജയം സ്വന്തമാക്കി. പൈറേറ്റ്‌സ്, ദബാങ്, പൂനേരി, വാരിയേഴ്‌സ് ടീമുകള്‍ക്കും രണ്ടാം ഘട്ടത്തില്‍ തിരിച്ചുവരാമെന്ന പ്രതീക്ഷ. പട്‌ന പൈറേറ്റ്‌സും ബംഗാള്‍ വാരിയേഴ്‌സും തമ്മിലുള്ള ഏഴാം മത്സരം സമനിലയില്‍ കലാശിച്ചു. ഈ സീസണില്‍ ആദ്യത്തേത്.

ദബാങ് ദല്‍ഹിയുടെ കാഷിലിങ് അഡ്‌കെയും, രോഹിത് കുമാര്‍ ചൗധരിയും 44 വീതം പോയിന്റോടെ ആദ്യ ഘട്ടത്തിലെ മികച്ച റെയ്ഡര്‍മാരായി. മികവുറ്റ രീതിയില്‍ റെയ്ഡ് നടത്തിയത് ടൈറ്റന്‍സ്. 100 വട്ടം വിജയകരമായി അവര്‍ റെയ്ഡ് പൂര്‍ത്തിയാക്കി, 129 പോയിന്റും നേടി. ടാക്കിള്‍ ചെയ്യുന്നതിലും ടൈറ്റന്‍സിനു തന്നെ മുന്‍തൂക്കം.

മുംബൈയിലെ എസ്‌വിപി സ്റ്റേഡിയം, കൊല്‍ക്കത്തയിലെ നേതാജി സുഭാഷ്ചന്ദ്ര ബോസ് സ്റ്റേഡിയം, ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയം, പട്‌നയിലെ പാടലീപുത്ര സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് എന്നിവിടങ്ങളില്‍ ആദ്യ ഘട്ട മത്സരങ്ങള്‍ പൂര്‍ത്തിയായത്. ഇന്നു തുടങ്ങുന്ന രണ്ടാം ഘട്ടത്തില്‍ ഹൈദരാബാദും, ബംഗളൂരുവും അതിഥികളാകുന്നുവെന്നത് ദക്ഷിണേന്ത്യയെയും കബഡി ജ്വരത്തിലേക്ക് നയിക്കും. ഹൈദരാബാദില്‍ ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയം, ബംഗളൂരുവില്‍ ശ്രീകണ്ഠീരവ എന്നിവിടങ്ങളില്‍ മത്സരങ്ങള്‍. ദല്‍ഹിയിലെ ത്യാഗരാജ സ്‌പോര്‍ട്‌സ് കോംപ്ലക്‌സും, പൂനെയിലെ ശ്രീ ശിവഛത്രപതി സ്‌പോര്‍ട്‌സ് കോംപ്ലക്‌സും ഈ റൗണ്ടിലെ മറ്റു വേദികള്‍. ആദ്യ ദിവസത്തെ മത്സരങ്ങള്‍ കൊണ്ട് കാണികളില്‍ റെക്കോഡിട്ട ലീഗ്, രണ്ടാം വട്ടത്തിലും ജൈത്രയാത്രയ്ക്കുള്ള ഒരുക്കത്തില്‍.

ആഗസ്റ്റ് 19ന് പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ സമാപിക്കും. പോയിന്റ് നിലയില്‍ ഒന്നാമതും നാലാമതുമെത്തുന്ന ടീമുകള്‍ ആദ്യ സെമിയില്‍ നേര്‍ക്കുനേര്‍ എത്തുമ്പോള്‍, രണ്ട്, മൂന്ന് ടീമുകള്‍ രണ്ടാം സെമി കൊഴുപ്പിക്കും. ആഗസ്റ്റ് 21ന് സെമി. 23ന് സെമിയിലെ പരാജിതര്‍ മൂന്ന്, നാല് സ്ഥാനങ്ങള്‍ക്കായി പോരാടും. 23ന് ഫൈനല്‍. സെമി മുതലുള്ള മത്സരങ്ങളെല്ലാം മുംബൈയിലെ എസ്‌വിപി സ്റ്റേഡിയത്തില്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.