നേരിടുന്നത് മാധ്യമ വിചാരണയെന്ന് സുഷമാ സ്വരാജ്

Thursday 6 August 2015 10:48 pm IST

ന്യൂദല്‍ഹി: താന്‍ നേരിടുന്നത് മാധ്യമ വിചാരണയാണെന്ന് കേന്ദ്രവിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പറഞ്ഞു. ലളിത് മോദിയുടെ വിഷയത്തില്‍ ക്യാന്‍സര്‍ ബാധിതയായ ഒരു സ്ത്രീയുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചത് കുറ്റമാണെങ്കില്‍ രാജ്യം നല്‍കുന്ന ഏതു ശിക്ഷയും ഏറ്റുവാങ്ങാന്‍ സജ്ജമാണെന്നും സുഷമാ സ്വരാജ് ലോക്‌സഭയില്‍ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു. അത്യന്തം വൈകാരികമായി സംസാരിച്ച വിദേശകാര്യമന്ത്രി, ഇതേ സാഹചര്യം നേരിടുന്നത് സോണിയാഗാന്ധിയായിരുന്നെങ്കില്‍ എന്തു തീരുമാനം എടുക്കുമായിരുന്നെന്നും ചോദിച്ചു. പ്രതിപക്ഷത്തിന്റെ സഭാബഹിഷ്‌ക്കരണത്തിനിടെയായിരുന്നു ലോക്‌സഭയില്‍ സുഷമാ സ്വരാജിന്റെ പ്രസ്താവന. പ്രതിപക്ഷം സഭയില്‍ ഇല്ലാത്ത സാഹചര്യം മുതലെടുക്കുകയല്ലെന്ന് വ്യക്തമാക്കിയ സുഷമാ സ്വരാജ്, സഭാ സമ്മേളനത്തിന്റെ ആദ്യദിനം മുതല്‍ പ്രസ്താവനയ്ക്ക് സജ്ജമായിരുന്നെന്നും ബഹളം കാരണം അവസരം നിഷേധിക്കപ്പെട്ടെന്നും പറഞ്ഞു. ജൂലൈ 21 മുതല്‍ വിശദീകരണം നല്‍കാന്‍ കാത്തിരിക്കുകയാണ്. അടിസ്ഥാനമില്ലാത്തതും അസത്യകരവുമായ പ്രചരണമാണ് പ്രതിപക്ഷം നടത്തിയത്. ലളിത് മോദിക്ക് യാത്രാരേഖ നല്‍കണമെന്ന ശുപാര്‍ശ ബ്രിട്ടീഷ് സര്‍ക്കാരിന് നല്‍കിയിട്ടില്ല. ആ രാജ്യത്തെ ചട്ടങ്ങള്‍ അനുസരിച്ച് യാത്രാ രേഖ നല്‍കിയാല്‍ ഭാരത-ബ്രിട്ടന്‍ ബന്ധത്തില്‍ യാതൊന്നും സംഭവിക്കില്ലെന്നാണ് അറിയിച്ചത്. ക്യാന്‍സര്‍ ബാധിച്ച ഒരു സ്ത്രീയ്ക്കുവേണ്ടി ഇത്തരത്തിലുള്ള അപേക്ഷ ലഭിച്ചിരുന്നെങ്കില്‍ സ്പീക്കറായാലും സോണിയാഗാന്ധിയായായും മറിച്ചൊരു തീരുമാനം സ്വീകരിക്കില്ലായിരുന്നു, സുഷമാ സ്വരാജ് പറഞ്ഞു. ലളിത് മോദി വിഷയത്തില്‍ തനിക്ക് നീതി ലഭിച്ചിട്ടില്ല. ബ്രിട്ടീഷ് സര്‍ക്കാര്‍ അവരുടെ നിയമം അനുസരിച്ച് മോദിക്ക് യാത്രാനുമതി നല്‍കിയതിനാണ് പഴി കേള്‍ക്കേണ്ടിവന്നത്. എക്കണോമിക് ടൈംസിന് നല്‍കിയ മറുപടിയില്‍ ബ്രിട്ടണ്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്. ഇക്കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷം ഭയക്കുകയാണ്. തനിക്കെതിരായി ഉന്നയിക്കുന്ന ആരോപണങ്ങള്‍ തെളിയിക്കാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിക്കുകയാണെന്നും സുഷമാ സ്വരാജ് പറഞ്ഞു. ക്യാന്‍സര്‍ ചികിത്സയുടെ ഭാഗമായുള്ള സര്‍ജറിക്കായി ലളിത് മോദി എത്തണമെന്ന് നിഷ്‌കര്‍ഷിക്കുന്ന പോര്‍ച്ചുഗല്‍ ആരോഗ്യവിദഗ്ധന്റെ കത്തും സുഷമാ സ്വരാജ് സഭയില്‍ ഹാജരാക്കി. 17 വര്‍ഷമായി പത്തോളം സര്‍ജറികള്‍ക്ക് വിധേയമായ ലളിത് മോദിയുടെ ഭാര്യയെ സഹായിച്ചത് കുറ്റമായി തോന്നിയിട്ടില്ലെന്നും സ്വന്തം രാജ്യത്തെ പൗരയെ സഹായിക്കുക വിദേശകാര്യമന്ത്രിയുടെ ജോലിയാണെന്നും സുഷമ വ്യക്തമാക്കി. പ്രതിപക്ഷ ബഹിഷ്‌ക്കരണം തുടര്‍ന്നതോടെ ലോക്‌സഭ ഇന്നലെ സമാധാനപൂര്‍വ്വം നടന്നു. കോണ്‍ഗ്രസ് അംഗങ്ങള്‍ പാര്‍ലമെന്റിന് പുറത്ത് ധര്‍ണ്ണ നടത്തി പിരിഞ്ഞു. രാജ്യസഭയില്‍ പ്രതിപക്ഷാംഗങ്ങള്‍ അനാവശ്യ വിഷയങ്ങളുന്നയിച്ച് പ്രതിഷേധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.