നിസാമിന് ആഡംബര ഹോട്ടലില്‍ ബന്ധുക്കള്‍ക്കൊപ്പം ഭക്ഷണം

Tuesday 4 August 2015 9:24 pm IST

തൃശൂര്‍: ചന്ദ്രബോസ് കൊലക്കേസിലെ പ്രതി മുഹമ്മദ് നിസാമിന് ബന്ധുക്കള്‍ക്കൊപ്പം ആഡംബര ഹോട്ടലില്‍ ഭക്ഷണവും കൂടിക്കാഴ്ചയും. ഇന്നലെ കോടതിയില്‍ കേസുമായി ബന്ധപ്പെട്ട വാദത്തിന് ഹാജരാകാന്‍ എത്തിച്ചപ്പോഴായിരുന്നു ബന്ധുക്കള്‍ക്കൊപ്പം ഹോട്ടലില്‍ മണിക്കൂറുകള്‍ നീണ്ടുള്ള കൂടിക്കാഴ്ചയ്ക്ക് പോലീസ് സൗകര്യമൊരുക്കിയത്. സംഭവത്തില്‍ പൊലീസിന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന പരാതി ഉയര്‍ന്നതോടെ പേരാമംഗലം സി.ഐ അന്വേഷണം നടത്താന്‍ ഡിജിപി നിര്‍ദ്ദേശം നല്‍കി. ഇന്നലെ ഉച്ചക്ക് 12 നാണ് കാഞ്ഞാണി റോഡിലെ ആഡംബര ഹോട്ടലില്‍ പോലീസ് അകമ്പടിയോടെ എത്തിയ നിസാം രണ്ട് മണിക്കുറോളം ചെലവഴിച്ചത്. കാപ്പ ചുമത്തപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന നിസാമിനെ ചൊവ്വാഴ്ച രാവിലെ തന്നെ തൃശൂരിലത്തെിച്ചിരുന്നുവെങ്കിലും, കേസ് ഉച്ചക്കു ശേഷമാണ് പരിഗണിച്ചത്. ഈ ഒഴിവുസമയത്താണ് നിസാമിന് സഹോദരന്മാര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ഭക്ഷണം കഴിക്കാനും കൂടിക്കാഴ്ചക്കും പോലീസ് അവസരമൊരുക്കിയത്. കണ്ണൂര്‍ പോലീസ് ആയിരുന്നു നിസാമിന് അകമ്പടി വന്നത്. ഇവരോടൊപ്പം നിസാമിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകരുമുണ്ടായിരുന്നു. ഹോട്ടലില്‍ കയറിയ ഇവര്‍ കാമറകള്‍ മുഴുവന്‍ ഓഫ് ചെയ്യന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇത് ഹോട്ടല്‍ അധികൃതരെയും സംശയത്തിലാക്കി. വിവരം ചോരുകയും ചെയ്തു. നിസാമിനെ ഹോട്ടലില്‍ കൊണ്ടുവന്നെന്ന വിവരമറിഞ്ഞ് മാധ്യമങ്ങളെത്തിയതോടെ ഒപ്പമുണ്ടായിരുന്ന പോലീസുകാര്‍ വേഷം മാറി മുങ്ങി. ഹോട്ടലില്‍ നിന്നും ഇയാളെ തിരിച്ചു കൊണ്ടുപോകുമ്പോള്‍ രണ്ടു പോലീസുകാര്‍ മാത്രമാണുണ്ടായിരുന്നത്. നിസാമിനൊപ്പം രണ്ട് പേരും, സഹോദരന്മാരും സുഹൃത്തുക്കളും പിറകിലായി ഇറങ്ങി. ഹോട്ടല്‍ മുറ്റത്തുണ്ടായിരുന്ന മറ്റൊരു സ്വകാര്യ വാഹനത്തില്‍ ബന്ധുക്കളും വേഷം മാറിയിറങ്ങിയ നാല് പോലീസുകാരും കയറി. 1500 രൂപയാണ് ഭക്ഷണം കഴിച്ചതിന് ബില്‍ വന്നത്. നിസാമിന്റെ അഭിഭാഷകനാണ് തുക നല്‍കിയത്. വിവാദമായ കേസില്‍ നിസാമിന് പോലീസ് വഴിവിട്ട് സഹായം നല്‍കുന്നുവെന്ന് തുടക്കം മുതല്‍ ആക്ഷേപമുയര്‍ന്നിരുന്നു. ഇന്നലെ പോലീസ് വീഴ്ചയുണ്ടായെന്നു കാണിച്ച് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. സി.പി. ഉദയഭാനു, ഡിജിപി ടി.പി. സെന്‍കുമാറിന് ഫോണില്‍ പരാതി നല്‍കുകയായിരുന്നു. ഫോണ്‍ സന്ദേശം പരാതിയായി സ്വീകരിച്ച് അടിയന്തര അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു ഡിജിപി. ഭക്ഷണം കഴിച്ച കാഞ്ഞാണി റോഡിലെ ചുങ്കത്തെ ആഡംബര ഹോട്ടലില്‍ പോലീസ് പരിശോധന നടത്തി. ചന്ദ്രബോസിന്റെ ബന്ധുക്കളും പരാതി നല്‍കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.