പാറമട ദുരന്തം: അന്വേഷണം പെരുവഴിയില്‍

Thursday 6 August 2015 11:38 pm IST

കൊച്ചി: തിരുവാങ്കുളത്തിനടുത്ത് ശാസ്താംമുകളില്‍ പാറമടയിലേക്ക് കാര്‍ വീണ് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം പെരുവഴിയില്‍. ഏറെ ദുരൂഹതയുള്ള  അപകടത്തെക്കുറിച്ച് അപകടം നടന്നിട്ട് അഞ്ച് ദിവസമായിട്ടും ഒരു നിഗമനത്തില്‍ എത്തിച്ചേരാന്‍ പോലീസിനായിട്ടില്ല. ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് തൊടുപുഴ മൈലക്കാട്ട് ആദിത്യയില്‍ വി. വി. വിജു, ഭാര്യ ഷീബ, മക്കളായ മീനാക്ഷി, സൂര്യ എന്നിവര്‍ പാറമടയില്‍ കാര്‍ വീണ് മരിച്ചത്. പല ദുരൂഹതകളാണ് ഉള്ളത്. പ്രധാനമായും അപകടം നടന്ന സ്ഥലത്തേക്ക് ദേശീയപാതയില്‍ നിന്നും കാര്‍ ഇറങ്ങേണ്ട സാഹചര്യമില്ല. അപകടം നടന്ന പാറമട ദേശീയപാതയില്‍ നിന്നും 30 മീറ്റര്‍ അകലെയാണ്. പ്രധാനവീഥിയില്‍ നിന്നും മാറി സഞ്ചരിച്ച് ഇടറോഡിലൂടെയാണ് വാഹനം മടയിേലക്ക് വീണത്. ഇക്കാര്യമാണ് നാട്ടുകാരുടെ സംശയത്തിന് ഇടനല്‍കിയത്. ഇതിനിടെ ആത്മഹത്യയായിരിക്കുമെന്ന് ചിലര്‍ പറയുന്നു. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടില്ലാത്ത, ഏറെ സന്തോഷത്തോടെ കഴിഞ്ഞിരുന്ന വിജുവിന്റെ കുടുംബത്തിന് ആത്മഹത്യ ചെയ്യേണ്ട കാര്യമില്ലെന്നാണ് ബന്ധുക്കളും വിജുവിന്റെ സുഹൃത്തുക്കളും പറയുന്നത്. ഭാര്യയെയും കുട്ടികളെയും ഏറെ സ്‌നേഹിച്ചിരുന്ന വിജു സ്വന്തം വാഹനത്തില്‍ കുടുംബവുമൊത്ത് ദീര്‍ഘദൂരയാത്രകള്‍ നടത്തുന്നത് പതിവാണെന്ന് ബന്ധുക്കള്‍ പറയുന്നു. എറണാകുളത്ത് തന്നെ നിരവധി തവണ യാത്രപോയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഡ്രൈവിംഗിന്റെ  പരിചയക്കുറവും ഇല്ല. വാഹനത്തിന്റെ ബ്രേക്ക് പോയതാണെങ്കില്‍ ഇടിച്ച് നിര്‍ത്താന്‍ റോഡരികില്‍ ക്രാഷ് ബാരിയേഴ്‌സുണ്ട്്. റോഡരികില്‍ കാര്‍ ഒരു സ്ഥലത്തും ഉരസിയ പാടുപോലും ഇല്ല. കാര്‍ നേരെ പാറമടയിലേക്ക് ഓടിച്ചിറക്കിയതുപോലെ തോന്നും വിധമാണ് അപകടം. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നത് രണ്ട് കാര്യങ്ങള്‍ കേന്ദ്രീകരിച്ചാണ്. ഒന്ന് അപകടത്തിന് പിന്നില്‍ ആത്മഹത്യയായിരുന്നോ അല്ലെങ്കില്‍ യാദൃശ്ഛികമായി ഉണ്ടായ അപകടമാണോ എന്നതാണ്. ആത്മഹത്യയാേണായെന്ന കാര്യത്തെക്കുറിച്ച് വിജുവിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയതില്‍ ആത്മഹത്യക്കുള്ള സാധ്യത ഒരു ശതമാനം പോലുമില്ലെന്നാണ് ലഭിച്ച വിവരം. എട്ടുവര്‍ഷം മുമ്പ് ഒരു അപകടത്തില്‍ വിജുവിന് ഗുരുതരമായ പരിക്കേറ്റിരുന്നു. അപകടത്തെത്തുടര്‍ന്ന് വിജുവിന്റെ ഒരു വശം തളര്‍ന്നുപോയിരുന്നു. പിന്നീട് സുഖംപ്രാപിച്ച ഇയാള്‍ വളരെ സന്തോഷവാനായിരുന്നുവെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. എന്നിരുന്നാലും വാട്ടര്‍ അതോറിറ്റിയില്‍ എഞ്ചിനീയറായിരുന്ന വിജുവിന് ജോലി സംബന്ധമായ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. മറ്റാരുടെയെങ്കിലും കരങ്ങള്‍ ഈ അപകടത്തിന് പിന്നിലുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.