കൈയേറ്റങ്ങളില്‍ കൂടുതലും സഭയുടേത്

Tuesday 4 August 2015 9:59 pm IST

ബത്തേരി: വയനാട് ജില്ലയില്‍ മലയോരമേഖലയില്‍ നിരവധി കൈയേറ്റങ്ങളാണ് നടന്നിട്ടുള്ളത്. ഇതില്‍ വനഭൂമി കയ്യേറ്റവും റവന്യൂ ഭൂമി കൈയേറ്റവും ഉള്‍പ്പെടും. താമരശ്ശേരി ചുരം, പേര്യാചുരം, ബോയ്‌സ്ടൗണ്‍ പാല്‍ചുരം, തവിഞ്ഞാല്‍ പഞ്ചായത്തിലെ മക്കിമല, വാളാട്, തൊണ്ടര്‍നാട്, നിരവില്‍പ്പുഴ, മേപ്പാടി, തൃശ്ശിലേരി തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കയ്യേറ്റങ്ങള്‍ വ്യാപകമാണ്. കല്ലോടി ഫെറോന പള്ളി, ബത്തേരി സെന്റ് മേരീസ് കോളേജ്, പഴൂര്‍ സെന്റ് ആന്റണീസ്, മാനന്തവാടി ടൗണില്‍ പള്ളിക്കാര്‍ കയ്യേറിയ റവന്യൂ ഭൂമി, ബത്തേരി അസംപ്ഷന്‍ തുടങ്ങിയ ജില്ലയിലെ നിരവധി ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ ഭൂമി കയ്യേറിയിട്ടുണ്ട്. ഈഭൂമിക്കും നിയമസാധുത കൈവരുത്താനാണ് ശ്രമം നടന്നതെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രവര്‍ത്തകള്‍ പറഞ്ഞു. വയനാട്ടില്‍ 475 ഹെക്ടര്‍ ഭൂമി 206 ഗിരിവര്‍ഗ്ഗ കുടുംബങ്ങള്‍ക്കായി പതിച്ചുനല്‍കണമെന്നുള്ളത് ഈ വിഭാഗക്കാരുടെ തലമുറകളായുള്ള ആവശ്യമാണ്. ഇത് കേട്ടതായിപോലും മാറിമാറിവരുന്ന മുന്നണിഭരണക്കാര്‍ ഭാവിച്ചില്ല. രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തിലുണ്ടായ ഭക്ഷ്യക്ഷാമം നേരിടുന്നതിന് ബ്രിട്ടീഷ് സര്‍ക്കാരാണ് ഈ ഭൂമി ഗിരിവര്‍ഗ്ഗ കര്‍ഷകര്‍ക്ക് പാട്ടത്തിന് നല്‍കിയത്. 1970 ജനുവരി ഒന്നിന് നിലവില്‍ വന്ന സമ്പൂര്‍ണ്ണ ഭൂ പരിഷ്‌ക്കരണ നിയമപ്രകാരം കര്‍ഷകരുടെ കൈവശമുള്ള ഭൂമിക്ക് പട്ടയം നല്‍കാന്‍ തീരുമാനിച്ചപ്പോഴും ഇവരെ പരിഗണിച്ചിരുന്നില്ല. പുറംനാട്ടില്‍നിന്നുവന്ന കയ്യേറ്റക്കാര്‍ക്കെല്ലാം പട്ടയം നല്‍കാന്‍ മത്സരിച്ച മുന്നണികള്‍ ഗിരിവര്‍ഗ്ഗക്കാരെ മനുഷ്യരായിപോലും പരിഗണിച്ചില്ല നാടിന്റെ പട്ടിണി അകറ്റാന്‍ പതിറ്റാണ്ടുകള്‍ക്കുമുന്‍പ് കാട് കയറിയവരുടെ പിന്മുറക്കാര്‍ക്ക് കൈവശഭൂമി പണയപ്പെടുത്താനോ മറ്റാവശ്യത്തിന് ജാമ്യം നല്‍കാന്‍പോലുമോ പറ്റാത്ത സ്ഥിതിയാക്കി.  വനാതിര്‍ത്തികളിലോ വനമധ്യത്തിലോ സ്ഥിതി ചെയ്യുന്ന ഇത്തരം കൃഷിഭൂമികള്‍ വന്യജീവിശല്യം രൂക്ഷമായതോടെ  കര്‍ഷകര്‍ക്ക് ബാധ്യതയാവുകയാണ്. എന്നിട്ടും ഇവരെ പുനരധിവസിപ്പിക്കാനോ പകരം ഭൂമി നല്‍കാനോ തയ്യാറാവാത്ത സര്‍ക്കാര്‍, സര്‍ക്കാര്‍ വകഭൂമിപോലും ക്രൈസ്തവ സഭകള്‍ക്ക് പതിച്ചുകൊടുക്കാന്‍ മത്സരിക്കുകയാണ്. അന്യാധീനപ്പെട്ട വനവാസി ഭൂമികള്‍ തിരിച്ചുപിടിക്കുന്നതിന് നിയമം നിര്‍മ്മിച്ചതല്ലാതെ അത് നടപ്പാക്കാനും  ഇവരാരും ശ്രമിച്ചില്ല. ജില്ലയില്‍ ഭൂരഹിതരായ വനവാസികള്‍ക്ക് ഭൂമി നല്‍കാന്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച ആശിക്കും ഭൂമി ആദിവാസിക്ക് എന്ന പദ്ധതിയും എങ്ങുമെത്താതെ പോവുകയായിരുന്നു. തല ചായ്ക്കാന്‍ ഒരിടം കാത്ത് മൂന്ന് സെന്റ് ഭൂമിയെങ്കിലും കിട്ടണമെന്നാവശ്യപ്പെട്ട് ജില്ലാഭരണകൂടത്തിന് അപേക്ഷ നല്‍കി കാത്തിരിക്കുന്നവര്‍ വയനാട്ടില്‍ മാത്രം 1600 ല്‍ ഏറെ കുടുംബങ്ങളാണ്. ഇവരെയൊന്നും പരിഗണിക്കാതെയാണ് സര്‍ക്കാര്‍ വിവാദ ഉത്തരവ് ഇറക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.