ജലപ്പൂരം നാളെ . . .

Friday 7 August 2015 3:36 pm IST

ആലപ്പുഴ: ജലരാജാവ് ആരെന്നറിയാന്‍ ഇനി ഒരുദിനം മാത്രം. ജലമേളകളുടെ മേളയായ നെഹ്‌റു ട്രോഫി ജലോത്സവത്തിനുള്ള എല്ലാ ഒരുക്കളും പൂര്‍ത്തിയായി. നാളെ രാവിലെ 10മണിയോടെ പുന്നമടയിലെ ഓളപ്പരപ്പില്‍ വീറുറ്റ പോരാട്ടങ്ങള്‍ അരങ്ങേറും. ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളോടെയാണ് ജലമേളയ്ക്ക് തുടക്കമാകുക. ഉച്ചയ്ക്ക് രണ്ടു മണിയോടെ ഉദ്ഘാടന സമ്മേളനം നടക്കും. കൃത്യം 2.30 തന്നെ മാസ് ഡ്രില്ലും തുടര്‍ന്ന് ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളും നടക്കും. അതിനുശേഷം ചെറുവള്ളങ്ങളുടെ ഫൈനലും ജലരാജാവ് ആരെന്നറിയാനുള്ള ചുണ്ടന്‍ വള്ളങ്ങളുടെ ഫൈനല്‍ മത്സരവും അരങ്ങേറും. സമയക്രമം പാലിച്ചു തന്നെ മത്സരം നടത്താനാവുമെന്ന പ്രതീക്ഷയാണ് സംഘാടകര്‍ക്കുള്ളത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി യാണ് ജലോത്സവം ഉദ്ഘാടനം ചെയ്യുന്നത്. ചൈനീസ് അംബാസിഡര്‍ മുഖ്യാതിഥിയാകും. സംസ്ഥാന മന്ത്രിമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കോംപ്ലിമെന്ററി പാസില്ലാത്ത ജലമേളയാണ് ഇത്തവണത്തേതെന്നതും പ്രത്യേകതയാണ്. ആഴ്ചകള്‍ നീണ്ട പരിശീലനത്തിനുശേഷം ചുണ്ടന്‍വള്ളങ്ങള്‍ക്കും ചെറുവള്ളങ്ങള്‍ക്കും ഇന്ന് വിശ്രമ ദിവസമാണ്. വള്ളങ്ങളുടെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കുന്നതും കുതിച്ചു പായാനുള്ള മിനുക്കുപണികള്‍ നടത്തുന്നതും ഇന്നാണ്. നാളെ പുലര്‍ച്ചെ ക്ഷേത്രങ്ങളിലും പള്ളികളിലും ദര്‍ശനം നടത്തി ഒരു നാടിന്റെ മുഴുവന്‍ പ്രാര്‍ത്ഥനയും ഏറ്റുവാങ്ങി വള്ളങ്ങള്‍ പുന്നമടയിലേക്ക് പുറപ്പെടും. സുരക്ഷയ്ക്കായി മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ സേവനവും ആലപ്പുഴ: നെഹ്‌റു ട്രോഫി ജലോത്സവത്തില്‍ അതിക്രമങ്ങള്‍ തടയുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ സേവനവും ഇത്തവണ ഉണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി സുരേഷ്‌കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കന്നത്. രണ്ടായിരത്തോളം പോലീസുകാരുടെ സേവനം ഉണ്ടാകും. സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി ഷാഡോ പോലീസ് ഉദ്യോഗസ്ഥരെയും സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെയും നിയമിച്ചു. ഇന്നലെ വള്ളങ്ങളുടെ ക്യാപ്റ്റന്മാരുടെ യോഗം വിളിച്ചുകൂട്ടി. നിയമാവലി അനുസരിക്കാത്ത ക്ലബ്ബുകള്‍ക്കെതിരെയും തുഴച്ചില്‍ക്കാര്‍ക്കെതിരെയും കര്‍ശന നിയമ നടപടി സ്വീകരിക്കും. വള്ളം കളി നടക്കുന്ന സമയം ട്രാക്കില്‍ പ്രവേശിക്കാന്‍ ആരെയും അനുവദിക്കില്ല. പാസില്ലാത്ത ആരെയും പ്രദേശത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. നാളെ രാവിലെ 8നുശേഷം ഓഫീഷ്യല്‍സിന്റേതല്ലാത്ത ബോട്ടുകളും സ്പീഡ് ബോട്ടുകളും വള്ളങ്ങളും ട്രാക്കില്‍ പ്രവേശിക്കരുത്. വള്ളംകളി കാണാന്‍ ബോട്ടിലെത്തുന്നവര്‍ രാവിലെ 10നകം എത്തിച്ചേരണം. 10നുശേഷം ഡിടിപിസി ജെട്ടി മുതല്‍ പുന്നമട കായലിലേക്കും തിരിച്ചും ബോട്ടു സര്‍വ്വീസ് അനുവദിക്കില്ല. നഗരത്തില്‍ രാവിലെ 9 മുതല്‍ വാഹന ഗതാഗത നിയന്ത്രണം ഉണ്ടാകും. അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനായി ഏഴ് ആംബുലന്‍സുകള്‍ തയ്യാറാക്കി നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. ഡിവൈഎസ്പി ലാല്‍ജി പത്രസമ്മേളനത്തില്‍ പങ്കെടുത്തു. പ്രദര്‍ശനപര്യടനത്തിന് ചെങ്ങന്നൂരിലും കോട്ടയത്തും സ്വീകരണം ആലപ്പുഴ: ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സഹകരണത്തോടെ നെഹ്‌റു ട്രോഫി ജലോത്സവ പ്രചാരണ സമിതി നടത്തുന്ന പ്രദര്‍ശനം ചെങ്ങന്നൂരിലും കോട്ടയം ജില്ലയിലും പര്യടനം നടത്തി. കോട്ടയം ജില്ലയിലെ പര്യടനം തിരുനക്കര ഗാന്ധിപ്രതിമയ്ക്കു സമീപം നഗരസഭാധ്യക്ഷന്‍ കെ.ആര്‍.ജി. വാര്യര്‍ ഉദ്ഘാടനം ചെയ്തു. കോട്ടയം, കുമരകം, വൈക്കം എന്നിവിടങ്ങളില്‍ പ്രദര്‍ശനപര്യടനത്തിന് സ്വീകരണം ലഭിച്ചു. പണ്ഡിറ്റ്ജി ഒപ്പിട്ട പ്രസിദ്ധമായ നെഹ്‌റു ട്രോഫി, ജലോത്സവത്തിന്റെ ചരിത്രം രേഖപ്പെടുത്തിയ ഫോട്ടോ- വീഡിയോ പ്രദര്‍ശനം, നാടകാചാര്യന്‍ കാവാലം നാരായണപ്പണിക്കര്‍ രചിച്ച ഉണര്‍ത്തുപാട്ട് എന്നിവ പരിപാടിയുടെ സവിശേഷതകളാണ്. വിവിധ കാലങ്ങളിലെ നെഹ്രുട്രോഫി ജലമേളയുടെ 75 ഓളം ഫോട്ടോകള്‍ ഉള്‍പ്പെടുത്തി. 7ന് എറണാകുളം ജില്ലയിലെ സ്ഥലങ്ങളിലും ആലപ്പുഴയുടെ വടക്കന്‍ മേഖലയിലും പര്യടനം നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.