ബിയര്‍ പാര്‍ലര്‍ ലൈസന്‍സ് നഗരസഭ ചെയര്‍മാനെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്നു സസ്‌പെന്റു ചെയ്തു

Saturday 20 May 2017 11:40 am IST

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര നഗരസഭ ചെയര്‍മാനും കോണ്‍ഗ്രസ്സ് അംഗവുമായ എസ്.എസ്. ജയകുമാറിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും കെപിസിസി പ്രസിഡന്റ് സസ്‌പെന്റുചെയ്തതായി കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു. നെയ്യാറ്റിന്‍കര നഗരസഭ പരിധിയില്‍ ആലുംമൂട്ടില്‍ സ്ഥിതിചെയ്യുന്ന പഞ്ചനക്ഷത്ര ഹോട്ടലിന് ബിയര്‍ പാര്‍ലര്‍ തുടങ്ങുന്നതിന് കൗണ്‍സില്‍ അനുമതി നല്കിയിരുന്നു. ഗാന്ധിയന്‍ പി. ഗോപിനാഥന്‍നായര്‍ ഉള്‍പ്പെടെയുള്ളവര്‍ കൗണ്‍സില്‍ തീരുമാനത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുകയും കെപിസിസി പ്രസിഡന്റിനെ പരാതിയും നല്കിയിരുന്നു. ഇതേ തുടര്‍ന്ന് പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയമിച്ചു. അന്വേഷണകമ്മീഷന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് എസ്.എസ്. ജയകുമാറിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്റു ചെയ്തത്. പാര്‍ട്ടിയുടെ ഉത്തമ താല്‍പര്യങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചുവെന്നും, പാര്‍ട്ടിക്ക് ജനമധ്യത്തില്‍ അവമതിപ്പുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളും, പ്രസ്താവനകളും നടത്തിയെന്നും, സംഘടനാ മര്യാദകള്‍ ലംഘിച്ചുവെന്നുമാണ് ഉപസമിതി റിപ്പോര്‍ട്ട് ചെയ്തത്. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം. സുരേഷ്ബാബു കണ്‍വീനറും ജനറല്‍ സെക്രട്ടറി അഡ്വ. ബാബുപ്രസാദ്, സെക്രട്ടറി എം.എം. നസ്സീര്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് അന്വേഷണം നടത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.