കേരളത്തില്‍ 25,000 കോടിയുടെ റോഡ് വികസന പദ്ധതികള്‍

Tuesday 4 August 2015 11:28 pm IST

ന്യൂദല്‍ഹി: കേരളത്തില്‍ രണ്ട് വര്‍ഷത്തിനകം 25,000 കോടി രൂപയുടെ റോഡ് വികസന പദ്ധതികള്‍ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സജ്ജമാണെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി. സംസ്ഥാനത്തിന്റെ സ്വപ്‌നമായ 600 കിലോമീറ്ററോളം ദൈര്‍ഘ്യം വരുന്ന ഹില്‍ ഹൈവേ പദ്ധതി ഏറ്റെടുക്കാനും കേന്ദ്രം തയ്യാറാണ്. വിഴിഞ്ഞം തുറമുഖം, കണ്ണൂര്‍ വിമാനത്താവളം എന്നിവയെ ദേശീയപാതകളുമായി ബന്ധിപ്പിക്കുന്ന റോഡുകള്‍ നിര്‍മ്മിച്ചു നല്‍കാമെന്നും ഗഡ്കരി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തു നല്‍കിയാല്‍ ദേശീയപാതകള്‍ തുറമുഖത്തേക്കും വിമാനത്താവളത്തിലേക്കും ദീര്‍ഘിപ്പിക്കും. സ്ഥലത്തിന്റെ വിലയും ദേശീയപാതാ അതോറിറ്റി വഹിക്കും. എറണാകുളം വല്ലാര്‍പാടത്തു നിന്ന് ആരംഭിച്ച് കോഴിക്കോട് വരെ നീളുന്ന തീരദേശ ഹൈവേ പദ്ധതിയെ കേന്ദ്ര സര്‍ക്കാരിന്റെ സാഗര്‍മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി ദേശീയപാതയായി വികസിപ്പിക്കാമെന്നും ഗഡ്കരി ഉറപ്പുനല്‍കി. ആരാധനാലയങ്ങളുടെ സ്ഥലം ദേശീയപാതകള്‍ക്കായി ഏറ്റെടുക്കുന്നത് സംബന്ധിച്ച ഗുരുതമായ പ്രശ്‌നങ്ങള്‍ കേരളത്തില്‍ നിലനില്‍ക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി കേന്ദ്രമന്ത്രിയെ ധരിപ്പിച്ചു. പ്രശ്‌നപരിഹാരത്തിന് സംസ്ഥാന ചീഫ് സെക്രട്ടറി അധ്യക്ഷനായ അഞ്ചംഗ ഉന്നതതല സമിതിയെ നിയോഗിക്കും. ആരാധനാലയങ്ങള്‍ നീക്കം ചെയ്യാതെ അവിടങ്ങളില്‍ ഫ്‌ളൈ ഓവറുകളോ ബൈപ്പാസുകളോ നിര്‍മിക്കാനാവുമോ എന്ന കാര്യം സമിതി പരിശോധിക്കും. റവന്യു, പൊതുമരാമത്ത് വകുപ്പു സെക്രട്ടറിമാര്‍, ദേശീയപാതാ അതോറിറ്റിയിലെ ഉന്നതരായ രണ്ട് ഉദ്യോഗസ്ഥര്‍ എന്നിവരാണു സമിതിയിലുണ്ടാകുക. ഇവരുടെ തീരുമാനം അന്തിമമായിരിക്കും. ദേശീയപാതാ വികസനം നിശ്ചിത മാനദണ്ഡങ്ങള്‍ അനുസരിച്ചു തന്നെ വേഗത്തില്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാ സഹായങ്ങളും കേന്ദ്രത്തിന് വാഗ്ദാനം ചെയ്തിട്ടുണ്ട്.  ഭൂമിവിലയാണ് കേരളത്തിലെ പ്രശ്‌നം. ഇക്കാര്യത്തില്‍ ന്യായവിലയുടെ ഇരട്ടി തുക നഗരപ്രദേശങ്ങളിലും നാലിരട്ടി തുക ഗ്രാമപ്രദേശങ്ങളിലും നഷ്ടപരിഹാരമായി നല്‍കണമെന്ന് കേന്ദ്രത്തോടാവശ്യപ്പെട്ടിട്ടുണ്ട്. പരിഗണിക്കാമെന്നു ഗഡ്ക്കരി ഉറപ്പു നല്‍കിയെന്ന് പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞ് വ്യക്തമാക്കി. കണ്ണൂര്‍ ബൈപ്പാസ്, അടിയന്തരമായി നിര്‍മിക്കേണ്ട ഫ്‌ളൈ ഓവറുകള്‍ എന്നിവയുടെ കാര്യത്തില്‍ ഉടന്‍ നടപടിയുണ്ടാകും. തിരുവനന്തപുരം നഗരറോഡ് നവീകരണ പദ്ധതിയുടെ മാതൃകയില്‍ മറ്റു നഗരങ്ങളിലും പദ്ധതി കൊണ്ടുവന്നാല്‍ കേന്ദ്രസഹായം ലഭിക്കും. റോഡ് കണ്‍ട്രോള്‍ റൂം എന്ന ആശയത്തോടും കേന്ദ്രം യോജിച്ചു. മുഴുവന്‍ റോഡുകളെയും ഒരു കണ്‍ട്രോള്‍ റൂമിന് കീഴിലാക്കി നിരന്തര നിരീക്ഷണം നടത്തുന്ന  പദ്ധതി വിദേശരാജ്യങ്ങളില്‍ വലിയ വിജയമാണ്. ഏതു പ്രശ്‌നവും കണ്‍ട്രോള്‍ റൂമിന്റെ സഹായത്തോടെ ഉടനടി കണ്ടെത്താനും പരിഹരിക്കാനും കഴിയുമെന്നതാണ് മെച്ചം. ഇത്തരം കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കാനും കേന്ദ്രസഹകരണം ലഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.