കോണ്‍ഗ്രസുമായി കൂടിക്കൊള്ളൂ, ഇല്ലെങ്കില്‍ സിപിഎമ്മിന് കേരളവും നഷ്ടപ്പെടും: ആര്‍എസ്പി

Friday 7 August 2015 8:14 pm IST

കൊല്ലം: സിപിഎമ്മിന് നേരെ കണക്കില്ലാത്ത വിമര്‍ശനവുമായി ആര്‍എസ്പിയുടെ കരട് രാഷ്ട്രീയപ്രമേയം. ഇടതുമുന്നണിയില്‍ ഭാഗമായതുമുതല്‍ മുന്നണിവിടുന്ന സാഹചര്യം വരെ വിവരിക്കാന്‍ 48 പേജുള്ള പ്രമേയരേഖയില്‍ പകുതിയോളം പേജുകളാണ് മാറ്റിവച്ചിരിക്കുന്നത്. സംസ്ഥാനത്ത് സിപിഎം വളരുന്നത് മുന്നണിയിലുള്ള മറ്റ് പാര്‍ട്ടികളുടെ വളര്‍ച്ച ശിഥിലമാക്കിക്കൊണ്ടാണ്. ദേശീയതലത്തില്‍ സിപിഎമ്മിന് കോണ്‍ഗ്രസുമായി ബാന്ധവമുണ്ട്. ഒന്നാം യുപിഎ കാലത്ത് സിപിഎം-കോണ്‍ഗ്രസ് ഒത്തുകളി പലപ്പോഴും മറ്റ് ഇടതുപാര്‍ട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. സിപിഎമ്മിന്റെ ധാര്‍ഷ്ട്യവും അഹങ്കാരവും പ്രകടിപ്പിക്കുന്ന നിരവധി സംഭവങ്ങളില്‍ കര്‍ഷകതൊഴിലാളികളെ വെടിവച്ചുകൊന്ന സിംഗൂരും നന്ദിഗ്രാമും വിമര്‍ശനവിധേയമായതാണ്. 31-ാം പേജില്‍ ഇടതുപക്ഷ ഐക്യവും മുന്നണിരാഷ്ട്രീയവും എന്ന തലക്കെട്ടില്‍ നല്‍കിയ വിവരണത്തിലാണ് ഇങ്ങനെ പറയുന്നത്. ഡാങ്കെയും സുര്‍ജിത്തും കോണ്‍ഗ്രസുമായി പുലര്‍ത്തിയ ബന്ധം പരസ്യമാണ്. പാര്‍ട്ടിയുടെ നിലപാടുകളില്‍ നിന്ന് വ്യതിചലിച്ച് മുന്നണിയെ ശാക്തീകരിക്കാനായി സിപിഎമ്മിന്റെ ഏകപക്ഷീയമായ തീരുമാനങ്ങളോട് ആര്‍എസ്പിക്ക് യോജിക്കേണ്ടിവന്നു. 13, 14 ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ഇടതുപാര്‍ട്ടികള്‍ പിന്നോട്ടായി. പാര്‍ലമെന്ററി ജനാധിപത്യം ഹനിച്ച് വഴിവിട്ട നേട്ടം കൊയ്യാന്‍ സിപിഎം കാണിച്ച പ്രവര്‍ത്തനവൈകല്യമാണ് കാരണം. ഇത്തരത്തിലുള്ള വികലമായ നിലപാടുകള്‍ മൂലം തകര്‍ക്കാനാകാത്ത സ്വാധീനമുണ്ടെന്ന് വിശ്വസിച്ച പശ്ചിമബംഗാളില്‍ പോലും സിപിഎമ്മിന്റെ അടിത്തറയിളകി. സിപിഎമ്മിന്റെ ഈ ഗതികേട് കേരളത്തിലും ത്രിപുരയിലും ആസന്നമാണെന്നും പ്രമേയം മുന്നറിയിപ്പ് നല്‍കുന്നു. സിപിഎമ്മിന്റെ നിരന്തമായ ഇടതുപക്ഷവിരുദ്ധ നിലപാടുകളും മര്യാദകേടുമാണ് ആര്‍എസ്പിയെ യുഡിഎഫിലെത്തിച്ചതെന്നും പ്രമേയം വ്യക്തമാക്കുന്നു. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇടതുപാര്‍ട്ടികള്‍ക്ക് യുവാക്കളെ ആകര്‍ഷിക്കാനാകുന്നില്ല. നവമാധ്യമങ്ങളിലൂടെ അതിവേഗം പ്രചരിക്കുന്ന കമ്യൂണിസ്റ്റുവിരുദ്ധ വാര്‍ത്തകള്‍ യുവാക്കളെ സ്വാധീനിക്കുന്നു. എന്തിനെയും ഏതിനെയും എതിര്‍ക്കുകയും യുക്തിരഹിതമായ സമരങ്ങള്‍ നടത്തുകയും മൂലം കാലഹരണപ്പെട്ട പാര്‍ട്ടിയെന്ന ലേബല്‍ വളര്‍ന്നു. വ്യക്തികേന്ദ്രീകൃതമായ ചിന്തകള്‍ യുവാക്കളില്‍ കൂടിയതിന്റെയും ആഗോളവത്കരണത്തിന്റെ ഫലമായി കമ്മ്യൂണിസ്റ്റ് ഭരണമാതൃകയില്ലാതായതുമാണ് പ്രധാനകാരണം. പ്രമേയം തുടര്‍രുന്നു. യുഡിഎഫില്‍ ചേരാനുള്ള സാഹചര്യം എന്ന തലക്കെട്ടില്‍ 37 മുതല്‍ 42 വരെ പേജുകളില്‍ മുന്നണിമാറ്റവും രേഖപ്പെടുത്തുന്നു. ആര്‍എസ്പിയെ എല്ലാവിധത്തിലും ഒതുക്കാനായിരുന്നു സിപിഎമ്മിന്റെ ശ്രമം. ഒരുഘട്ടത്തില്‍ പാര്‍ട്ടിയുടെ ഹൃദയം എന്നു വിശേഷിപ്പിക്കുന്ന കൊല്ലം സീറ്റ് തന്നില്ലെങ്കില്‍ മലപ്പുറം ഒഴികെ ഏതു സീറ്റും സ്വീകാര്യമാണെന്ന നിലപാട് പുലര്‍ത്തിയിരുന്നു. എന്നാല്‍ ഒന്നുംതരാതെ പാര്‍ട്ടിയുടെ അഭിമാനം ചോദ്യംചെയ്യുകയായിരുന്നു സിപിഎം.പ്രമേയത്തില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.