പോപ്പുലര്‍ ഫ്രണ്ടിന്റെ ഇസ്ലാമിക ഭീകരതയ്ക്ക് വീണ്ടും തെളിവ്

Wednesday 5 August 2015 11:23 pm IST

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് അന്താരാഷ്ട്ര ഇസ്ലാമിക ഭീകരസംഘടനകളുടെ ഭാരത പതിപ്പെന്നതിന് വീണ്ടും തെളിവ്. പോപ്പുലര്‍ഫ്രണ്ട് മുഖപത്രമായ തേജസ്സിലെ മാധ്യമപ്രവര്‍ത്തകന്‍ അന്താരഷ്ട്ര ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്‌സില്‍ ചേര്‍ന്നെന്ന ഇന്റലിജന്റ്‌സ് ഏജന്‍സികളുടെ കണ്ടെത്തലാണ് ഏറ്റവും ഒടുവിലത്തേത്. പോപ്പുലര്‍ഫ്രണ്ട്-എസ്ഡിപിഐ സംസ്ഥാനനേതാക്കളാണ് ഇയാളെ ഐഎസുമായി അടുപ്പിച്ചതെന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട.് നിരോധിക്കപ്പെട്ട സിമിയുടെ രൂപാന്തരമാണ് പോപ്പുലര്‍ഫ്രണ്ടെന്നും ഇന്ത്യന്‍ മുജാഹിദ്ദീന്‍, അല്‍ഖ്വയ്ദ, ലഷ്‌കര്‍ ഇ തൊയ്ബ തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഈ കേസില്‍ അന്വേഷണം അട്ടിമറിച്ചിരിക്കെയാണ് ഐഎസുമായുള്ള ബന്ധം പുറത്തുവരുന്നത്. മൂന്ന് മലയാളികള്‍ ഐഎസില്‍ ചേര്‍ന്നെന്നാണ് രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചത്. ഇതില്‍ പ്രധാനി പാലക്കാട് സ്വദേശി അബു താഹിര്‍ തേജസ്സിന്റെ പാലക്കാട് ലേഖകനും പിന്നീട് ഖത്തര്‍ പ്രതിനിധിയുമായിരുന്നു വളരെക്കാലം. പ്ലസ് ടു പ ഠിച്ച് പോപ്പുലര്‍ഫ്രണ്ടിന്റെ കേഡറായ താഹിറിനെ സൗജന്യബിരുദ പഠനവും ജോലിയും വാഗ്ദാനം ചെയ്താണ് സംഘടന വലയിലാക്കിയത്. സംഘടനയുടെ നിയന്ത്രണത്തിലുള്ള, മലപ്പുറം മഞ്ചേരിയിലെ ഗ്രീന്‍വാലിയില്‍ താമസിച്ചാണ് താഹിര്‍ സോഷ്യോളജിയില്‍ ബിരുദം പൂര്‍ത്തിയാക്കിയത്. പിന്നീട് ഇയാളെ തേജസ്സിന്റെ പാലക്കാട് ലേഖകനാക്കി, അവിടെ നിന്ന് ഖത്തറിലേക്ക് കൊണ്ടുപോകുകയായിരുന്നു. പാക് ഭീകരവാദ സംഘടനകളുടെ റിക്രൂട്ടിങ് ഏജന്‍സിയാണ് പോപ്പുലര്‍ഫ്രണ്ടെന്നത് നേരത്തെ പുറത്ത് വന്നിരുന്നു. 2008 ഒക്‌ടോബറില്‍ ജമ്മുകശ്മീരിലെ കുപ്‌വാരയില്‍ സൈന്യവുമായി ഏറ്റുമുട്ടി കണ്ണൂര്‍ സ്വദേശികളായ നാലുഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. ലഷ്‌കര്‍ ഇ തൊയ്ബയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട ഇവര്‍ക്ക് പാക്കിസ്ഥാനില്‍ പരിശീലനവും ലഭിച്ചു. ലഷ്‌കര്‍ ഇ തൊയ്ബ കമാണ്ടന്റ് തടിയന്റവിട നസീറിനൊപ്പം റിക്രൂട്ട്‌മെന്റില്‍ പോപ്പുലര്‍ഫ്രണ്ടിനും പങ്കുള്ളതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു. സംഘടനയുടെ മുഖപത്രം വഴിയും റിക്രൂട്ട്‌മെന്റ് നടത്തുന്നുണ്ടെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. മുംബൈ, പൂനെ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളില്‍ പോപ്പുലര്‍ഫ്രണ്ടിന്റെ പങ്ക് പുറത്തുവന്നതാണ്. അധ്യാപകന്റെ കൈവെട്ടിയ കേസും നാറാത്ത് ക്യാമ്പും ഭീകരവാദ പ്രവര്‍ത്തനമാണെന്ന് കോടതിയും ദേശീയഅന്വേഷണ ഏജന്‍സിയും കണ്ടെത്തിയിരുന്നു. 2010ല്‍ ആലുവ, മൂവാറ്റുപുഴ എന്നിവിടങ്ങളില്‍ നടത്തിയ റെയ്ഡില്‍ താലിബാന്‍, അല്‍ഖ്വയ്ദ തുടങ്ങിയ ഭീകരസംഘടനകളുടെ പ്രവര്‍ത്തനരീതികളും കൊലപാതകങ്ങളും ചിത്രീകരിച്ച സിഡികള്‍ പിടിച്ചെടുത്തിരുന്നു. 2012ല്‍ കേരള സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ നിരോധിക്കപ്പെട്ട സിമിയുടെ പുതിയരൂപമാണ് പോപ്പുലര്‍ ഫ്രണ്ടെന്നും സംഘടന രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. സിമി മുന്‍ ദേശീയ ചെയര്‍മാന്‍ അബ്ദുള്‍ റഹ്മാന്‍, ദേശീയ സെക്രട്ടറി അബ്ദുള്‍ ഹമീദ് എന്നിവരുള്‍പ്പെടെയുള്ളവര്‍ പോപ്പുലര്‍ഫ്രണ്ടിന്റെ നേതൃനിരയിലുണ്ട്. 2014ല്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം 27 ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരെ പോപ്പുലര്‍ ഫ്രണ്ട് കൊലപ്പെടുത്തി. വര്‍ഗീയകലാപങ്ങള്‍ ലക്ഷ്യം വച്ചായിരുന്നു കൊലപാതകങ്ങള്‍. 86 വധശ്രമങ്ങളും 106 വര്‍ഗീയകേസുകളും സംഘടനയുടെ പേരിലുണ്ട്. എന്നാല്‍ ഇതേ സര്‍ക്കാര്‍ തന്നെ അന്വേഷണം അട്ടിമറിക്കുകയും ചെയ്തു. കര്‍ണാടക സര്‍ക്കാരും സംഘടനയെ നിരോധിക്കണമെന്ന് 2011ല്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.