ആലപ്പുഴ: ശ്രീനാരായണ ഗുരുദേവന് 1904ല്‍ സ്ഥാപിച്ച ആലുവ അദ്വൈതാശ്രമത്തിന്റെ ശതാബ്ദി ആഘോഷ സമാപനം 11 മുതല്‍ 17 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് ആശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ പത്രസമ്മേളനത്തില്‍ അറിയിച്ചു. 15ന് രാവിലെ 11ന് മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്യും. ശിവഗിരിമഠം ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അദ്ധ്യക്ഷത വഹിക്കും.
പ്രൊഫ. എം.കെ. സാനു മുഖ്യപ്രഭാഷണം നടത്തും. സ്വാമി പരാനന്ദ, ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന് തുടങ്ങിയവര്‍ സംസാരിക്കും.
ഉച്ചയ്ക്ക് 2.30ന് വ്യാവസായിക വികസനം ഗുരുദര്‍ശനത്തില്‍ എന്ന വിഷയത്തില്‍ സമ്മേളനം മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഉദ്ഘാടനം ചെയ്യും. കേരള വെറ്ററിനറി സര്‍വ്വകലാശാലാ ഡോ. ബി. അശോക് മുഖ്യപ്രഭാഷണം നടത്തും.
16ന് രാവിലെ 10ന് സമ്മേളനം തോമസ് ഐസക് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ടി.പി. ശ്രീനിവാസന് മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 2ന് മാധ്യമസെമിനാര്‍ മന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്യും.
17ന് രാവിലെ 12.22ന് ശ്രീനാരായണഗുരുവിന്റെ പഞ്ചലോഹവിഗ്രഹപ്രതിഷ്ഠ നടക്കും. ഉച്ചയ്ക്ക് 2ന് ശതാബ്ദി സമാപന സമ്മേളനവും ഗുരുമന്ദിരസമര്പ്പണവും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്യും. മന്ത്രി രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരിക്കും. ഗോകുലം ഗോപാലന് ഗുരുമന്ദിര മണ്ഡപ സമര്‍പ്പണം നിര്‍വ്വഹിക്കും. അദ്വൈതാശ്രമത്തില്‍ സ്ഥാപിക്കാനുള്ള പഞ്ചലോഹവിഗ്രഹവുമായുള്ള ഘോഷയാത്ര 11ന് ശിവഗിരിമഠത്തില്‍ നിന്നും പുറപ്പെടും. വിവിധ ജില്ലകളില്‍ വിഗ്രഹഘോഷയാത്രയ്ക്ക് സ്വീകരണങ്ങള്‍ നല്‍കും.
സ്വാഗതസംഘം വൈസ് ചെയര്മാന് കെ.കെ. പുഷ്പാംഗതന്, ഘോഷയാത്ര ക്യാപ്റ്റന്‍ സൗത്ത് ഇന്ത്യന്‍ വിനോദ്, ജനറല്‍ കണ്‍വീനര്‍ എം. മനോഹരന്, ബി. രാജു തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: