ലങ്കയെ ചുട്ടു പൊട്ടിച്ച ഹനുമാന്‍

Wednesday 5 August 2015 8:49 pm IST

  ഹനുമാനെ വിഭീഷണന്‍ തന്ത്രപൂര്‍വം ഇടപെട്ട് രാവണന്റെ കൊല്ലാനുള്ള ആജ്ഞയില്‍നിന്നു രക്ഷിക്കുന്നു. വിഭീഷണനോട് രാവണന് നീരസം തോന്നാന്‍ ഒരുകാരണം ഇതുമൂലമുണ്ടായ ലങ്കാദഹനമായിരിക്കാം. വിഭീഷണന്‍ ശരിയുടെ പക്ഷത്തേക്കു ചായുന്നതിന്റെ ആദ്യസൂചനയായും ഇതു കണക്കാക്കാം. ലങ്കാദഹനത്തിന് വഴിമരുന്നിട്ടുകൊടുത്തത് രാക്ഷസേശ്വരന്‍തന്നെയാണ്. തന്റെകര്‍മ്മങ്ങള്‍ വഴി പരോക്ഷമായും വാലിനു തീകൊളുത്തി പ്രത്യക്ഷമായും. പാപങ്ങളെല്ലാം പൂത്തുലഞ്ഞ് വിഷഫലങ്ങള്‍ ലഭിക്കുമ്പോഴാണ് പലരും തന്റെ കര്‍മ്മങ്ങളെ ഓര്‍ത്തു വിലപിക്കുന്നത്. പാപകര്‍മ്മങ്ങള്‍ ബലവാനായ പാപിയുടെ ബലം ഏശാതാക്കുകയും ദുര്‍ബലനാണെന്നുതോന്നിക്കുന്ന സജ്ജനങ്ങളുടെ ശക്തിയെ വര്‍ധപ്പിക്കുകയും ചെയ്യുന്നു. രണ്ടുപേരും എതിരിടുമ്പോള്‍ എല്ലാവിധത്തിലും കുടുങ്ങിയയാളാണെന്നുതോന്നിച്ച ഹനുമാന്‍ അവസാനം വിജയിയായി അഭിമാനപൂര്‍വ്വം ലങ്കയെ ചുട്ടു നശിപ്പിക്കുന്നു. തങ്ങളുടെ രാജാവിന്റെ പൂര്‍വ്വ പാപങ്ങളെ ഓര്‍ത്ത് ലങ്കാവാസികള്‍-പ്രത്യേകിച്ച് സ്ത്രീകള്‍ - നിലവിളിക്കുന്നത് ലങ്കഎരിയുമ്പോഴാണ്. മറ്റുള്ളവരുടെ താല്പര്യങ്ങളും മാനവും മുടിപ്പിച്ച് തങ്ങളുടെ സ്വാര്‍ത്ഥം നിറവേറ്റിയിരുന്ന കാലത്തവര്‍ തങ്ങളുടെ രാജാവിനെ പുകഴ്ത്തി. വാസ്തവത്തില്‍ ആ സമയത്ത്, സ്വര്‍ണ്ണമയിയാക്കിത്തീര്‍ത്ത ലങ്കനിവാസികള്‍ രാവണനേയും രാക്ഷസരേയും തിരുത്താന്‍ ശ്രമിക്കയോ ലങ്കവിടുകയോ ചെയ്തിരുന്നെങ്കില്‍ ഇന്നീ ദുസ്ഥിതി വരില്ലായിരുന്നു എന്നവര്‍ ഓര്‍ത്തുകാണില്ല. ഭരിക്കുന്നവര്‍ മര്യാദകേടുകള്‍ കാണിക്കുമ്പോള്‍ പൗരന്മാര്‍ പ്രതിഷേധിക്കുന്നതിനു പകരം അവരുടെ പാപങ്ങളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും പങ്ക്പറ്റുകയും ചെയ്താല്‍ ആ പാപങ്ങളുടെ തിക്ത ഫലവും നാട്ടുകാരെല്ലാവരും അനുഭവിക്കേണ്ടിവരും. ഇന്ന് പാക്കിസ്ഥാനിലെ ജനങ്ങള്‍ തങ്ങളുടെ ഭരണാധികാരികള്‍ വളര്‍ത്തിക്കൊണ്ടുവന്ന ഭീകരവാദ പ്രസ്ഥാനങ്ങളുടെ ആക്രമണത്തിനിരയാവുന്നുണ്ടല്ലോ? അവര്‍ ഭാരതത്തെ പഴിചാരുന്നുണ്ടെങ്കിലും അവരുടെ പാപഫലങ്ങല്‍ തന്നെയാണ് അനുഭവിക്കുന്നത്. ലങ്ക എരിയുന്നത് രാക്ഷസന്മാരുടെ പാപങ്ങളാവുന്ന ഇന്ധനം മൂലമാണ്; ഹനുമാന്‍ നിമിത്തമായെന്നു മാത്രം. ആദ്ധ്യാത്മിക ദൃഷ്ടിയില്‍ ജ്ഞാനാഗ്നി മൂലം അഹങ്കാരത്തിന്റെ സംസ്‌കാരങ്ങള്‍ നശിക്കുന്നതിന്റെ പ്രതീകമാണ് ലങ്കാദഹനം അഹത്തിന്റെ താമസിക ഗുണങ്ങള്‍ ദഹിച്ചാലേ മനസ്സില്‍ ഈശ്വരചൈതന്യം അനുഭവപ്പെടൂ. പാപസംസ്‌കാരങ്ങള്‍ മനസ്സിലുള്ളവര്‍ക്ക് ആദ്ധ്യാത്മികസഭകളില്‍ ഇരിക്കാന്‍ പോലും തോന്നില്ല. ഓര്‍മ്മകളുടെ വലയില്‍ കുടുങ്ങിയും ഇതാണുഞാന്‍ എന്നു ശരീരത്തെപറ്റി തെറ്റിദ്ധരിച്ചുമാണ് ആത്മാവെന്ന ചിദാനന്ദമയതത്വം ജീവനും ദേഹിയുമാവുന്നത്. വിവേകം വളര്‍ന്നുവരുമ്പോള്‍ അജ്ഞാനത്തിന്റെ കോട്ടകളായ പഞ്ചകോശങ്ങള്‍ ദൈവിക സംസ്‌കാരങ്ങള്‍ വളരുന്നു. അവ അജ്ഞാനമാകുന്ന ഭൗതിക വാസനകളെ ഇല്ലായ്മ ചെയ്യുന്നു. ഈലക്ഷണങ്ങള്‍ ജീവന്റെ മുക്തി ഉടനുണ്ടാവുമെന്ന് സൂചിപ്പിക്കുന്നു. സീതയുടെ മുക്തി ഉറപ്പുനല്‍കിയാണ് ഹനുമാന്‍ തിരിച്ചുപോകുന്നത്. ഇന്നു പലരും ഹനുമാന്‍ എടുത്തുചാട്ടമാണ് ചെയ്തതെന്നു വ്യാഖ്യാനിക്കുന്നു. തന്റെ ശക്തികളും ദൗത്യവും തിരിച്ചറിഞ്ഞു കൃത്യമായ കണക്കുകളോടെ നടത്തിയ ദൗത്യനിര്‍വ്വഹണത്തിന്റെ കഥയാണ് സുന്ദരകാണ്ഡം. ഹനുമദ്ചരിതം സുന്ദരമായതില്‍ അത്ഭുതപ്പെടാനില്ലല്ലോ. സത്യം ശിവം സുന്ദരമായ ശിവാംശമാണല്ലോ ഹനുമാന്‍. ഒന്നുകില്‍ കൃത്യനിര്‍വ്വഹണം അല്ലങ്കില്‍ മരണമെന്ന സൈനികചിന്താഗതി തന്നെയായിരുന്നു വാനരസംഘത്തിന്റേതും. അതിന്നാല്‍ ഹനുമാന്‍ വിജയിച്ചെത്തിയപ്പോളത് തങ്ങളുടെ വിജയമായികണ്ട് ആര്‍ത്തു വിളിക്കയും ആലിംഗനം ചെയ്യുകയും ചെയ്യുന്നു; ടൈഗര്‍ഹില്‍ കീഴടക്കിയ കാര്‍ഗില്‍ യുദ്ധകാലത്തെ സൈനികരെ പോലെതന്നെ. ഒരു ഉത്തമ ദൂതനെപോലെ തന്റെ ദൗത്യം ഹനുമാന്‍ രാമന് ആദ്യന്തം വിവരിച്ചുകൊടുക്കുന്നു; സംക്ഷിപ്തവും വിശദാംശങ്ങള്‍ ചോരാതെയും ഉള്ളവിവരണമാണ് ഹനുമാന്റേത്. പ്രത്യുപകാരം ചെയ്യാന്‍ എനിക്കുകഴിയില്ല എന്നുപറഞ്ഞ് രാമന്‍ ഹനുമാനെ പുല്‍കുന്നത്. ലങ്കയെ പറ്റിയുള്ള വിവരണം ശ്രീരാമന്‍ ഹനുമാനില്‍ നിന്നു ശേഖരിക്കുന്നുണ്ട്. പണ്ടു പണ്ടേ യുദ്ധതന്ത്രത്തില്‍ ശത്രുരാജ്യ പഠനത്തിനു പ്രാധാന്യമുണ്ടായിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിലും പിന്നീടുള്ള മുസ്ലിം ആക്രമണങ്ങളില്‍ ഭാരതീയ രാജാക്കന്മാര്‍ തോറ്റതിന്റെ മുഖ്യകാരണം നേരത്തേവന്ന് സൈനികനിരീക്ഷണവും നടത്തി തിരിച്ചുപോയ ഫകീര്‍ പേഷ്‌ക്കാര്‍ കൊടുത്ത വിവരങ്ങളാണത്രേ. ഹിന്ദുക്കള്‍ ഇവരെ ആദ്ധ്യാത്മിക പുഷന്മാരായിക്കണ്ട് ബഹുമാനിച്ചു. അവരും ധാരാളം ശിഷ്യന്മാരെ ഇസ്ലാമിലേക്കുമതം മാറ്റി. ഇതുമൂലം സുല്‍ത്താന്മാരും ഗോറിമാരും മുഗളരും വന്നപ്പോള്‍ അവരെ പിന്തുണയ്ക്കാന്‍ ഒരു വിഭാഗമിവിടെ നേരത്തേ തയ്യാറായിരുന്നു രാമായണം വായിച്ചിരുന്നത് ഹിന്ദുക്കളും പ്രയോഗത്തില്‍ വരുത്തിയത് മുസ്‌ലിങ്ങളുമെന്നു ചുരുക്കം. സൂര്യഭഗവാനില്‍നിന്നും വിദ്യഗ്രഹിക്കാന്‍ ചെന്ന ഹനുമാനോട് തന്റെകൂടെ സഞ്ചരിക്കാമെങ്കില്‍ ശിക്ഷണം നല്‍കാമെന്ന്‌സൂര്യന്‍ പറഞ്ഞു. അപ്രകാരം ശിക്ഷണം നേടിയശേഷം ഗുരുദക്ഷിണയായി തന്റെ മകന്റെ മന്ത്രിയാവണമെന്നാണ് സൂര്യദേവന്‍ ആവശ്യപ്പെട്ടത്. ദേവാംശമാണെങ്കിലും സൂര്യനെപ്പോലെ തേജസുറ്റ ഗുരുവിന്റെ കൂടെസഞ്ചരിച്ചാണ് ഹനുമാന്റെ തേജസ് തിളങ്ങിയത്. എത്ര ശക്തികളുണ്ടെങ്കിലും ശിക്ഷണമില്ലാത്ത മനസ്സ് അതെല്ലാം വ്യര്‍ത്ഥമാക്കിക്കളയുന്നു. നല്ല തേജസുള്ള ഒരു ഗുരുവിനോടുകൂടി തന്റെ ജീവിതരഥം കൂട്ടിയിണക്കിയാല്‍ മാത്രമെ ഉത്തമ സംസ്‌കാരങ്ങളും നിയന്ത്രണവുമുള്ള ഒരു മനസ്സ് നേടാനാകൂ. ജീവിതത്തിലെ ഏറ്റവും വലിയ നിര്‍ണയം മാതാപിതാക്കളെ തിരഞ്ഞെടുക്കലാണ് എന്നുപറയാറുണ്ട്. എന്നാല്‍ സുബോധത്തോടെ നമുക്ക് ചെയ്യാവുന്ന കാര്യമാണ് നല്ലൊരു ഗുരുവിനെ കണ്ടെത്തല്‍. നമ്മുടെ ജീവിതം ഹനുമത് സദൃശമാക്കാന്‍ ഗുരുവിന്റെ മാര്‍ഗദര്‍ശനം തേടിയേമതിയാകൂ. ഏതുവിദ്യയും നാമൊരാളില്‍നിന്ന് പഠിച്ചേ മതിയാകൂ. (തുടരും)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.