അതിര്‍ത്തിയിലെ അദ്ഭുതവിജയം

Tuesday 4 August 2015 10:25 pm IST

ബംഗ്ലാദേശും ഭാരതവുമായി തര്‍ക്കങ്ങള്‍ക്കും സംശയങ്ങള്‍ക്കും വഴിവച്ച ഇടനാഴികള്‍ അടുത്തിടെ കൈമാറി  ധാരണയായത് വലിയ സന്തോഷമാണ് സൃഷ്ടിച്ചത്. അവസാനനിമിഷംവരെ ഒരു രഹസ്യവും ചോര്‍ന്നുപോകാതെ നടത്തിയ നയതന്ത്രനീക്കത്തിന്റെ ഫലമായാണ് വിഭജനകാലം മുതലുള്ള ഇതുസംബന്ധിച്ച തര്‍ക്കം തീര്‍ക്കാനായത്. ഇതിനു പിന്നാലെ നാഗാലാന്‍ഡില്‍ നിരന്തരം പോരാടിക്കൊണ്ടിരുന്നവരുമായി കരാറിലേര്‍പ്പെട്ട് സമാധാനം ഉറപ്പുവരുത്താനും കേന്ദ്രസര്‍ക്കാരിന് സാധിച്ചത് അദ്ഭുതാവഹം തന്നെയാണ്. കേരളാ കേഡര്‍ ഐപിഎസ് ഓഫീസര്‍ ആര്‍.എന്‍.രവി (കണ്ണൂര്‍ ജില്ലയുടെ പോലീസ് സുപ്രണ്ടായിരുന്നു) യാണ് ഈ ചരിത്രവിജയത്തിന് ചുക്കാന്‍ പിടിച്ചത്. ആറു പതിറ്റാണ്ടിലേറെയായ തീവ്രവാദത്തിന് അന്ത്യംകുറിച്ച് നാഗാ കലാപകാരികളുമായി കേന്ദ്രസര്‍ക്കാര്‍ സമാധാനക്കരാര്‍ ഒപ്പിട്ടതോടെ വടക്കുകിഴക്കന്‍ മേഖലകളില്‍ ഇനി സമാധാനത്തിന്റെ വഴിതുറക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ആര്‍.എന്‍. രവിയും നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ് (എന്‍എസ്‌സിഎന്‍) എന്ന വിമതസംഘടനയുടെ ചെയര്‍മാന്‍ ഐസക് ചിഷി സ്‌വൂ, ജനറല്‍ സെക്രട്ടറി മുയ്വാ എന്നിവരുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്, സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുടെയും  സാന്നിധ്യത്തിലാണ്  കരാറില്‍ ഒപ്പിട്ടത്. കേന്ദ്രസര്‍ക്കാരും എന്‍എസ്‌സിഎന്നും തമ്മില്‍ നടന്ന വിശദമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് കരാറായത്. കരാര്‍ അംഗീകരിച്ച, എന്‍എസ്‌സിഎന്നിന്റെ മുഴുവന്‍ നേതാക്കളും  ഒപ്പിടുന്ന ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തു. മോദി സര്‍ക്കാരിന്റെ ആത്മാര്‍ഥമായ പ്രയത്‌നങ്ങള്‍ക്ക് നാഗാ നേതാക്കന്മാര്‍ ചടങ്ങില്‍ പ്രശംസ ചൊരിയുന്നുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ വീട്ടില്‍വച്ചാണ് കരാറില്‍ ഒപ്പിട്ടത്. നാഗാകലാപകാരികളുമായി കാലങ്ങളായി ചര്‍ച്ചകള്‍ നടത്താറുണ്ടെങ്കിലും ഒരു പ്രയോജനവും ഉണ്ടാകാറില്ല. 2014 നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ തന്നെ ഈ പ്രശ്‌നം പരിഹരിക്കാനുള്ള നടപടികള്‍ക്ക് തുടക്കമിട്ടു. കഴിഞ്ഞ ഒരു വര്‍ഷമായി കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധികളും തീവ്രവാദസംഘടനകളുമായും വിവിധ നാഗാനേതാക്കളുമായും  തുടര്‍ച്ചയായി ചര്‍ച്ച നടത്തിവരികയായിരുന്നു. പരമ്പരാഗത നാഗാ സംഘടനകള്‍,യുവാക്കള്‍, വിദ്യാര്‍ഥി സംഘടനകള്‍, വനിതാ സംഘടനകള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരുമായെല്ലാം ചര്‍ച്ചകള്‍ നടത്തി. നാഗാ പ്രക്ഷോഭകാരികളുമായി യുപിഎ സര്‍ക്കാര്‍ 80 തവണ ചര്‍ച്ച നടത്തിയിരുന്നു. മാനഹാനിയും ധനനഷ്ടവും മാത്രമായിരുന്നു നേട്ടം. ബ്രിട്ടീഷുകാര്‍ ആസാമും പിന്നെ നാഗാകുന്നുകളും കൈയടക്കിയതുമുതല്‍ അവിടെ പ്രശ്‌നങ്ങള്‍ ഉടലെടുത്തതാണ്. ഭാരതത്തിന്റെ 16-ാമത് സംസ്ഥാനമായി 1963-ല്‍ നാഗാലാന്റ് നിലവില്‍ വന്നതുതന്നെ ഒട്ടേറെ സംഘര്‍ഷങ്ങളും സായുധ സമരങ്ങളുംകൊണ്ട് പൊറുതിമുട്ടിയപ്പോഴാണ്.20 ലക്ഷത്തോളം മാത്രമാണ് ജനസംഖ്യ.നാഗാവിമതന്മാര്‍ എന്നും തലവേദനയാണ്.ആസാം, അരുണാചല്‍പ്രദേശ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന നാഗാലാന്റില്‍ പോരാട്ടം ഒഴിഞ്ഞ സമയം ഇല്ലായിരുന്നു.ഏറ്റുമുട്ടല്‍ മരണങ്ങള്‍ കൂടിക്കൂടിവന്നു. 1975-ല്‍ ഒരുവിഭാഗം കലാപകാരികള്‍ ആയുധം താഴെ വയ്ക്കല്‍ കരാറില്‍ ഒപ്പിട്ടെങ്കിലും വിമത പോരാട്ടം നിലയ്ക്കാത്ത കാഴ്ചയാണ് പിന്നെയും കാണാനായത്. ഭാരതത്തിലും മ്യാന്‍മറിലുമായി വ്യാപിച്ചുകിടക്കുന്ന നാഗാ ഗോത്രങ്ങള്‍ക്കായി പ്രത്യേകരാജ്യം (നാഗലിം) എന്നതാണ് അവരുടെ കാതലായ ആവശ്യം. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണത്. ഗോത്രവര്‍ഗക്കാരുടെ രക്ഷകരായെത്തിയ ബാപ്ടിസ്റ്റ് മിഷന്‍ 95 ശതമാനം ഗോത്രവര്‍ഗക്കാരെയും മതപരിവര്‍ത്തനം നടത്തിക്കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി മുന്‍കൈ എടുത്ത് തയ്യാറാക്കിയ രൂപരേഖയാണ് സമാധാനകരാറിലെത്തിയത്. ആസാമുമായി മാത്രമല്ല മ്യാന്‍മറുമായും സാംസ്‌കാരിക, സാമ്പത്തിക, രാഷ്ട്രീയ ബന്ധമുള്ള നാഗന്മാരെ ക്രൈസ്തവരാക്കാന്‍ മിഷണറിമാര്‍ കൗശലപൂര്‍വമായ നീക്കങ്ങളാണ് നടത്തിപ്പോന്നത്.അതിര്‍ത്തിയിലെ തന്ത്രപ്രധാനമായ നാഗാകുന്നുകളില്‍ ഇതുവരെ വെടിമരുന്നിന്റെയും ചുടുചോരയുടെയും മണമായിരുന്നെങ്കില്‍ ഇനി ശാന്തിയുടെയും സമാധാനത്തിന്റെയും നാളുകളാണുണ്ടാവുക എന്നാശിക്കാം. ഗോത്രസംസ്‌കാര സംരക്ഷണവും വികസനവും യഥാര്‍ഥ്യമാക്കാന്‍ കരാറുകൊണ്ട് സാധിച്ചാല്‍ അതിനോളം വലിയൊരു സംഭാവന ഉണ്ടാകാനില്ല. രാജ്യദ്രോഹികളുടെ ചട്ടുകമായി പാര്‍ലമെന്റിനകത്തും പുറത്തും ചിലര്‍ ഉറഞ്ഞാടുമ്പോള്‍ നിശ്ശബ്ദമായി അതിര്‍ത്തിയില്‍ സമാധാനം ഉറപ്പാക്കുന്ന കേന്ദ്രസര്‍ക്കാരിനെ പ്രശംസിക്കാതിരിക്കാനാകില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.