സേതുബന്ധന ചിന്തകള്‍

Friday 7 August 2015 8:35 pm IST

ശരണാഗതനെ സ്വീകരിച്ച് ആശ്രയം നല്‍കുന്ന ധര്‍മ്മം മാത്രമല്ല ശ്രീരാമന്‍ നിര്‍വ്വഹിക്കുന്നത്.വിഭീഷണനെ ലങ്കാധിപതിയായി അഭിഷേകവും ചെയ്യുന്നു. ഇതുവഴി രാവണന്‍ ഇല്ലാതായാലും ലങ്കയില്‍ അരാജകത്വം ഉണ്ടാവില്ല. എന്ന് ലങ്കാനിവാസികള്‍ക്ക് ഉറപ്പു നല്‍കുന്നു. ലങ്ക കീഴടങ്ങിയാലും അയോദ്ധ്യയുടെ ഒരു ഉപ നിവേശമായി അതിനെമാറ്റില്ല. എന്ന ഉറപ്പും അതോടൊപ്പം നല്‍കുന്നു. എന്നും മറ്റു രാജ്യങ്ങളിലിടപെടേണ്ടി വരുമ്പോള്‍ അവിടെ ഒരു മിത്രഭരണകൂടം സ്ഥാപിക്കാനാണ് പ്രബല രാഷഷ്ട്രങ്ങള്‍ ശ്രമിക്കുന്നത്; അതു കൈയടക്കാനല്ല. രാമായണകാല നയതന്ത്ര തത്വങ്ങള്‍തന്നെയാണ് ഇന്നും കാണപ്പെടുന്നത് എന്നു സാരം. ശുകനെന്ന ദൂതനെ പെട്ടെന്നു തിരിച്ചയക്കാത്തതിന്നു രണ്ടു കാരണം ചിന്തിക്കാവുന്നതാണ്. ഒന്ന്, ഇനി മൂന്നു നാലു ദിവസത്തിനുള്ളില്‍ സമുദ്രലംഘനത്തിനുള്ളമാര്‍ഗം തേടിയശേഷം അയച്ചാല്‍ ആവാര്‍ത്തയും കൂടികേട്ട് രാവണന് ഭയമുണ്ടാവും. രണ്ട്, തന്റെ സൈന്യവിവരങ്ങള്‍ ശത്രു സമയത്തിനുമുന്‍പേ അറിയേണ്ട എന്ന രണ കൗശലം. സുഗ്രീവനും രാമനും തമ്മില്‍ വിടവുണ്ടാക്കാനും അവരുടെ മനോ ബലം ഇല്ലാതാക്കാനും ശുകന്‍ വഴി രാവണനും ശ്രമിക്കുന്നുണ്ട.് എന്നാല്‍ മരണമടുത്തവന്റെ രക്ഷോപായങ്ങളൊന്നും ഏശുകയില്ല എന്നതിന്നാല്‍ അതുഫലിക്കുന്നില്ല. രാജാവിന് പേര് ചാരചക്ഷു എന്നാണ്. എന്നാല്‍ രാവണന്റെ ചാരന്‍ രാമന്റെ പ്രശംസകനായാണ് മടങ്ങുന്നത്. കൂടെയുണ്ടായിരുന്നമറ്റൊരു ചാരനാണെങ്കില്‍ ശുകന്‍ തടവിലായി എന്നല്ലാതെ യുദ്ധോപയോഗിയായ ഒരു വിവരവും കൊണ്ടുവരുന്നില്ലതാനും. സമുദ്രത്തോട് അഭ്യര്‍ത്ഥന ചെയ്ത് മൂന്നു ദിനം നിരാഹാര വ്രതം അനുഷ്ഠിച്ചിട്ടും ഒരു ഫലവുമില്ല എന്നുകണ്ട് ശ്രീരാമന്‍ സമുദ്രത്തെ ഒന്നു വിരട്ടിക്കളയാന്‍ തീരുമാനിച്ചു. പിന്നീട് സമുദ്രത്തിന്റെ ഉപദേശം കേട്ട് സേതുബന്ധനത്തിന്റെമാര്‍ഗ്ഗം സ്വീകരിക്കുന്നു. ഇവിടെ രാമായണത്തിലൂടെ വാല്മീകിയും എഴുത്തച്ഛനും നല്‍കുന്നത് ബൃഹത്തായ പ്രകൃതി സംരക്ഷണ പാഠമാണ്. സമുദ്രം എന്നത് ഒരു വിശേഷപ്പെട്ട ജൈവിക അസ്തിത്വമുള്ള പ്രകൃതി ഘടകമാണ്. വളരെ ലോലവും സങ്കീര്‍ണ്ണവുമായ സന്തുലനം വഴി അത് കോടിക്കണക്കിനു ജീവികള്‍ക്ക് ആവാസീയ വ്യവസ്ഥ ഒരുക്കുന്നു. മനുഷ്യനെ സംബന്ധിച്ചിടത്തോളം യുദ്ധം വ്യാപാരം എന്നിവക്കുവേണ്ടിയാണ് മുനുഷ്യന്‍ സമുദ്രം കടക്കുന്നത്. അങ്ങനെ ചെയ്യേണ്ടി വരുമ്പോള്‍ സമുദ്രത്തിനു യാതൊരുവിധ കേടുംവരുവത്താതെ അതു ചെയ്യമമെന്നതാണ് രാമായണത്തിന്റെ ഉപദേശം. ഇന്നു ലോകത്തുള്ള വ്യവസായങ്ങള്‍ മൂലവും ഗതാഗതം മൂലവും സമുദ്രത്തില്‍ കോടിക്കണക്കിനു ടണ്‍ വസ്തുക്കളാണ് ഉപേക്ഷിക്കപ്പെടുന്നത്. സമുദ്രമെന്നത് തങ്ങളുടെ കൂടെ നിലനില്‍പ്പിന് അത്യാവശ്യമുള്ള ഒരു പ്രകൃതി വ്യവസ്ഥയാണ് എന്ന സത്യം നാം മറക്കുന്നു. നമുക്കു മഴ ലഭിക്കുന്നത് സമുദ്രം മൂലമാണ്. നദികളിലൂടെയും നേരിട്ടും സമുദ്രത്തില്‍ മാലിന്യങ്ങള്‍ എത്തുമ്പോള്‍ സമുദ്രത്തിലുള്ള നിരവധികോടിയായ നമ്മുടെ സഹജീവികളുടെ ജീവിതം നരകമാവുന്നു. ഇക്കാര്യങ്ങളെല്ലാം നാം പരിഗണിക്കണമെന്ന് കവി ഈസന്ദര്‍ഭത്തില്‍ ഓര്‍മ്മിപ്പിക്കുന്നു. രാമബാണം ഉന്നം പിഴക്കാറില്ലെന്നും ഒരിക്കല്‍ തൊടുത്താല്‍ പിന്നെ ഫലം കാണാതെ ആവനാഴിയിലേക്കു തിരിച്ചു പോവില്ലെന്നും രാമായണത്തില്‍ സമുദ്രലംഘനത്തിനു മുന്‍പും സുഗ്രീവ സഖ്യസമയത്തും പരാമര്‍ശമുണ്ട്. ഇതു രണ്ടുപ്രാവശ്യം പറയുന്നത് അതിലേക്ക് പ്രത്യേക ശ്രദ്ധ ക്ഷണിക്കാനാണല്ലോ? രാമകാര്യത്തിന്റെ ഭാഗമായി നിശ്ചയിക്കപ്പെടുന്ന ചെറുകാര്യങ്ങള്‍ ലക്ഷ്യം കാണുമെന്നും കാണാവുന്നതും കാണപ്പെടാത്തതുമായ നിരവധി സ്വാധീനങ്ങള്‍ അവയ്ക്കുണ്ടെന്നുമാണ് ഇതിന്റെ വിശാലമായ അര്‍ത്ഥം. നേരേചൊവ്വേയുള്ള അര്‍ത്ഥം അമ്പെയ്യലാണെങ്കിലും വ്യാപകാര്‍ത്ഥം ആസൂത്രണങ്ങളാണ്. ഏറ്റവും കുറവുപരിസ്ഥിതി ആഘാതമുള്ള മാര്‍ഗമാണ് കല്ലുകളുപയോഗിച്ച് സേതു ബന്ധനം നടത്തുകഎന്നുള്ളത്. ഇതു തീരുമാനിക്കപ്പെട്ടപ്പോഴാണ് നള, നീലന്മാര്‍ ഇക്കാര്യത്തില്‍ വിശ്വകര്‍മ്മാവിന്റെ പുത്രന്മാരാണെന്നും, വലിയ വിദഗ്ധന്മാരുമാണെന്നുമുള്ളത് അറിയാവുണ്ടാകുന്നത്. സന്ദര്‍ഭം വരുമ്പോഴേ ഓരോരുത്തരുടേയും കഴിവുകല്‍ മാറ്റുരയ്ക്കപ്പെടുകയുള്ളൂ. സേതുബന്ധനം എന്നത് ഇന്നു....... ഒരു സാങ്കേതിക വിജയമാണ്.വാല്മീകി രാമായണത്തില്‍ ''യന്ത്രങ്ങളില്‍ കൊണ്ടു വരപ്പെട്ടു'' എന്നാണ്് നിര്‍മ്മാണസാമഗ്രി എത്തിച്ചതിനെ പറ്റി എഴുതിയിരിക്കുന്നത്. എഴുത്തച്ഛന്‍ ചുമടായികൊണ്ടുവന്നു എന്നേ പറയുന്നുള്ളൂ. ഭ ാരതത്തില്‍ ചിലരംഗങ്ങളില്‍ കാലം മുന്നേറിയപ്പോള്‍, സാങ്കേതിക വിദ്യ കീഴ്‌പ്പോട്ടാണ് സഞ്ചരിച്ചതെന്നു കാണുന്നു. ശിവ പൂജ നടത്തി രാമേശ്വരത്ത് പൂജയും നടത്തി. ആ രാമേശ്വരം ഇന്നും നാലു ധാമങ്ങളിലൊന്നായി ആദ്ധ്യാത്മികലോകത്ത് ഒരു ചരിത്ര സ്മാരകമായി നിലനില്‍ക്കുന്നു. രാമസേതു എന്നത് കാല്പനികമാണെന്നു പറഞ്ഞിരുന്നവര്‍ക്ക് സ്വാമി വിവേകാന്ദന്‍കൊടുത്ത മറുപടി ഇന്നും'' വേലിയറക്കസമയത്ത് ശ്രീലങ്ക വരെ ആളുകള്‍ നടന്നു പോകുന്നുണ്ട് എന്നായിരുന്നു. ഈ ആധുനിക കാലത്ത് അമേരിക്കന്‍ ബഹിരാകാശ ഗവേഷണകേന്ദ്രം എടുത്ത ഉപഗ്രഹ ചിത്രത്തില്‍ രാമസേതു വളരെ സ്പഷ്ടമായി കാണപ്പെട്ടു. കോറല്‍ മല യെന്നു പറഞ്ഞ് അതു തകര്‍ക്കാനുള്ള ഗൂഢാലോചന ചിലരാഷ്ട്രീയ ശക്തികള്‍ നടത്തി. ബഹുജന സമരവും കോടതി വിധിയും കാരണം അതു നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. അല്ലെങ്കില്‍ 'ആസേതു ഹിമാചലം'എന്ന ഭാരതത്തിന്റെ നിര്‍വ്വചനംതന്നെ മാറ്റിക്കുറിക്കേണ്ടിവന്നേനെ. നേരത്തേ ചിന്തിച്ചതു പോലെ ശുകാസുരനെ കെട്ടഴിച്ചുവിട്ട് 'ഞങ്ങളെത്തി എന്ന് രാവണനോട് പറ'എന്ന സന്ദേശവുമായ് പറഞ്ഞയച്ചു. ശത്രുവിന്റെ ദൂതനെ തന്റെസന്ദേശമയക്കാന്‍ നിശ്ചയിക്കുന്നത് അയാളില്‍ പൂര്‍ണ്ണമായ മനം മാറ്റം ഉണ്ടെന്നു ബോദ്ധ്യമായിട്ടാണ്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.