കറാച്ചി: പാക് മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വസിം അക്രമിന്റെ കാറിനു നേരെ വെടിവെപ്പ്. കറാച്ചിയിലെ ഷാ ഫൈസല്‍ റോഡില്‍ വെച്ചാണ് അജ്ഞാതന്‍ അക്രമിന്റെ കാറിനു നേരെ വെടിയുതിര്‍ത്തത്. ഫാസ്റ്റ് ബൗളര്‍മാര്‍ക്കായി സംഘടിപ്പിച്ച ഒരു പരിശീലന പരിപാടിക്കായി കറാച്ചിയിലെ നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് പോകും വഴിയായിരുന്ന വെടിവെപ്പ്. അക്രം സുരക്ഷിതനാണെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രണ്ടുപേര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ അതിലൊരാള്‍ വെടിവെക്കുകയായിരുന്നു. ഗതാഗതക്കുരുക്കില്‍ കുടുങ്ങിപ്പോയ അക്രമിന്റെ കാറിന്റെ ടയറിലാണ് ബുള്ളറ്റ് പതിച്ചത്. സംഭവം അക്രമിനുനേരെയുള്ള വധശ്രമമല്ലെന്ന് പോലിസ് വ്യക്തമാക്കി. ‘മറ്റൊരു ഭാഗത്തു നിന്നും വന്ന കാര്‍ എന്റെ വാഹനത്തിലിടിക്കുകയായിരുന്നു. പിന്നീട് മറ്റൊരു കാറില്‍ നിന്നും വെടിവെപ്പുണ്ടായി’ ഒരു സ്വകാര്യ വാര്‍ത്താ ചാനലിനോട് അക്രം പറഞ്ഞു. താരത്തെ സുരക്ഷിത സ്ഥലത്തേക്കു മാറ്റിയതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
യുവ ഫാസ്റ്റ് ബൗളര്‍മാര്‍ക്കായി കറാച്ചി നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ 13 ദിവസത്തെ ക്യാമ്പാണ് വസിം അക്രമിന്റെ നേതൃത്ത്വത്തില്‍ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: