പ്രധാനമന്ത്രിക്കെതിരെ വീണ്ടും എസ്എഫ്‌ഐ മാഗസിന്‍

Friday 7 August 2015 12:39 am IST

തൃശൂര്‍:  നരേന്ദ്ര മോദിക്കെതിരെ വീണ്ടും എസ്എഫ്‌ഐ മാഗസിന്‍. രാജ്യത്തെ ക്രിമിനലുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ പത്ത് പേരുടെ പട്ടികയ്ക്ക് ഒപ്പമാണ് പ്രധാനമന്ത്രിയെ ചേര്‍ത്ത് അപമാനിക്കാന്‍ ശ്രമിച്ചത്. തൃശൂര്‍ എംടിഐയിലാണ് എസ്എഫ്‌ഐ ഇത്തരമൊരു മാസിക പുറത്തിറക്കിയത്. കോളജ് മാഗസീന്‍ അച്ചടിക്കാന്‍ പ്രസ് അധികൃതര്‍ക്ക് നല്‍കിയെങ്കിലും പ്രധാനമന്ത്രിയെ രാജ്യദ്രോഹിയായി ചിത്രീകരിക്കുന്ന പുസ്തകം അച്ചടിച്ച് നല്‍കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയതോടെ എസ്എഫ്‌ഐ സംഘം പുസ്തകത്തിന്റെ ഫോട്ടോ സ്റ്റാറ്റ് കോപ്പിയെടുത്ത് 'പുറംമോടി' എന്ന പേരില്‍ കോളേജിന് പുറത്ത് വെച്ച് പ്രകാശനം ചെയ്യുകയായിരുന്നു. കോളേജ് അധികൃതരുടെ അംഗികാരമില്ലാതെയാണ് പ്രകാശനം നടത്തിയത്. മോദിയ്ക്ക് എതിരായ പരാമര്‍ശമുള്ള  മാഗസീനാണ് പുറത്തിറക്കുന്നതെന്ന് അറിഞ്ഞ് എബിവിപി പ്രവര്‍ത്തകരും രംഗത്ത് എത്തിയിരുന്നു, ഇതിനിടെ മാഗസിന്റെ 300 കോപ്പി അടിച്ചതിന് ശേഷമാണ് പ്രസുടമ ചിത്രവും പരാമര്‍ശവും കണ്ടതെന്ന് പറയുന്നു. ഇതേത്തുര്‍ന്നാണ് അച്ചടി നിര്‍ത്തിവെച്ചതെന്നും പറയുന്നുണ്ട്. മോദിയെ ക്രിമിനലുകളുടെ പട്ടികയില്‍പ്പെടുത്തി ഗൂഗിള്‍ പ്രസിദ്ധീകരിച്ചിരുന്ന ചിത്രം ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് വിദ്യാര്‍ഥി യൂണിയന്‍. മാഗസിനില്‍ മുഴുവന്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് എതിരെയുള്ള ലേഖനങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്ന് പറയുന്നു. സംഭവത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ലോകം മുഴുവന്‍ ആരാധിക്കുന്ന നരേന്ദ്രമോദിയെ പൊതു സമൂഹത്തിന് മുന്നില്‍ അവഹേളിക്കാനുള്ള എസ്എഫ്‌ഐയുടെ ഗൂഢ നീക്കം അപലപനീയമാണെന്നും ഇവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും എബിവിപി ആവശ്യപ്പെട്ടു. ഐഎസ് ഭീകര്‍ക്കും, അല്‍ഖ്വെയ്ദയ്ക്കും എസ്എഫ്‌ഐക്കും ഒരേ ശബ്ദമായി മാറിയിരിക്കുകയാണെന്ന് എബിവിപി കുറ്റപ്പെടുത്തി. ഇത്തരം മാഗസിനുകള്‍ തയ്യാറാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എബിവിപി ജില്ലാ സമിതി ആവശ്യപ്പെട്ടു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കുന്നംകുളം പോളിടെക്‌നിക്കിലും മോദി വിരുദ്ധ മാഗസിന്‍ പുറത്തിറക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.