ഗുരുനിന്ദകരുടെ ഗതികേട്

Friday 25 September 2015 9:25 am IST

ഗുരുനിന്ദയുടെ രാഷ്ട്രീയത്തിലേക്കോ?’എന്ന ചോദ്യമുന്നയിച്ച് സിപിഎം നേതാവ് പിണറായി വിജയന്‍ രണ്ട് ലക്കങ്ങളിലായി ‘ദേശാഭിമാനി’യില്‍ എഴുതിയ ലേഖനത്തിലുടനീളം പച്ചക്കള്ളങ്ങളുടെ ഘോഷയാത്രയാണ് കാണാന്‍ കഴിഞ്ഞത്. എസ്എന്‍ഡിപി യോഗത്തിന്റെ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കേന്ദ്രത്തിലെ ഭരണകക്ഷിയായ ബിജെപിയുടെ ദേശീയാദ്ധ്യക്ഷനെ കണ്ടത് മഹാപരാധവും ഗുരുനിന്ദയുമാണെന്നൊക്കെയാണ് പിണറായിയുടെ വിലാപം. പിന്നോക്ക താല്‍പര്യം പരിരക്ഷിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഈഴവസമുദായം ഉറച്ചുനില്‍ക്കുന്നുവെന്ന അവകാശവാദവും ലേഖനത്തിലുണ്ട്. അത് ശരിയെങ്കില്‍, വെള്ളാപ്പള്ളി ദല്‍ഹിവരെ പോയി അരമണിക്കൂര്‍ അമിത്ഷായുമായി സംസാരിച്ചതിന്റെ പേരില്‍ എന്തിന് പിണറായി ഇത്രമാത്രം ആശങ്കാകുലനാകണം, അസ്വസ്ഥനാകണം, ലേഖന പരമ്പര എഴുതണം? അപ്പോള്‍ എന്തോചില പന്തികേടുകള്‍ ഉണ്ടെന്ന് വ്യക്തം.

1992ല്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന് അനുകൂലമായി സിപിഎം സ്വീകരിച്ച നിലപാട് പിന്നോക്ക സമുദായങ്ങളില്‍ പാര്‍ട്ടിക്കുള്ള വിശ്വാസം വര്‍ധിപ്പിച്ചുവെന്നാണ് സിപിഎം നേതാവിന്റെ കണ്ടുപിടുത്തം. ഇത് സത്യവിരുദ്ധമാണ്. മണ്ഡല്‍കമ്മീഷന്‍ മുന്നോട്ടുവച്ച സാമുദായിക സംവരണത്തെയല്ല, കടകവിരുദ്ധമായ സാമ്പത്തിക സംവരണത്തെയാണ് സിപിഎം നേതാവായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാട് ജീവിതകാലം മുഴുവന്‍ പിന്തുണച്ചത്.പാര്‍ലമെന്റില്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ ആദ്യം ശബ്ദമുയര്‍ത്തിയത് ബീഹാറില്‍നിന്നുള്ള സിപിഐ അംഗം ഭോഗേന്ദ്ര ഝാ ആയിരുന്നു.

മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ സംവരണത്തിനെതിരെ നടന്ന പ്രക്ഷോഭത്തെ ബിജെപി പിന്തുണച്ചിട്ടില്ല.പിന്നാക്ക ജനവിഭാഗങ്ങളുടെ താല്‍പര്യങ്ങള്‍ പരിരക്ഷിക്കുന്നതിനും അവരെ ദേശീയ മുഖ്യധാരയില്‍ നിലനിര്‍ത്തിക്കൊണ്ട് ആനുകൂല്യങ്ങള്‍ നേടി എടുക്കുന്നതിനും എന്നെന്നും മുന്‍പന്തിയില്‍നിന്ന് പ്രവര്‍ത്തിച്ചിട്ടുള്ളത് ആര്‍എസ്എസാണ്. അതേസമയം, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിന്നാക്കക്കാരുടെ വോട്ട് നേടിയെടുക്കാനും തങ്ങളോടൊപ്പം നിലനിര്‍ത്തി രാഷ്ട്രീയമുതലെടുപ്പ് നടത്താനും അവരില്‍ അസ്വസ്ഥത സൃഷ്ടിക്കുകയായിരുന്നു.പിന്നാക്കക്കാര്‍ ഒരിക്കലും സ്വസ്ഥരോ സംതൃപ്തരോ ആകാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അനുവദിച്ചിട്ടില്ല. എന്നാണോ പ്രശ്‌നങ്ങള്‍ പരിഹരിച്ച് അവര്‍ സ്വയംപര്യാപ്തരും സ്വാവലംബികളുമാകുന്നത് അന്ന് പിന്നാക്കക്കാരില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ ഇല്ലാതാകുമെന്ന് നേതാക്കള്‍ക്ക് അറിയാമായിരുന്നു. അതുകൊണ്ട് പിന്നാക്കക്കാരുടെ കാതലായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒട്ടും ശ്രദ്ധിച്ചില്ല.

ഇഎംഎസ് കൊണ്ടുവന്ന കാര്‍ഷിക ബന്ധ നിയമവും ഭൂപരിഷ്‌കരണ നിയമവുമാണല്ലോ പിന്നാക്കക്കാര്‍ക്കുവേണ്ടി സിപിഎം ചെയ്ത ഏറ്റവും വലിയ സഹായനടപടികളായി പിണറായി കൊട്ടിഘോഷിക്കുന്നത്. ഈ നിയമങ്ങള്‍വഴി പാവപ്പെട്ട ഈഴവരാദി പിന്നാക്കക്കാര്‍ക്കും പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കും കുറെക്കൂടി കഷ്ടനഷ്ടങ്ങളും ദുരിതവും അനുഭവിക്കേണ്ടിവന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ശുദ്ധവായു ശ്വസിച്ച് മണ്ണില്‍ പണിയെടുത്ത് ജീവിച്ചവരെ മൂന്ന് കി.മീ. ചുറ്റളവിനുള്ളില്‍ ജന്മി നിശ്ചയിച്ച സ്ഥലത്തേക്ക് കൂട്ടത്തോടെ മാറ്റിത്താമസിപ്പിച്ചതുമൂലം സൈ്വരമായോ സൗകര്യപൂര്‍വമോ ജീവിക്കാനായില്ല. വെള്ളം, വെളിച്ചം, വഴി തുടങ്ങിയ സൗകര്യങ്ങളില്ലാതെ അവര്‍ ബുദ്ധിമുട്ടി.അവരുടെ ഇന്നത്തെ അവസ്ഥ അതിലേറെ ദയനീയം! കിട്ടിയ സ്ഥലം മൂന്ന് തലമുറയായപ്പോള്‍ ഭാഗംവെച്ച് വീണ്ടും വീടുകള്‍വെച്ചു. ശവസംസ്‌കാരത്തിനോ നിന്നുതിരിയാനോ നിവൃത്തിയില്ലാതെ ആ പാവങ്ങള്‍ വലയുന്നു. മണ്ണിനുവേണ്ടി പ്രാണന്‍കൊടുത്ത പിന്നാക്ക സഹോദരങ്ങളുടെ കഥയാണിത്.

അതേസമയം, വന്‍കിട തോട്ട ഉടമകളെ നിയമത്തില്‍ നിന്നും ഒഴിവാക്കി. ജന്മിയുടെ കൈവശമിരുന്ന സ്വകാര്യ വനങ്ങളെ മിച്ചഭൂമിയില്‍നിന്നും മാറ്റിനിര്‍ത്തി. 15 ഏക്കറില്‍ കൂടുതല്‍ കൈവശം വെക്കാന്‍ പാടില്ലെന്ന നിയമത്തെ മറികടക്കാന്‍ മിച്ചമുള്ള ഭൂമിയിലെല്ലാം തോട്ടവിളകള്‍വെച്ച് പിടിപ്പിച്ച് ജന്മിമാര്‍ സുരക്ഷിതരായി. 11 ലക്ഷം ഹെക്ടര്‍ മിച്ചഭൂമി കണ്ടെത്തിയിട്ട് ഇന്നേവരെ ഒരുലക്ഷം ഹെക്ടറെങ്കിലും ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് നാളിതുവരെ നടന്നിട്ടുള്ള ബഹുജനസമരങ്ങളില്‍ സിപിഎം കാഴ്ചക്കാരായി മാറിനില്‍ക്കേണ്ടിവരുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കേണ്ട ആവശ്യമില്ല.

ഹിന്ദുക്കളില്‍ 75 ശതമാനംപേരും പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാരും മറ്റ് പിന്നാക്കക്കാരും അടങ്ങുന്ന പാവപ്പെട്ട ജനസമൂഹമാണ്. അവര്‍ക്കൊപ്പം നില്‍ക്കാനും അവരുടെ അവകാശ സമരമുഖങ്ങളില്‍ ആത്മാര്‍ത്ഥമായി നിലയുറപ്പിക്കാനും സിപിഎമ്മിന് കഴിഞ്ഞിട്ടില്ലെന്നുള്ളതാണ് ചരിത്രപരമായ യാഥാര്‍ത്ഥ്യം.അന്യാധീനപ്പെട്ടുപോയ ആദിവാസി ഭൂമി വീണ്ടെടുക്കാന്‍ നാളിതുവരെ കഴിയാതെ പോയതിന്റെയും ആദിവാസി ഭൂമിക്കുവേണ്ടിയുള്ള ഹൈക്കോടതി വിധി നടപ്പാക്കാതെ ചവറ്റുകൊട്ടയില്‍ തള്ളിയതിന്റെയും ഉത്തരവാദിത്തത്തില്‍നിന്നും സിപിഎമ്മിന് ഒഴിഞ്ഞുമാറാനാവില്ല.

ഇച്ഛാശക്തിയും ആത്മാര്‍ത്ഥതയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുണ്ടായിരുന്നെങ്കില്‍ അന്യാധീനപ്പെട്ടുപോയ ഭൂമിമുഴുവന്‍ പിടിച്ചെടുത്ത് ആദിവാസി സഹോദരങ്ങള്‍ക്ക് കൊടുക്കാന്‍ കഴിഞ്ഞേനെ. എന്നാല്‍ അന്യാധീനപ്പെട്ട ഭൂമി ആദിവാസികള്‍ക്ക് തിരിച്ചുനല്‍കണമെന്ന ഹൈക്കോടതി വിധി മറികടക്കാന്‍ നിയമസഭ പാസ്സാക്കിയ നിയമത്തെ 140 എംഎല്‍എമാരില്‍ കെ.ആര്‍.ഗൗരിയമ്മയൊഴികെ ഇടതു വലത് മുന്നണികളിലെ എല്ലാവരും പിന്തുണച്ചിരുന്നു.സിപിഎം എംഎല്‍എ ആയിരുന്ന കവി കടമ്മനിട്ട രാമകൃഷ്ണനും ഇതില്‍പ്പെടുന്നു.ആദിവാസികളുടെ അവകാശങ്ങള്‍ക്കുവേണ്ടി ‘കാട്ടാളന്‍’ എന്ന കവിതയെഴുതിയ കടമ്മനിട്ടയുടെ ഈ നടപടി കടുത്ത വഞ്ചനയാണെന്ന് വിമര്‍ശിക്കപ്പെടുകയുണ്ടായി. ‘കാട്ടാളന്‍’എന്ന കവിത റദ്ദായിരിക്കുന്നു എന്നാണ് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് അന്ന് അഭിപ്രായപ്പെട്ടത്.

ആദിവാസി സഹോദരങ്ങള്‍ക്കുവേണ്ടി അചഞ്ചലമായ പോരാട്ടങ്ങള്‍ നടത്തുകയും അവരുടെ ക്ഷേമത്തിന് വിപുലമായ പദ്ധതികള്‍ നടപ്പാക്കുകയും ചെയ്ത അഭിമാനകരമായ ചരിത്രം ആര്‍എസ്എസിനും സഹോദര പ്രസ്ഥാനങ്ങള്‍ക്കുമുണ്ട്. അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുക്കാന്‍ ആദ്യമായി സമരരംഗത്തിറങ്ങിയത് കെ.ജി.മാരാരുടെ നേതൃത്വത്തില്‍ ആദിവാസി സംഘമാണ്. വയനാട്ടിലും അട്ടപ്പാടിയിലും ആദിവാസി ഊരുകളില്‍ വൈദ്യസഹായമെത്തിക്കുന്നതിന് ആശുപത്രികള്‍ സ്ഥാപിച്ചും മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചും മുഴുവുന്‍സമയ ക്ഷേമപ്രവര്‍ത്തകരെ നിയോഗിച്ചും ആദിവാസി ക്ഷേമപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തിവരുന്നവരെയാണ് കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ പരിരക്ഷിക്കുന്നവരാണെന്ന് പറഞ്ഞ് സിപിഎം അവഹേളിക്കുന്നത്.പശ്ചിമബംഗാളില്‍ സിംഗൂരിലും നന്ദിഗ്രാമിലും വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് കൃഷിഭൂമി തീറെഴുതിക്കൊടുത്തപ്പോള്‍ വഴിയാധാരമായ പാവപ്പെട്ട തൊഴിലാളി സഹോദരങ്ങള്‍ സിപിഎമ്മിനെതിരെ ഉജ്വലപോരാട്ടം നടത്തിയത് മറക്കാന്‍ സമയമായിട്ടില്ല.

കേരളത്തില്‍ പിന്നാക്ക ജനവിഭാഗങ്ങളുടെയും അധഃസ്ഥിതരുടെയും ഉന്നമനത്തിനുവേണ്ടി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ച ശ്രീനാരായണഗുരു, അയ്യങ്കാളി തുടങ്ങിയ മഹാത്മാക്കളാണ് കേരളത്തിന്റെ നവോത്ഥാന നായകന്മാര്‍.പാവപ്പെട്ട തൊഴിലാളികള്‍ക്ക് കൂലി കൂടുതല്‍ ലഭിക്കാനും കുട്ടികള്‍ക്ക് പഠിക്കാനുള്ള അവസരമുണ്ടാക്കാനും അക്കാലത്ത് കേരളത്തില്‍ നടത്തിയ പോരാട്ടങ്ങളാണ് ഇന്നും ജനമനസ്സില്‍ ജ്വലിച്ചുനില്‍ക്കുന്നത്.അധികാരലക്ഷ്യമോ സ്ഥാനലബ്ധിയോ ധനമോഹമോ ആ മുന്നേറ്റങ്ങള്‍ക്ക് പിന്നിലുണ്ടായിരുന്നില്ല. ആ മഹാത്മാക്കള്‍ തുടങ്ങിവെച്ച പ്രസ്ഥാനങ്ങള്‍ ഒന്നും ഇന്ന് സിപിഎമ്മിനോടൊപ്പം ഇല്ലാതെപോയത് എന്തുകൊണ്ടാണെന്ന് പിണറായി വിജയന്‍ ചിന്തിക്കണം. ചാത്തന്‍മാസ്റ്റര്‍,പി.കെ.രാഘവന്‍ തുടങ്ങിയ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ കേരള പുലയര്‍ മഹാസഭയുടെ വേദികളില്‍ തിളങ്ങിനിന്നിരുന്നു.തെരഞ്ഞെടുപ്പുകളില്‍ അവര്‍ നിശ്ചയിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പാനലില്‍ മത്സരിച്ചിരുന്നു. പി.ഗംഗാധരനെപ്പോലുള്ള കമ്മ്യൂണിസ്റ്റ് നേതാക്കള്‍ എസ്എന്‍ഡിപി യോഗത്തിന്റെ നേതൃനിരയിലുണ്ടായിരുന്നു.പല ഹിന്ദുസമുദായ സംഘടനകളുമായും പലപ്പോഴും പരോക്ഷമായിട്ടാണെങ്കില്‍പോലും ബന്ധം പുലര്‍ത്തിയിട്ടുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ന് അവരില്‍നിന്നെല്ലാം ഒറ്റപ്പെട്ടുപോയതിന്റെ കാരണം മറ്റൊന്നല്ല, പാര്‍ട്ടി ഹിന്ദുവിരുദ്ധവും പിന്നാക്ക ശത്രുവും ആയിത്തീര്‍ന്നതുതന്നെ.

അതേസമയം മതന്യൂനപക്ഷങ്ങളെ കേരള രാഷ്ട്രീയത്തിലേക്ക് സ്വീകരിച്ചാനയിച്ച് അധികാരത്തില്‍ കൊണ്ടുവരാനാണ് സിപിഎം ശ്രമിച്ചത്. 1967 ലെ സപ്തകക്ഷി മന്ത്രിസഭയില്‍ മുസ്ലിംലീഗിനെ അംഗമാക്കി.ആദ്യമായി ലീഗിന് അംഗീകാരം നേടിക്കൊടുത്തു.അതേ മന്ത്രിസഭതന്നെ തോട്ട ഉടമകള്‍ക്കും ഫ്യൂഡലിസ്റ്റ് ശക്തികള്‍ക്കും വേണ്ടതെല്ലാം കൊടുത്ത് ക്രൈസ്തവ പ്രീണനം നടത്തി. തുടര്‍ന്ന് വിദ്യാഭ്യാസ രംഗത്തും കാര്‍ഷിക വ്യവസായ വാണിജ്യവ്യാപാര രംഗത്തും മറ്റ് സാമ്പത്തികമേഖലകളിലും മതന്യൂനപക്ഷങ്ങള്‍ക്ക് മേല്‍ക്കൈ നേടിക്കൊടുത്തു.വിനാശകരമായ ഈ പ്രീണനനിലപാടാണ് ഇന്ന് കൊടുംഭീകരനായ യാക്കൂബ് മേമന്റെ വധശിക്ഷയെ എതിര്‍ക്കുന്നതില്‍വരെ എത്തിനില്‍ക്കുന്നത്.

പിന്നാക്ക ജനവിഭാഗങ്ങളുടെയും പട്ടികജാതി പട്ടികവര്‍ഗ്ഗങ്ങളുടേയും ക്ഷേമത്തിനുവേണ്ടി ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ ശുപാര്‍ശചെയ്യുന്ന വിവിധ കമ്മറ്റി-കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പിലാക്കുന്നതില്‍ യാതൊരു താല്‍പ്പര്യവും കാണിക്കാത്ത സിപിഎം പാലോളി മുഹമ്മദ് കുട്ടി കമ്മറ്റിയുടെയും സച്ചാര്‍ കമ്മീഷന്റെയും ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്ന് ശഠിക്കുന്നു.പട്ടികജാതി ലിസ്റ്റില്‍ മുസ്ലിങ്ങളെ ഉള്‍പ്പെടുത്തണമെന്ന് വാദിക്കുന്ന അവസ്ഥയിലേക്ക് പാര്‍ട്ടിയുടെ പ്രീണനരാഷ്ട്രീയം ഉയര്‍ന്നു. 250 രൂപ ലംപ്‌സം ഗ്രാന്റ് വാങ്ങി പഠിക്കുന്ന പട്ടികജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥിയുടെ അടുത്തിരിക്കുന്ന മുസ്ലിംവിദ്യാര്‍ത്ഥിക്ക് 1000 രൂപ കൊടുക്കുന്നു. ഈ അസമത്വത്തിനും നീതികേടിനുമൊപ്പം നിലകൊള്ളുന്ന പിണറായി വിജയന്‍ തങ്ങളാണ് പിന്നാക്കജനവിഭാഗങ്ങളുടെ വക്താക്കളെന്നും ബിജെപി പിന്നാക്കവിരുദ്ധരാണെന്നും പറയുന്നത് എത്ര പരിഹാസ്യമായിരിക്കുന്നു.

മതംമാറിപ്പോയ ലക്ഷക്കണക്കിനുപേരെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന രംഗനാഥ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാണ് സിപിഎമ്മിന്റെ ആവശ്യം.32ലക്ഷം ക്രൈസ്തവര്‍ ഇതുവഴി പട്ടികജാതിക്കാരായാല്‍ നാളിതുവരെ സര്‍വപീഡനങ്ങളും സഹിച്ച് ഇന്നും ഹിന്ദുക്കളായി നിലകൊള്ളുന്ന യഥാര്‍ത്ഥ പട്ടികജാതിക്കാരുടെ സ്ഥിതിയെന്താകും? ഇവരുടെ കാര്യം എന്തുകൊണ്ട് സിപിഎം ചിന്തിക്കുന്നില്ല? മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെപ്പറ്റി മാത്രം വലിയവായില്‍ ഒച്ചവെച്ചാല്‍ പോരാ സച്ചാര്‍, പാലോളി, രംഗനാഥ മിശ്ര തുടങ്ങിയ കമ്മീഷനുകളുടെയും കമ്മറ്റികളുടെയും റിപ്പോര്‍ട്ടുകളുടെ കാര്യത്തിലും ശബ്ദം ഉയര്‍ത്താത്തത് എന്തുകൊണ്ട്? അത് പിന്നാക്ക ജനവിഭാഗങ്ങളുടെ പ്രശ്‌നമായതുകൊണ്ടല്ലേ?

(തുടരും)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.